INDIA

പട്ടികജാതി-വർഗ സംവരണത്തില്‍ സംസ്ഥാന സർക്കാരുകള്‍ക്ക് ഉപസംവരണം ഏർപ്പെടുത്താമോ? സുപ്രീം കോടതി വാദം കേള്‍ക്കല്‍ തുടങ്ങി

വെബ് ഡെസ്ക്

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളുടെ സംവരണത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉപസംവരണം ഏര്‍പ്പെടുത്താമോയെന്ന ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ വാദം കേള്‍ക്കല്‍ ആരംഭിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടങ്ങുന്ന ഏഴംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, വിക്രം നാഥ്, ബേല എം ത്രിവേദി, പങ്കജ് മിത്തല്‍, മനോജ് മിശ്ര, സതീശ് ചന്ദ്ര മിശ്ര തുടങ്ങിയവര്‍ ഉള്‍പ്പെട്ട ബെഞ്ച് 23 ഹര്‍ജികളാണ് പരിശോധിക്കുന്നത്.

സര്‍ക്കാര്‍ ജോലികളില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് മാറ്റിവച്ച സംവരണത്തിന്റെ 50 ശതമാനം വാല്‍മീകി, മസാബി സിഖ് എന്നീ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന തരത്തില്‍ 2006-ല്‍ പഞ്ചാബ് നിയമസഭ പാസാക്കിയ നിയമം ചോദ്യംചെയ്തുള്ള ഹര്‍ജികളാണ് ബെഞ്ച് പരിഗണിക്കുന്നത്. ഈ ബില്ലിനെതിരായ പഞ്ചാബ്, ഹരിയാന കോടതികളിലെ 2010ലെ വിധിയെ ചോദ്യം ചെയ്ത് കൊണ്ട് പഞ്ചാബ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്.

വാല്‍മീകികള്‍ക്കും മസാബി സിഖുകാര്‍ക്കും 50 ശതമാനം എസ്‌സി സംവരണം നല്‍കുന്ന നിയമത്തിലെ അനുച്ഛേദം 4(5) ഹൈക്കോടതി റദ്ദാക്കിയിരുന്നു. 50 ശതമാനം ഉപസംവരണം ഭരണഘടനാ വിരുദ്ധമാണെന്നും, 2004ലെ ഇവി ചിന്നൈയും ആന്ധപ്രദേശ് സര്‍ക്കാരും തമ്മിലുള്ള കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച സുപ്രധാന വിധിയുടെ ലംഘനമാണിതെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഈ അനുച്ഛേദം റദ്ദാക്കിയത്.

പട്ടികജാതി വിഭാഗങ്ങളിലെ ഉപസംവരണം ഭരണഘടനയിലെ വകുപ്പ് 14 (തുല്യതയ്ക്കുള്ള അവകാശം) ലംഘിക്കുന്നതാണെന്നായിരുന്നു 2004ലെ വിധി. കൂടാതെ ഭരണഘടനയിലെ വകുപ്പ് 341 പ്രകാരം രാഷ്ട്രപതിയുടെ പട്ടികയില്‍ നിന്നും പട്ടികജാതിയില്‍പ്പെട്ടവരെ നീക്കം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനല്ല, പാര്‍ലമെന്റിന് മാത്രമേ അധികാരമുള്ളുവെന്നും സുപ്രീംകോടതി വിധിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതിയുടെ വിധി തങ്ങള്‍ക്ക് ബാധകമല്ലെന്നു ചൂണ്ടിക്കാട്ടി 2011ല്‍ പഞ്ചാബ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

2020 ഓഗസ്റ്റ് 27ന് പഞ്ചാബ് സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ച അന്നത്തെ ചീഫ് ജസ്റ്റിസ് അരുണ്‍ മിശ്രയടങ്ങുന്ന അഞ്ചംഗ ബെഞ്ച് 2004ലെ വിധിയില്‍ നിന്ന് വിയോജിക്കുകയും ഏഴംഗ ഭരണഘടനാ ബെഞ്ചിലേക്ക് ഹര്‍ജി മാറ്റിവെക്കുകയുമായിരുന്നു.

നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 22.5ശതമാനം സീറ്റുകള്‍ പട്ടികജാതി വിഭാഗങ്ങള്‍ക്കും 7.5 ശതമാനം പട്ടികവിഭാഗങ്ങള്‍ക്കുമാണ് സംവരണം ചെയ്ത് നല്‍കിയിട്ടുള്ളത്. സര്‍ക്കാര്‍ ജോലികളുടെ കാര്യത്തിലും സമാന രീതിയിലാണ് സംവരണം നടത്തുന്നത്. എന്നാല്‍ പഞ്ചാബ്, ഹരിയാന മുതലായ സംസ്ഥാനങ്ങളില്‍ പട്ടികജാതി വിഭാഗങ്ങളില്ല.

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

വെസ്റ്റ്ഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി; പ്രീമിയര്‍ ലീഗ് കിരീടത്തില്‍ നാലാം മുത്തം

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും