KERALA

കെ ഫോൺ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി; സ്വന്തമായി ഇന്റർനെറ്റ് സംവിധാനമുള്ള ആദ്യ സംസ്ഥാനമായി കേരളം

ദ ഫോർത്ത് - തിരുവനന്തപുരം

കെഫോൺ പദ്ധതി നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 1600 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 2105 വീടുകളിലാണ് കണക്ഷൻ നൽകിയത്. സർക്കാരിന്റെ ജനകീയ ബദലാണ് കെ ഫോണെന്ന് ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ മറുപടി.

9000 ത്തിൽ അധികം വീടുകളിൽ കെ ഫോണിനായി കേബിൾ വലിച്ചു. 17,412സർക്കാർ ഓഫീസുകളിലും കണക്ഷൻ നൽകി. സംസ്ഥാനത്തെ മുഴുവനാളുകൾക്കും കെ ഫോൺ സേവനം ഉടൻ ലഭ്യമാക്കുമെന്നും രാജ്യത്ത് ഇന്റർനെറ്റ് ജനങ്ങളുടെ അവകാശമായി നടപ്പാക്കിയ ഏക സംസ്ഥാനം കേരളമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ആദ്യഘട്ടം പൂർത്തിയാക്കുമ്പോൾ 14000 നിർധന കുടുംബങ്ങൾക്ക് സൗജന്യമായും 30,000 സർക്കാർ സ്ഥാപനങ്ങളിലും കെ ഫോൺ സേവനം ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ടെലികോം മേഖലയിലെ കോർപ്പറേറ്റ് ശക്തികൾക്ക് ബദലാണ് കെ ഫോൺ. ഇവരുടെ ചൂഷണത്തിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് പദ്ധതി നടപ്പാക്കിയതെന്നും ഇവരെക്കാൾ കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ കെ ഫോണിന് സാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്താണോ ജനങ്ങൾക്ക് വാഗ്ദാനമായി നൽകുന്നത് അത് സർക്കാർ ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിന്ന പ്രതിപക്ഷത്തെ മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. കെ ഫോൺ ജനങ്ങളെ കൊഞ്ഞനം കുത്തുന്ന പദ്ധതിയാണെന്ന പറഞ്ഞ പ്രതിപക്ഷ നേതാവ് , കൊഞ്ഞനംകുത്തൽ സ്വയം ഏറ്റെടുത്താൽ മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം നട്ടാൽ മുളയ്ക്കാത്ത നുണകൾ വാരി വിതറുകയാണ്. പ്രതിപക്ഷത്തിന്റെത് പരിതാപകരമായ മാനസികാവസ്ഥയെന്നും ഏത് നല്ല കാര്യത്തോടും സഹകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

മലപ്പുറം, വയനാട്, തിരുവനന്തപുരം, കോട്ടയം തുടങ്ങിയ ജില്ലകളിലെ കെ ഫോൺ ഉപയോക്താക്കളുമായും മുഖ്യമന്ത്രി ഓൺലൈനിൽ സംവദിച്ചു. 140 നിയോജക മണ്ഡലങ്ങളിലും ഉദ്ഘാടന ചടങ്ങ് കാണാൻ അവസരം ഒരുക്കിയിരുന്നു. ചടങ്ങിൽ 'എന്റെ കെ ഫോൺ' മൊബൈൽ ആപ്പും ചടങ്ങിൽ പ്രകാശനം ചെയ്തു.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ