INDIA

'എനിക്ക് ഒന്നും മറയ്ക്കാനില്ല'; ആപ്പിളിന്റെ സുരക്ഷാ സന്ദേശത്തിൽ പ്രധാനമന്ത്രിക്ക് സീതാറാം യെച്ചൂരിയുടെ കത്ത്

വെബ് ഡെസ്ക്

ആപ്പിളിൽ നിന്ന് സുരക്ഷാ സന്ദേശം ലഭിച്ചതിനെ തുടർന്ന് പ്രധാനമന്ത്രിക്ക് കത്തയച്ച് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി. പൗരന്മാരെ നിരീക്ഷിക്കുന്ന രാജ്യം ജനാധിപത്യവിരുദ്ധമാണെന്നാണ് യെച്ചൂരി കത്തിൽ പറയുന്നത്. മൊബൈൽ ഫോണുകളിലേക്ക് സൂക്ഷ്മമായി ഇടപെടാൻ ഭരണകൂടത്തിന് സാധിക്കുമ്പോൾ, തെളിവുകൾ കൃത്രിമമായി അതിൽ സ്ഥാപിച്ച് തങ്ങൾക്കെതിരെ കേസുകൾ എടുക്കാൻ സാധിക്കുമെന്നും യെച്ചൂരി പറയുന്നു.

യെച്ചൂരിയെ കൂടാതെ ശിവസേന എം പി പ്രിയങ്ക ചതുർവേദി, തൃണമൂൽ കോൺഗ്രസ് എം പി മഹുവ മൊയ്ത്ര, ആം ആദ്മി പാർട്ടി എം പി രാഘവ് ചദ്ദ, കോൺഗ്രസ് എം പി ശശി തരൂർ, കോൺഗ്രസിന്റെ മാധ്യമ വിഭാഗം തലവൻ പവൻ ഖേര ഉൾപ്പെടെയുള്ളവർക്കാണ് ''ഭരണകൂട പിന്തുണയോടെ നിങ്ങളുടെ മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെ''ന്ന ആപ്പിളിന്റെ സന്ദേശം ലഭിച്ചിത്.

നിലവിൽ അറിയിച്ചിരിക്കുന്ന സുരക്ഷാ ഭീഷണി ഏതെങ്കിലും പ്രത്യേക ഭരണകൂടത്തെ കുറിച്ചുള്ളതല്ലെന്നും, ഈ സന്ദേശം അയക്കാനിടയായ കാരണം വെളിപ്പെടുത്തനാകില്ലെന്നും ആപ്പിൾ പിന്നീട് അറിയിച്ചു. ചിലപ്പോൾ ചില സുരക്ഷാ സന്ദേശങ്ങൾ തെറ്റാൻ സാധ്യതയുണ്ടെന്നും ആപ്പിൾ പറയുന്നു.

എന്റെ ഇ മെയിൽ ഹാക്ക് ചെയ്താൽ കിട്ടുന്ന വിവരം എന്തായിരിക്കുമെന്ന് എനിക്കറിയാം. കൂടുതൽ ചരിത്രം മനസ്സിലാക്കാനോ, കുറച്ച് കൂടി നന്നായി ഇംഗ്ലീഷ് പഠിക്കാനോ അതവർക്ക് ഉപകാരപ്പെടുമായിരിക്കും
സീതാറാം യെച്ചുരി

ഈ സുരക്ഷാ ഭീഷണി ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശം ലംഘിക്കുന്നതാണെന്നും, പൗരന്മാരെ നിരീക്ഷണത്തിലാക്കുന്ന രാഷ്ട്രം ജനാധിപത്യ വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. "എന്റെ പ്രവർത്തനങ്ങൾ ഒരു തുറന്ന പുസ്തകമാണ്. ഞാൻ ഉപയോഗിക്കുന്ന മൊബൈൽ ഫോണിലേക്ക് ഭരണകൂടം കടന്നുകയറാൻ ശ്രമിക്കുന്നു എന്ന് പറഞ്ഞാൽ, തനിക്കെതിരെ ഇലക്ട്രോണിക് തെളിവുകൾ നിർമ്മിച്ച് കേസിൽ പെടുത്തുകയാണ് ഉദ്ദേശം" യെച്ചൂരി പറയുന്നു. താങ്കളുടെ നിയന്ത്രണത്തിലുള്ള സർക്കാർ ഏജൻസികളുടെ പ്രവർത്തനങ്ങളിൽ നിന്നും അത്തരത്തിലൊരു ശ്രമം ന്യായമായും സംശയിക്കാവുന്നതാണ് എന്നും പ്രധാനമന്ത്രി മോദിക്കെഴുതിയ കത്തിൽ സീതാറാം യെച്ചൂരി പറയുന്നു.

ഭരണഘടന ഉയർത്തിപ്പിടിക്കാൻ ബാധ്യതപ്പെട്ട വ്യക്തിയാണ് പ്രധാനമന്ത്രി. എന്നാൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ഭാഗത്ത് നിന്നും ജനാധിപത്യം തകർക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് ഉണ്ടാകുന്നത്. ഈ വിഷയത്തിൽ താങ്കളുടെ പ്രതികരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും യെച്ചൂരി പ്രധാനമന്ത്രിക്കെഴുതി.

സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി തന്നെ ആവർത്തിച്ച് പറഞ്ഞ ഒരു രാജ്യത്ത് മോദി സർക്കാർ മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്തുകൊണ്ട് സ്വകാര്യതയിലേക്ക് കടന്നു കയറുന്ന സർക്കാരായി മാറുകയാണെന്നും യെച്ചൂരി പറയുന്നു. "എനിക്ക് ഒന്നും മറയ്ക്കാനില്ല. അവർ എന്റെ ഇ മെയിൽ ഹാക്ക് ചെയ്താൽ കിട്ടുന്ന വിവരം എന്തായിരിക്കുമെന്ന് എനിക്കറിയാം. കൂടുതൽ ചരിത്രം മനസ്സിലാക്കാനോ, കുറച്ച് കൂടി നന്നായി ഇംഗ്ലീഷ് പഠിക്കാനോ അതവർക്ക് ഉപകാരപ്പെടുമായിരിക്കും."- യെച്ചൂരി കത്തിൽ പറയുന്നു. ആപ്പിളിൽ നിന്ന് വന്ന സന്ദേശത്തിന്റെ പകർപ്പും യെച്ചൂരി കത്തിനൊപ്പം പ്രധാനമന്ത്രിക്കയച്ചു.

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി