KERALA

മരിച്ചെന്ന് കരുതി കുഞ്ഞിന്റെ ശരീരം കടലില്‍ തള്ളിയ സംഭവം: ദമ്പതികളെ കുറ്റവിമുക്തരാക്കി ഹൈക്കോടതി

നിയമകാര്യ ലേഖിക

മരിച്ചെന്ന് കരുതി കുഞ്ഞിന്റെ ശരീരം കടലില്‍ തള്ളിയ സംഭവത്തില്‍ ശിക്ഷിക്കപ്പെട്ട ഉത്തര്‍പ്രദേശ് സ്വദേശികളായ ദമ്പതികളെ കുറ്റവിമുക്തരാക്കി ഹൈക്കോടതി. 2015 ഒക്ടോബര്‍ 16ന് ആലപ്പുഴ അഴീക്കലിലായിരുന്നു കേസിനാസ്പദമായ സംഭവം.

അഴീക്കലില്‍ കടലില്‍നിന്ന് ആറ് മാസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഓച്ചിറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍, കുഞ്ഞിന്റെ മൃതദേഹം മാതാപിതാക്കള്‍ കടലില്‍ തള്ളിയതാണെന്നായിരുന്നു പോലീസ് കണ്ടെത്തല്‍.

മാതാപിതാക്കള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302 വകുപ്പ് പ്രകാരം കൊലപാതക കുറ്റമടക്കം ചുമത്തിയാണ് പോലീസ് കേസെടുത്തത്. തുടര്‍ന്ന് ആലപ്പുഴ സെഷന്‍സ് കോടതി മാതാപിതാക്കള്‍ക്ക് ശിക്ഷ വിധിച്ചു. ഇതിനെതിരെ മാതാപിതാക്കള്‍ സമര്‍പ്പിച്ച അപ്പീലിലാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാറും ജസ്റ്റിസ് ജോണ്‍സണ്‍ ജോണും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ദമ്പതികളെ കുറ്റവിമുക്തരാക്കിയത്.

പരുക്കേറ്റ കുഞ്ഞ് മരിച്ചുവെന്ന് വിശ്വസിച്ചാണ് മൃതദേഹം കടലില്‍ തള്ളിയതെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. കുഞ്ഞിനെ കൊലപ്പെടുത്താന്‍ മാതാപിതാക്കള്‍ ശ്രമിച്ചിട്ടില്ലെന്നും കുഞ്ഞ് മരിച്ചെന്ന് കരുതി കടലില്‍ തള്ളുകയാണുണ്ടായതെന്നും കണ്ടെത്തിയാണ് കോടതി ഉത്തരവ്.

മരണം സംഭവിക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുകയോ അല്ലെങ്കില്‍ മരണത്തിന് കാരണമായേക്കാവുന്ന പരുക്കുകളുണ്ടാക്കുകയോ ചെയ്താലോ മാത്രമേ കൊലക്കുറ്റം നിലനില്‍ക്കൂയെന്ന് കോടതി ചൂണ്ടികാട്ടി. കുഞ്ഞിനെ കൊലപ്പടുത്തണമെന്ന ഉദ്ദേശ്യം മാതാപിതാക്കള്‍ക്ക് ഒരു ഘട്ടത്തിലുമുണ്ടായിട്ടില്ല. മൃതദേഹം കടലില്‍ തള്ളുമ്പോള്‍ കുട്ടിക്ക് ജീവനുണ്ടായിരുന്നുവെന്ന് രക്ഷിതാക്കള്‍ക്ക് അറിയാമായിരുന്നെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി.

കുഞ്ഞ് മരിച്ചെന്ന് കരുതിയാണ് മൃതദേഹം കടലില്‍ സംസ്‌കരിച്ചതെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. സാക്ഷികളുടെ മൊഴിയും കോടതി പരിശോധിച്ചു.

കുട്ടിയെ ആരോ പരുക്കേല്‍പ്പിച്ചിരുന്നു. എന്നാല്‍ മാതാപിതാക്കളാണ് പീഡനത്തിന് കാരണമായതെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. കൈയ്ക്കു പരുക്കേറ്റ കുഞ്ഞിനെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ച അമ്മ നിലവിളിക്കുകയായിരുന്നെന്ന് ദ്യക്‌സാക്ഷി മൊഴിയുണ്ടെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. ദമ്പതികളെ ജയിലില്‍ മോചിതരാക്കാന്‍ കോടതി നിര്‍ദേശം നല്‍കി.

ഇസ്രയേലിലേക്കുള്ള ആയുധങ്ങളുമായി ചെന്നൈയില്‍നിന്ന് പുറപ്പെട്ട കപ്പലിന് അനുമതി നിഷേധിച്ച് സ്പെയിന്‍

വഞ്ചനാക്കേസ്‌: 'മഞ്ഞുമ്മൽ ബോയ്സ്' നിർമാതാക്കൾക്കെതിരെയുള്ള ക്രിമിനൽ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ