INDIA

സിറപ്പുകൾ ഗുരുതരമായ ആരോഗ്യ ഭീഷണി ഉയർത്തുന്നു; ഇന്ത്യക്കും ഇന്തോനേഷ്യക്കും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

വെബ് ഡെസ്ക്

ഇന്ത്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള 20ഓളം സിറപ്പുകൾ വിഷാംശം കലർന്നതാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ലോകമെമ്പാടും 300 ഓളം മരണത്തിന് കാരണമായ കഫ്‌ സിറപ്പുകളെ കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ അന്വേഷണത്തിലാണ് ഇരു രാജ്യങ്ങളിൽ നിന്നുമുള്ള 20 ഓളം മരുന്നുകൾ ആളുകളുടെ ജീവൻ നഷ്ടമാകുന്നതിന് ഇടയാക്കുന്നതായി കണ്ടെത്തൽ. എന്നാൽ ഈ 20 സിറപ്പുകളും 15 വ്യത്യസ്ത കമ്പനികൾ നിർമിച്ചതാണെന്ന് ലോകാരോഗ്യ സംഘടന വക്താവ് ക്രിസ്റ്റ്യൻ ലിൻഡ്‌മെയർ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ചുമയ്ക്കുള്ള മരുന്നുകൾ, പാരസെറ്റമോൾ, വിറ്റാമിൻ തുടങ്ങി എല്ലാ മരുന്നുകളും സിറപ്പുകളാണ്. ആരോഗ്യ പ്രശനങ്ങൾ ഉണ്ടാകുന്നതായി മുൻപ് കണ്ടെത്തിയ 15 സിറപ്പുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇവയിൽ നാലെണ്ണം ഹരിയാന ആസ്ഥാനമായുള്ള മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമിച്ചതും, രണ്ടെണ്ണം നോയിഡ ആസ്ഥാനമായുള്ള മരിയോൺ ബയോടെകും ഒരെണ്ണം പഞ്ചാബ് ആസ്ഥാനമായുള്ള ക്യുപി ഫാർമകെം നിർമിച്ചതുമാണ്. ബാക്കിയുള്ളവയെല്ലാം ഇന്തോനേഷ്യയിൽ നിർമിച്ചതാണ്.

വിവിധ രാജ്യങ്ങളിൽ അപകട ഭീഷണി ഉയർത്തുന്ന സിറപ്പുകളെ കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ അറിയാമെന്നും എന്നാൽ അതുമായി ബന്ധപ്പെട്ട് പട്ടിക വിപുലീകരിച്ചിട്ടില്ലെന്നും ലിൻഡ്‌മെയർ പറഞ്ഞു. ഏതെങ്കിലും മരുന്ന് ആരോഗ്യ ഭീഷണി ഉയർത്തുന്നതായി മതിയായ തെളിവുകൾ ഉള്ളപ്പോൾ മാത്രമാണ് ലോകാരോഗ്യ സംഘടന ഇത്തരം മുന്നറിയിപ്പുകൾ നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഗാംബിയയിലെയും ഉസ്‌ബെക്കിസ്ഥാനിലെയും 15 മരുന്നുകളിൽ ഇതിനകം ലോകാരോഗ്യ സംഘടന മെഡിക്കല്‍ അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യൻ നിർമിത കഫ് സിറപ്പുകൾ കഴിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം കുറഞ്ഞത് 88 പേരാണ് ഗാംബിയയിൽ മരിച്ചത്. 200 ലധികം കുട്ടികളുടെ മരണത്തിനിടയാക്കിയ ആഭ്യന്തരമായി വിൽക്കുന്ന സിറപ്പുകളെ കുറിച്ച് ഇന്തോനേഷ്യയിലും ജാഗ്രതാ നിർദേശം നൽകിയിരുന്നു. ഈ വർഷം ജൂണിൽ ലൈബീരിയയിൽ ഒരു പാരസെറ്റമോൾ സിറപ്പിൽ ഡൈതലീൻ ഗ്ലൈക്കോൾ കലർന്നതായി കണ്ടെത്തിയതിനെ തുടർന്ന് നൈജീരിയൻ ഡ്രഗ് കൺട്രോളർ മുന്നറിയിപ്പ് നൽകിയിരുന്നു. മുംബൈ ആസ്ഥാനമായുള്ള കമ്പനിയായിരുന്നു സിറപ്പ് നിർമിച്ചത്.

മറ്റ് രാജ്യങ്ങൾ ഇന്ത്യൻ നിർമിത സിറപ്പുകൾക്ക് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് കയറ്റുമതിക്ക് മുൻപായി പരിശോധന നടത്താനുള്ള സംവിധാനം കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്നു. മേയിൽ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം രാജ്യത്തെ നാല് സെൻട്രൽ ഡ്രഗ് ടെസ്റ്റിങ് ലബോറട്ടറികളിൽ നിന്നോ രണ്ട് റീജിയണൽ ടെസ്റ്റിങ് ലബോറട്ടറികളിൽ നിന്നോ എൻഎബിഎൽ അംഗീകൃത സ്റ്റേറ്റ് ടെസ്റ്റിങ് ലബോറട്ടറികളിൽ നിന്നോ 'ഗുണനിലവാര പരിശോധന സർട്ടിഫിക്കറ്റ്' ലഭിക്കുന്ന ചുമ സിറപ്പുകൾ മാത്രമേ കയറ്റുമതി അനുവദിക്കാവൂ എന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമിക്കുന്ന ഗുണനിലവാരമില്ലാത്ത സിറപ്പുകൾക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയപ്പോഴാണ് ആദ്യ സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഗാംബിയയിൽ 70 കുട്ടികളാണ് ഈ സിറപ്പ് ഉപയോഗിച്ചതിനെ തുടർന്ന് മരിച്ചത്. നോയിഡ ആസ്ഥാനമായുള്ള മാരിയോൺ ബയോടെക് നിർമിച്ച രണ്ട് സിറപ്പുകൾ ഉപയോഗിച്ച് വൃക്ക തകരാറിലായതിനെ തുടർന്ന് 18 കുട്ടികളാണ് ഉസ്ബെക്കിസ്ഥാനിൽ മരിച്ചത്. ഇന്തോനേഷ്യയിൽ പലതരത്തിലുള്ള 8 സിറപ്പുകൾ കുടിച്ചതിനെ തുടർന്ന് 200 ഓളം കുട്ടികളാണ് മരിച്ചത്.

തുടർന്ന്, മൈക്രോനേഷ്യയിലും മാർഷൽ ദ്വീപുകളിലും കണ്ടെത്തിയ വിഷാംശം കലർന്ന സിറപ്പുകൾക്ക് ഓസ്‌ട്രേലിയൻ ഡ്രഗ് റെഗുലേറ്റർ മുന്നറിയിപ്പ് നൽകി. പഞ്ചാബ് ആസ്ഥാനമായുള്ള ക്യുപി ഫാർമക്കെമാണ് മരുന്നുകൾ നിർമിച്ചത്. എന്നാൽ ഈ രാജ്യങ്ങളിലേക്ക് തങ്ങളുടെ സിറപ്പ് കയറ്റുമതി ചെയ്തിട്ടില്ലെന്ന് കമ്പനി നേരത്തെ പറഞ്ഞിരുന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

കോവാക്‌സിന് പാര്‍ശ്വഫലം: ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട് തള്ളി ഐസിഎംആര്‍, പിന്‍വലിക്കണമെന്ന് ആവശ്യം

ബിജെപിക്ക് എട്ടു തവണ വോട്ടുരേഖപ്പെടുത്തി യുവാവ്, വീഡിയോ വൈറലായതോടെ അറസ്റ്റ്; നടപടി, റീ പോളിങ്ങിന് നിർദേശം

ഇറാൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനി ആര്? ഭരണഘടനയിലെ നിർദേശങ്ങൾ ഇങ്ങനെ, താത്കാലിക പ്രസിഡന്‍റായി മുഹമ്മദ് മൊഖ്ബർ

ഇബ്രാഹിം റെ‌യ്‌സി: വിടവാങ്ങിയത് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയ മതപണ്ഡിതന്‍

IPL 2024| ആശങ്കയായി തോൽവിഭാരം; എലിമിനേറ്റർ അതിജീവിക്കാന്‍ സഞ്ജുവിനും സംഘത്തിനുമാകുമോ? കാത്തിരിക്കുന്നത് ബെംഗളൂരു