Supreme Court
Supreme Court  
INDIA

അനാദരവ് അരുത്, മണിപ്പൂരില്‍ മൃതദേഹങ്ങള്‍ മാന്യമായി സംസ്‌കരിക്കണം: സുപ്രീംകോടതി

വെബ് ഡെസ്ക്

മണിപ്പൂര്‍ വംശീയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ തിരിച്ചറിയാത്തതും ബന്ധുക്കള്‍ ഏറ്റെടുക്കാത്തതുമായ മൃതദേഹങ്ങള്‍ മാന്യമായി സംസ്‌കരിക്കണമെന്ന് മണിപ്പൂര്‍ സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം. ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ മണിപ്പൂര്‍ ചീഫ് സെക്രട്ടറിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം. മൃതദേഹങ്ങള്‍ അനിശ്ചിതകാലത്തേക്ക് മോര്‍ച്ചറികളില്‍ സൂക്ഷിക്കുന്നത് ശരിയല്ലെന്ന് ജസ്റ്റിസുമാരായ ജെ ബി പര്‍ദീവാല, മനോജ് മിശ്ര എന്നിവര്‍ കൂടി ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.

തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ വിവരങ്ങള്‍ യഥാക്രമം ബന്ധുക്കളെ അറിയിക്കണമെന്നും അന്ത്യകര്‍മ്മങ്ങള്‍ മാന്യമായും സമുദായ ആചാരങ്ങള്‍ പാലിച്ചും നടത്തണമെന്നും കോടതി ഉത്തരവിട്ടു. ക്രിമിനല്‍ കേസുകളില്‍ അന്വേഷണം നടക്കുന്നതിനാല്‍, സംസ്‌കാരം നടത്തുന്നതിന് മുന്‍പ് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍, സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 9 ശ്മശാനങ്ങളില്‍ എവിടെ വേണമെങ്കിലും തടസമില്ലാതെ സംസ്‌കരിക്കന്‍ ബന്ധുക്കള്‍ക്ക് അവസരമൊരുക്കണമെന്നും കോടതി ഉത്തരവിട്ടു. ഈ 9 സ്ഥലങ്ങള്‍ എവിടെയൊക്കെയാണെന്ന് തിങ്കളാഴ്ചയ്ക്ക് മുന്‍പ് കുടുംബങ്ങളെ അറിയിക്കണം. മൃതദേഹങ്ങള്‍ സാമുദായികാചാര പ്രകാരം സംസ്‌കരിക്കാന്‍ അവസരമുണ്ടെന്ന് ഏറ്റെടുക്കാന്‍ തയാറാകാത്ത കുടുംബങ്ങളെയും അറിയിക്കണമെന്ന് സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു. സംസ്‌കാര ചടങ്ങുകള്‍ സമാധാനപൂര്‍ണമായി നടത്താനുള്ള നടപടികള്‍ പോലീസ് മേധാവിയും ജില്ലാ കലക്ടര്‍മാരും സ്വകരിക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു.

'നഷ്ടപരിഹാരം വാങ്ങാന്‍ സംഘടനകള്‍ സമ്മതിക്കുന്നില്ല'

അതേസമയം, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ നഷ്ടപരിഹാരം സ്വീകരിക്കുന്നതില്‍ സംഘടനകള്‍ ഇടപെടുന്നത് തടയണമെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി ആവശ്യപ്പെട്ടതായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്തുലക്ഷം രൂപ 38 കുടുംബങ്ങള്‍ നിഷേധിച്ചെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സമിതി അറിയിച്ചിരുന്നു.

ജമ്മു കശ്മീര്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഗീത മിട്ടലിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 'നഷ്ടപരിഹാരം സ്വീകരിക്കുന്നതില്‍ നിന്ന് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സിവില്‍ സൊസൈറ്റി സംഘടനകള്‍ ഇടപെട്ട് തടസ്സപ്പെടുത്തുന്നത് നിരോധിക്കണം' എന്നാണ് ഒക്ടോബര്‍ 21ന് സമര്‍പ്പിച്ച 14മത് റിപ്പോര്‍ട്ടില്‍ സമിതി ആവശ്യപ്പെട്ടത്. ഡിസംബര്‍ നാലിന് കേസ് വീണ്ടും പരിഗണിക്കും.

കലാപത്തില്‍ 175പേര്‍ കൊല്ലപ്പെട്ടു എന്നാണ് സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 169 പേരെ തിരിച്ചറിഞ്ഞു. 81 മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ ഏറ്റുവാങ്ങി. 88 മൃതദേഹങ്ങള്‍ ആരും ഏറ്റെടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരിച്ചറിഞ്ഞ കേസുകളില്‍ 73പേരുടെ കുടുംബങ്ങള്‍ക്കാണ് നേരിട്ട് ധനസഹായം പ്രഖ്യാപിച്ചത്. ബാക്കിയുള്ള 96 കേസുകളില്‍ 58 പേരുടെ വെരിഫിക്കേഷന്‍ നടപടിള്‍ പുരോഗമിക്കുകയാണ് എന്നും സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐ ടി എല്‍ എഫ്, ജെ പി ഒ, കെ ഐ എം എന്നീ സംഘടനകളുടെ ഇടപെടല്‍ കാരണമാണ് ഈ കുടുംബങ്ങള്‍ ധനസഹായം വേണ്ടെന്ന് വെച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ പതിമൂന്നു കുടുംബങ്ങള്‍ ചുരാചന്ദ്പുര്‍, ഇംഫാല്‍ വെസ്റ്റ് ജില്ലകളില്‍ നിന്നാണ്. ഒന്‍പത് കുടുംബങ്ങള്‍ കംപോകിയില്‍ നിന്നും മൂന്നു കുടുംബങ്ങള്‍ തെംഗനോപാലില്‍ നിന്നുമാണ്. മണിപ്പൂര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്തുലക്ഷം രൂപ ധനസഹായത്തില്‍, പകുതി തുക സംസ്ഥാന സര്‍ക്കാരും ബാക്കി കേന്ദ്ര സര്‍ക്കാരുമാണ് നല്‍കുന്നത്.

ഈ പ്രസംഗങ്ങള്‍ തെളിവ്; ഹിന്ദു-മുസ്ലീമെന്ന് മോദി പറഞ്ഞിട്ടുണ്ട്, നിരവധി തവണ

കോവാക്‌സിനും 'പ്രശ്‌നക്കാരന്‍'; മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലം, കൂടുതല്‍ രോഗങ്ങള്‍ കൗമാരക്കാരയ പെണ്‍കുട്ടികളില്‍

പാര്‍ട്ടി നടപടി വൈകി; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ ഡല്‍ഹി പോലീസിന് പരാതി നല്‍കി സ്വാതി മലിവാള്‍

ഏറ്റവും സാധാരണയായി കണ്ടുവരുന്ന നാലക്ക പിന്നുകള്‍; മാറ്റിയാല്‍ ഒഴിവാക്കാം സൈബർ ആക്രമണം

അന്ന് ഇന്ത്യ ലോകത്തോട് പറഞ്ഞു; 'കണ്ടോ ഞങ്ങടെ ഛേത്രിയെ...'