KERALA

വളര്‍ത്തുനായ കുരച്ചതിനെച്ചൊല്ലി തര്‍ക്കം; മര്‍ദനമേറ്റ ഹൈക്കോടതി ജഡ്ജിയുടെ ഡ്രൈവര്‍ മരിച്ചു

ദ ഫോർത്ത് - കൊച്ചി

വളര്‍ത്തുനായ കുരച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ക്രൂരമായി മര്‍ദനമേറ്റയാൾ മരിച്ചു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സതീശ് നൈനാന്റെ ഡ്രൈവറായ എറണാകുളം മുല്ലശേരി കനാൽറോഡ് തോട്ടുങ്കൽപറമ്പിൽ വിനോദ് (53) ആണ് മരിച്ചത്. കഴുത്തിന് ഗുരുതരമായി പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കഴുത്തിനേറ്റ മര്‍ദനത്തെത്തുര്‍ന്ന് വിനോദിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു

മാർച്ച് 25ന് രാത്രി പത്തരയോടെയുണ്ടായ സംഭവത്തിൽ ഉത്തര്‍പ്രദേശ് ഗാസിയാബാദ് രാജേന്ദ്രനഗര്‍ സ്വദേശി കുശാല്‍ ഗുപ്ത (27), ബറൂത്ത് സ്വദേശി അശ്വിനി ഗോള്‍കര്‍ (27), ഹരിയാന സോനിപ്പത്ത് സ്വദേശി ദീപക് (26), രാജസ്ഥാന്‍ ഗംഗാനഗര്‍ സ്വദേശി ഉത്കര്‍ഷ് (25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്.

വിനോദിന്റെ വീടിന് സമീപത്ത് താമസിക്കുന്നവരാണ് അറസ്റ്റിലായവർ. ഇവർ മുല്ലശേരി കനാല്‍ റോഡിലൂടെ നടന്നുപോകുമ്പോൾ വിനോദിന്റെ വളർത്തുനായ വീടിന്റെ ഗേറ്റിനകത്തുനിന്ന് കുരച്ചതാണ് പ്രകോപനത്തിന് കാരണം. പ്രതികളിലൊരാള്‍ ചെരുപ്പുകൊണ്ട് നായയെ എറിഞ്ഞത് വിനോദ് ഇതു ചോദ്യം ചെയ്തു. തുടർന്ന് പ്രതികൾ വിനോദിനെ ആക്രമിക്കുകയായിരുന്നു. വിനോദിന് കഴുത്തിലും വയറിലും മർദനമേറ്റു.

പ്രതികളിലൊരാൾ വലതുകൈത്തണ്ട ഉപയോഗിച്ച് വിനോദിന്റെ കഴുത്തില്‍ അമർത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു. വിനോദ് കമിഴ്ന്നുവീണിട്ടും പിടിവിട്ടില്ലെന്നു മാത്രമല്ല പുറത്തു കയറിയിരുന്ന് കഴുത്തില്‍ അമര്‍ത്തി വലിച്ചുമുറുക്കിയെന്നാണ് പോലീസ് പറയുന്നത്.

ഗുരുതരമായി പരുക്കേറ്റ വിനോദിനെ, ബഹളം കേട്ട് ഓടിയെത്തിയവരാണ് പ്രതികളിൽനിന്ന് രക്ഷപ്പെടുത്തിയത്. തുടർന്ന് ആശുപത്രിയിൽ ഐസിയുവിയിൽ ചികിത്സയിലായിരുന്നു.

കഴുത്ത് ഞെരിച്ചതിനെ തുടർന്ന് വിനോദിന്റെ തലച്ചോറിലേക്കുള്ള ഓക്സിജന്റെ ലഭ്യത തടസപ്പെട്ടിരുന്നു. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയായിരുന്നു. അറസ്റ്റിലായവര്‍ തപാല്‍ വകുപ്പില്‍ ജോലി ചെയ്യുന്നവരാണ്.

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍