KERALA

കുസാറ്റ് അപകടം: സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പലിനെ സ്ഥാനത്തുനിന്ന് നീക്കി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

വെബ് ഡെസ്ക്

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) സംഗീത നിശക്കിടെയുണ്ടായ അപകടത്തിന് പിന്നാലെ സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പല്‍ ഡോ. ദീപക് കുമാർ സാഹുവിലെ സ്ഥാനത്തുനിന്ന് നീക്കിയതായി വൈസ് ചാന്‍സലന്‍ (വിസി) ഡോ. പി ജി ശങ്കരന്‍. അന്വേഷണത്തിനായി സിന്‍ഡിക്കേറ്റ് മൂന്നംഗ സമിതിയെ നിയോഗിച്ച പശ്ചാത്തലത്തിലാണ് നടപടി. അന്വേഷണ കാലയളവില്‍ സ്ഥാനത്തുനിന്ന് മാറി നില്‍ക്കാന്‍ സിന്‍ഡിക്കേറ്റ് ആവശ്യപ്പെടുകയായിരുന്നെന്നും കുസാറ്റ് വിസി അറിയിച്ചു.

കെ കെ കൃഷ്ണകുമാർ, ഡോ ശശിഗോപാലന്‍, ഡോ ലാലി എന്നിവരാണ് അന്വേഷണ സമിതിയിലുള്ളത്. വെള്ളിയായാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് നല്‍കിയിരിക്കുന്ന നിർദേശം. അപകടത്തിന്റെ കാരണം മാത്രമല്ല, ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കണമെന്നത് സംബന്ധിച്ചുള്ള നിർദേശങ്ങളും അന്വേഷണ സമിതി റിപ്പോർട്ടില്‍ ഉള്‍പ്പെടുത്തും. നിലവില്‍ പോലീസിന്റേയും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റേയും നേതൃത്വത്തില്‍ സമാന്തരമായി രണ്ട് അന്വേഷണങ്ങളും നടക്കുന്നുണ്ട്.

അതേസമയം, കുസാറ്റിലെ അപകടം വിശദമായി പരിശോധിച്ച് അടിയന്തര റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. സംഭവത്തിൽ കമ്മീഷൻ കേസെടുത്തു. സുരക്ഷാ വീഴ്ച അടക്കം പരിശോധിക്കണമെന്നും നിർദേശമുണ്ട്. ആലുവ റൂറൽ എസ്‍പിക്കും കൊച്ചി സർവകലാശാലാ രജിസ്ട്രാർക്കുമാണ് കമ്മീഷൻ അംഗം വി കെ ബീനാകുമാരി നോട്ടീസയച്ചത്.

സർവകലാശാലയിലെ സുരക്ഷാ വീഴ്ച ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. ഒറ്റ വാതിൽ മാത്രമാണ് ഹാളിനകത്തേക്ക് കയറാൻ ഉണ്ടായിരുന്നത്. 2500 പേർ ഉൾക്കൊള്ളുന്ന ഓഡിറ്റോറിയത്തിൽ ഒരു വാതിൽ മാത്രം ഉണ്ടായത് പിഴവാണ്. പോലീസിന്റെ സുരക്ഷ ഉണ്ടായിരുന്നില്ല. ഭാവിയിൽ സമാനമായ സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മനുഷ്യാവകാശ പ്രവർത്തകൻ ഗിന്നസ് മാടസാമി ആവശ്യപ്പെട്ടു.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ടായിരുന്നു കുസാറ്റില്‍ ടെക് ഫെസ്റ്റിനിടെ അപകടമുണ്ടായത്. ഗായിക നിഖിത ഗാന്ധിയുടെ സംഗീതനിശ നടക്കാനിരിക്കെ മഴ പെയ്യുകയും ആളുകള്‍ വേദിയിലേക്ക് ഇരച്ചുകയറുകയുമായിരുന്നു. തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരണപ്പെടുകയും ചെയ്തു. മരിച്ചവരില്‍ മൂന്ന് പേർ വിദ്യാർഥികളാണ്. ശ്വാസം മുട്ടിയാണ് നാല് പേരും മരിച്ചതെന്നാണ് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്.

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി