ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിൽ നിന്ന്
ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിൽ നിന്ന് 
KERALA

'ഒന്നാംപ്രതി മൈക്ക്, രണ്ടാംപ്രതി ആംപ്ലിഫയർ'; മൈക്ക് വിവാദത്തിൽ പരിഹാസവുമായി കോൺഗ്രസ്

വെബ് ഡെസ്ക്

ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ മൈക്ക് പ്രവർത്തനം തടസപ്പെട്ടതിന്റെ പേരിൽ കേസ് എടുത്തതിനെതിരെ പരിഹാസവും വിമർശനവുമായി കോൺഗ്രസ് നേതാക്കൾ.

ഇതുപോലെ വിചിത്രമായൊരു കേസ് ചരിത്രത്തിലുണ്ടായിട്ടില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ''ഒന്നാംപ്രതി മൈക്കും രണ്ടാംപ്രതി ആംപ്ലിഫയറുമാണ്. എന്തൊക്കെയാണ് കേരളത്തില്‍ നടക്കുന്നത്? മുഖ്യമന്ത്രി ഇക്കാര്യം അറിഞ്ഞില്ലെന്ന് വിശ്വസിക്കാനാണ് ഇഷ്ടം'' - വി ഡി സതീശൻ പറഞ്ഞു. ''ചിരിപ്പിച്ച് ചിരിപ്പിച്ച് ജനങ്ങളെ ഇങ്ങനെ കൊല്ലല്ലേയെന്നാണ് അവരോട് പറയാനുള്ളത്. എന്തൊക്കെ വിഡ്ഢി വേഷമാണ് ഇവര്‍ കെട്ടുന്നത്? മുഖ്യമന്ത്രിയുടെ ഓഫീസില്‍ എന്തൊക്കെയാണ് നടക്കുന്നത്?'' - വി ഡി സതീശൻ ചോദിച്ചു.

മൈക്കിനെപ്പോലും ഭയപ്പെടുന്ന ഭീരുവാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രതികരണം. മൈക്ക് സെറ്റിന് സാങ്കേതിക തകരാറുണ്ടായതിനെ ആസൂത്രിതമെന്ന് ആരോപിച്ച് സ്വമേധയാ കേസെടുത്ത നടപടി ഒരു ഭരണാധികാരി പാതാളത്തോളം തരം താഴ്ന്നതിനാലാണെന്ന് സുധാകരൻ കുറ്റപ്പെടുത്തി. ''ഒരു പാവപ്പെട്ട മൈക്ക് ഓപ്പറേറ്ററും മൈക്കും കേബിളും പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങുന്നത് അങ്ങേയറ്റം പരിഹാസ്യമാണ്. രാഷ്ട്രീയാന്ധതയോടെയാണ് മുഖ്യമന്ത്രി വിഷയം കൈകാര്യം ചെയ്യുന്നത്. പിണറായി വിജയനെ സുഖിപ്പിക്കാന്‍ കിട്ടുന്ന ഒരവസരവും കേരളാ പോലീസ് കളഞ്ഞുകുളിക്കില്ല. യഥാരാജാ തദാ പ്രജാ എന്ന മട്ടിലാണ് പോലീസ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ ഉള്‍പ്പെടെയുള്ള പരിപാടികളില്‍ ഇത്തരം സാങ്കേതിക പ്രശ്‌നം നേരത്തേയും ഉണ്ടായിട്ടുണ്ട് '' - കെ സുധാകരൻ പറഞ്ഞു.

പരിപാടിയിൽ പങ്കെടുത്ത ഒരഥിതി കാരണം ഉണ്ടായ അസൗകര്യത്തിൽ മൈക്ക് ഓപ്പറേറ്ററോട് ക്ഷമ ചോദിക്കുന്നുവെന്നായിരുന്നു കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാമിന്റെ പരിഹാസം. "പരിപാടിയിൽ പങ്കെടുത്ത ഒരതിഥി കാരണം മൈക്ക് ഓപ്പറേറ്റർക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു. ഉപകരണങ്ങൾ ദിവസക്കൂലിക്ക് വാടകയ്ക്ക് കൊടുത്ത് ഉപജീവനം നടത്തുന്ന അദ്ദേഹത്തിന് ഇപ്പോഴത്തെ അപ്രതീക്ഷിതമായ നിയമനടപടികൾ മൂലമുണ്ടാവുന്ന സാമ്പത്തിക നഷ്ടത്തിനും മാനസികവ്യഥക്കും ഞങ്ങളാൽ കഴിയുന്ന തരത്തിൽ പരിഹാരമുണ്ടാക്കാൻ കൂടെയുണ്ടാവും." വി ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് കേടായ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സിപിഎം നേതാവ് എ കെ ബാലൻ ആരോപിച്ചു. ''മുഖ്യമന്ത്രി സംസാരിക്കുമ്പോൾ വി ടി ബൽറാം എഴുന്നേറ്റ് നിന്നു, പിന്നാലെയാണ് മൈക്ക് ഓഫായതും മുദ്രാവാക്യം വിളികളുണ്ടായതും. പരിപാടിയിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചതിൽ കോൺഗ്രസിലെ തന്നെ ഒരു വിഭാഗത്തിന് അമർഷമുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മുഖ്യമന്ത്രി സംസാരിക്കുന്ന സമയത്ത് മുദ്രാവാക്യം വിളിയും ഉണ്ടായി. മുദ്രാവാക്യം നീണ്ടുനിൽക്കുന്ന സ്ഥിതിയുമുണ്ടായി. സ്റ്റേജിന്റെ പിന്നിൽനിന്ന് ആദ്യം എഴുന്നേറ്റുനിൽക്കുന്നത് ബൽറാം ആണ്. പിന്നാലെ കെപിസിസി പ്രസിഡന്റും നിന്നു. ഇതിനെത്തുടർന്നാണ് മൈക്ക് ഓഫ് ആക്കുന്ന സ്ഥിതിവരുന്നത്" - എ കെ ബാലൻ പറഞ്ഞു.

IPL 2024| സൂപ്പർ സ്റ്റബ്‌സ് ഫിനിഷ്! ലഖ്നൗവിനെതിരെ ഡല്‍ഹിക്ക് കൂറ്റന്‍ സ്കോർ

'രാഷ്ട്രീയക്കാര്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം'; ബിജെപി നേതാവിനെതിരായ കേസുകള്‍ റദ്ദാക്കാനാകില്ലെന്ന് കോടതി

ഇരയെ തട്ടിക്കൊണ്ടുപോയ കേസ്: ജയില്‍മോചിതനായി എച്ച് ഡി രേവണ്ണ; പ്രജ്വലിനെക്കുറിച്ച് വിവരം ലഭിക്കാതെ എസ്‌ഐടി

'കെജ്‌രിവാളിന്റെ സ്റ്റാഫംഗം ആക്രമിച്ചു'; സ്വാതി മലിവാളിന്റെ ആരോപണം സമ്മതിച്ച് ആം ആദ്മി പാര്‍ട്ടി, നടപടിയുണ്ടായേക്കും

മണിക്കൂറിൽ 200 കിലോമീറ്റർ; അതിവേഗ പറക്കും ടാക്‌സികള്‍ ഇന്ത്യയിലും