INDIA

കേന്ദ്രത്തിന് വൻ തിരിച്ചടി; ഫാക്ട് ചെക്ക് യൂണിറ്റ് നിയമനം സ്റ്റേ ചെയ്ത് സുപ്രീംകോടതി

വെബ് ഡെസ്ക്

സർക്കാരുമായി ബന്ധപ്പെട്ട തെറ്റായാതോ 'തെറ്റിദ്ധരിപ്പിക്കുന്നതോ' ആയ ഉള്ളടക്കങ്ങളെ തിരിച്ചറിയാൻ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് യൂണിറ്റിനെ നിയോഗിക്കാൻ അനുവാദം നൽകിയ കേന്ദ്ര സർക്കാർ വിജ്ഞാപനം റദ്ദാക്കി സുപ്രീം കോടതി. ഗുരുതരമായ ഭരണഘടനാ ചോദ്യങ്ങൾ ഉൾപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിജ്ഞാപനം റദ്ദാക്കിയത്. അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണിതെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കേന്ദ്രത്തിനെതിരായ ഓണ്‍ലൈന്‍ വാര്‍ത്തകളുടെ വസ്തുതാ പരിശോധനയ്ക്ക് 2023-ലെ ഭേദഗതിചെയ്ത ഐ ടി ചട്ടങ്ങള്‍ പ്രകാരം അനുമതി നല്‍കുന്ന വ്യവസ്ഥയ്ക്ക് എതിരായ ഹർജികൾ ബോംബൈ ഹൈക്കോടതിയുടെ പരിഗണയിലാണ്.

വിവര സാങ്കേതിക ചട്ടം ഭേദഗതി ചെയ്താണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ കീഴിൽ ഫാക്ട് ചെക്ക് യൂണിറ്റ് രൂപീകരിക്കാൻ കേന്ദ്രം വിജ്ഞാപനം ചെയ്തത്. വിജ്ഞാപനം പുറത്തിറക്കി 24 മണിക്കൂറിനകമാണ് സുപ്രീം കോടതി വിജ്ഞാപനം സ്റ്റേ ചെയ്തത്.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. യൂണിറ്റ് രുപീകരിക്കുന്നതിൽ നിന്ന് കേന്ദ്രത്തെ വിലക്കണമെന്നാവശ്യപ്പെട്ട് സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ കുനാൽ കമ്രയും എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയും ബോംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ബോംബെ ഹൈക്കോടതിയിൽ ഇതുമായി ബന്ധപ്പെട്ടുള്ള കേസിൽ അന്തിമതീർപ്പുണ്ടാകുന്നതുവരെയാണ് സുപ്രീം കോടതി സ്റ്റേ ഏർപ്പെടുത്തിയിരിക്കുന്നത്.

കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വാർത്തകളോ ഉള്ളടക്കമോ സർക്കാരിന്റെ കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി ) വ്യാജമെന്ന് മുദ്ര കുത്തിയാൽ ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകൾ അവ നീക്കം ചെയ്യേണ്ടി വരുന്ന തരത്തിലായിരുന്നു ഫാക്ട് ചെക്ക് യൂണിറ്റിന്റെ പ്രവർത്തനം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കേന്ദ്രത്തിന്റെ നീക്കം വലിയ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു.

ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങള്‍ ഭരണഘടനപരമായി ഗൗരവമേറിയ വിഷയങ്ങളാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളെ തടയാനാണ് ഇത്തരമൊരു ഫാക്ട് ചെക്ക് യൂണിറ്റിന് കേന്ദ്രം നടത്തിയതെന്നാണ് പ്രധാന ആക്ഷേപം.

അശ്ലീലം, ആൾമാറാട്ടം അടക്കം എട്ടു തരം ഉള്ളടക്കം നീക്കം ചെയ്യാനുള്ള പരാതികളിൽ സമൂഹമാധ്യമ കമ്പനികൾ നടപടിയെടുക്കേണ്ട സമയം 72 മണിക്കൂറാണ്. ചട്ടഭേദഗതിക്കെതിരെ ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റി (ഐഎൻഎസ്) അടക്കം രംഗത്തുവന്നിരുന്നു.

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

വെസ്റ്റ്ഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി; പ്രീമിയര്‍ ലീഗ് കിരീടത്തില്‍ നാലാം മുത്തം

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും