KERALA

ചുട്ടുപൊള്ളി കേരളം; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, ചരിത്രത്തിലാദ്യം

വെബ് ഡെസ്ക്

കേരളത്തിൽ താപനില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്തെ 12 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പായി മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും കൊല്ലം, ആലപ്പുഴ, കോട്ടയം & തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയാകും. പത്തനംതിട്ട, എറണാകുളം, പാലക്കാട് & കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് & കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. സാധാരണ താപനിലയെക്കാൾ 2 മുതൽ 4°C വരെയാണ് താപനില വർധിക്കുക. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് 12 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ് നൽകുന്നത്. ഇടുക്കിയും വയനാടുമാണ് മുന്നറിയിപ്പിൽ നിന്നൊഴിവാക്കിയ ജില്ലകൾ.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ, ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ജില്ലകളിലൊന്നും മഴ സാധ്യതകൾ ഇല്ല. 50 വർഷത്തെ ശരാശരി പ്രകാരം ഇതാദ്യമാണ് മിക്ക ജില്ലകളിലും താപനില രണ്ട് മുതൽ നാല് ഡിഗ്രി വരെ ഉയരുന്നത്. കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലെ അന്തരം എട്ടു മുതല്‍ 12 ഡിഗ്രി വരെയായി കുറഞ്ഞതും ആശങ്ക ഉയർത്തുന്നുണ്ട്.

താപനില ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. സൂര്യാഘാതം, സൂര്യാതാപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഉയര്‍ന്ന ചൂട് കാരണമാകുമെന്ന് ദുരന്ത നിവാരണ അതോറിറ്റി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പകല്‍ 11 മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക, പരമാവധി ശുദ്ധജലം കുടിക്കുക, നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങളും ഒപ്പം നൽകിയിട്ടുണ്ട്.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക, പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക, പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കാനും ശ്രമിക്കുന്നത് നല്ലതാണ്. ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാല്‍ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണം.

'വിരമിക്കല്‍ നിയമം' മോദിയെ തിരിഞ്ഞുകുത്തുന്നു; കെജ്‌രിവാള്‍ തുറന്നുവിട്ട 'ഭൂതം' ബിജെപിയെ വെട്ടിലാക്കുമ്പോള്‍

വുഹാനിലെ കോവിഡ് റിപ്പോർട്ട് ചെയ്തു; നാലു വർഷം തടവിലായിരുന്ന ചൈനീസ് മാധ്യമപ്രവർത്തക ജയിൽ മോചിതയാവുന്നു

രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും ശക്തമായ സൗരക്കൊടുങ്കാറ്റ് ഭൂമിയിലേക്ക്; ഉപഗ്രഹങ്ങളെയും മൊബൈൽ സിഗ്നലുകളെയും ബാധിച്ചേക്കും

ഒരു ടെലിവിഷൻ സീരിയൽ രാജ്യത്തെ മാറ്റിമറിച്ച കഥ

ഒവൈസിയുടെ കോട്ട തകരുമോ? ഹൈദരാബാദില്‍ എഐഐഎമ്മിനെ ഭയപ്പെടുത്തി വോട്ടിങ് ശതമാനം