ഒരു ടെലിവിഷൻ സീരിയൽ രാജ്യത്തെ മാറ്റിമറിച്ച കഥ

ഒരു ടെലിവിഷൻ സീരിയൽ രാജ്യത്തെ മാറ്റിമറിച്ച കഥ

തുടര്‍ച്ചയായി 78 ആഴ്ച രാമായണം സംപ്രേഷണം തുടര്‍ന്നു. ഇന്ത്യയുടെ ദൃശ്യഭാഷാ സംസ്‌കാരത്തെത്തന്നെ തിരുത്തിയെഴുതിയ 78 ആഴ്ചകള്‍
Updated on
11 min read

'അയോധ്യയിലെ രാമക്ഷേത്രത്തിന് കോണ്‍ഗ്രസ് ബാബരി പൂട്ട് ഇടാതിരിക്കാനാണ് എന്‍ഡിഎ സഖ്യത്തിന് 400 സീറ്റ് വേണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നത്.'കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ധറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതാണിത്. അങ്ങനെ ബാബരി പള്ളിയും രാമക്ഷേത്രവും ഒരിക്കല്‍ക്കൂടി തെരഞ്ഞെടുപ്പ് വിഷയമാവുകയാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടായി ഇന്ത്യന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഭൂരിപക്ഷ വോട്ടുറപ്പിക്കാനുള്ള തുറുപ്പുചീട്ടാണ് രാമജന്മഭൂമി വിഷയം.

ഒരു ടെലിവിഷൻ സീരിയൽ രാജ്യത്തെ മാറ്റിമറിച്ച കഥ
ഹനുമാന്‍ ക്ഷേത്ര ദര്‍ശനത്തിന് പിന്നാലെ കെജ്‌രിവാള്‍ പാര്‍ട്ടി ആസ്ഥാനത്ത്, ആവേശത്തില്‍ എഎപി പ്രവര്‍ത്തകര്‍

ബിജെപിയും കോണ്‍ഗ്രസും തരാതരം എടുത്തുപയോഗിച്ച് അതിന്റെ നേട്ടം പറ്റിയിട്ടുമുണ്ട്. ഒരുപക്ഷേ ഹിന്ദുത്വ ഭാരതം എന്ന വിശാല പദ്ധതിക്കുവേണ്ടി നടന്ന ആദ്യ ശിലാന്യാസം ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത രാമായണം ടെലിവിഷന്‍ പരമ്പരയാകും. 89ലെ പൊതുതെരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ടുകള്‍ സ്വാധീനിക്കാന്‍ രാജീവ് ഗാന്ധി സര്‍ക്കാരെടുത്ത രാഷ്ട്രീയ തീരുമാനമായിരുന്നു രാമായണം സീരിയല്‍. ബാബരി പള്ളി പൊളിക്കുന്നത് വരെ ചെന്നെത്തിയ സംഭവവികാസങ്ങള്‍ക്ക് ഒരു ടെലിവിഷന്‍ പരമ്പര പ്രേരണയായത് എങ്ങനെയാണ്?

നാലു പതിറ്റാണ്ട്, ലോകത്തിന്റ സമയരേഖയില്‍ ഒരു ചെറിയ കാലമാകും. പക്ഷെ, ഇന്ത്യന്‍ വിനോദവ്യവസായത്തില്‍ അതൊരു യുഗപരിവര്‍ത്തനത്തിന്റെ കാലയളവാണ്. സ്ട്രീമിംഗ് സൈറ്റുകള്‍ക്കും ഒടിടിക്കും സാറ്റലൈറ്റ് സംപ്രേഷണത്തിനും വീഡിയോ വിപ്ലവത്തിനും മുമ്പ്, കളര്‍ ടെലിവിഷന്‍ ജനകീയമാകുന്നതിനും മുമ്പ്, ഇന്ത്യന്‍ ടെലിവിഷനില്‍ ആ കാഴ്ചാവിസ്‌ഫോടനം സംഭവിച്ചു, രാമായണം പരമ്പര.

ഒരു ടെലിവിഷൻ സീരിയൽ രാജ്യത്തെ മാറ്റിമറിച്ച കഥ
ഹനുമാൻ ക്ഷേത്രത്തിൽനിന്ന് തുടക്കം, മോദിക്കെതിരെ ആഞ്ഞടിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടന്ന് കെജ്‌രിവാൾ; ചിത്രങ്ങൾ

ദേശീയ ടെലിവിഷനിലെ കൃഷിപാഠവും ഗാന്ധി ദര്‍ശനവുംപോലുള്ള ദേശീയോദ്ഗ്രഥന പരിപാടികള്‍ക്കുമിടയില്‍ വല്ലപ്പോഴും വരുന്ന ഒരു ബോളിവുഡ് സിനിമ മാത്രം ഇന്ത്യന്‍ പ്രേക്ഷകന് വിനോദ പരിപാടിയായി കിട്ടിയിരുന്ന കാലം. അവിടെ രാമായണകഥ ഒരു ടെലിവിഷന്‍ സീരിയലായി അവതരിപ്പിക്കപ്പെടുന്നു. ദൂരദര്‍ശന്റെ നാല്‍പത് വര്‍ഷത്തെ ചരിത്രത്തിലെ ആദ്യ മതാധിഷ്ടിത പരിപാടി രാമാനന്ദ് സാഗറിന്റെ ടെലിവിഷന്‍ രാമായണം. രാജ്യം അതിനതുവരെ പരിചിതമല്ലാത്ത മറ്റൊന്നായി മാറിത്തീര്‍ന്നതില്‍ ഏറെ നിര്‍ണായകമായ ടെലിവിഷന്‍ കാഴ്ച.

1987 ജനുവരി മാസം തുടക്കത്തില്‍ ദൂരദര്‍ശന്റെ ഡല്‍ഹി മാണ്ഡി ഹൗസില്‍ നിന്നും രാമാനന്ദ് സാഗറിന് ഒരു ഫോണ്‍കോള്‍ വരുന്നു. അദ്ദേഹം ബോളിവുഡിലെ തുടര്‍പരാജയങ്ങളില്‍ നിരാശനായി ടെലിവിഷനില്‍ ഭാഗ്യം പരീക്ഷിക്കാന്‍ സാഗര്‍ ആര്‍ട്സ് എന്നൊരു നിര്‍മാണക്കമ്പനി തുടങ്ങിയ കാലമായിരുന്നു അത്. രണ്ടാഴ്ചയ്ക്കകം രാമായണം പരമ്പരയുടെ ഒരു പൈലറ്റ് എപ്പിസോഡ് നിര്‍മ്മിക്കാമോയെന്ന് ചോദ്യം. അവസരം കാത്തുനിന്നപോലെ രാമാനന്ദ് സാഗര്‍ ഉടനടി സമ്മതം മൂളി. പിന്നയെല്ലാം പെട്ടെന്നായിരുന്നു. 1987 ജനുവരി 25 ഞായറാഴ്ച രാവിലെ 9.30 ന് ആദ്യ എപ്പിസോഡ് ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തു. ഇന്ത്യന്‍ വിനോദ വ്യവസായത്തിലും രാഷ്ട്രീയ ഭൂപടത്തിലും എല്ലാ അര്‍ത്ഥത്തിലും അതൊരു ചരിത്ര ദിവസമായിരുന്നു.

ഒരു എപ്പിസോഡിന് ഒന്‍പത് ലക്ഷം രൂപയായിരുന്നു നിര്‍മാണ ചെലവ്. അക്കാലത്ത് ഒരു ടെലിവിഷന്‍ പ്രൊഡക്ഷന് ചിന്തിക്കാന്‍ ആവുന്നതിലും അപ്പുറം. 40 ലക്ഷം രൂപ വരെ ഓരോ എപ്പിസോഡില്‍ നിന്നും ദൂരദര്‍ശന്‍ വരുമാനമുണ്ടാക്കിയെന്നാണ് ടെലിവിഷന്‍ രാമായണത്തെപ്പറ്റി ബിബിസി സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയില്‍ പറയുന്നത്. ഈ തുകയെല്ലാം നാല് പതിറ്റാണ്ട് മുമ്പുള്ള മൂല്യത്തില്‍ സങ്കല്‍പിക്കണം.

ഇന്ന് കാണുമ്പോള്‍ പ്രാചീനമെന്ന് തോന്നുമെങ്കിലും അക്കാലത്തെ ഏറ്റവും മികച്ച സാങ്കേതിക മികവില്‍ രാമകഥ മിനി സ്‌ക്രീനിലെത്തി. ഭക്തരുടെ സങ്കല്‍പത്തിലെ രാമനും സീതയും ലക്ഷ്മണനും ഹനുമാനും രാവണനുമെല്ലാം ടെലിവിഷന്‍ സെറ്റുകളില്‍ അവതരിച്ചു. അല്ലെങ്കില്‍ ടെലിവിഷനില്‍ വന്ന രൂപത്തിന് അനുസരിച്ച് ഭക്തര്‍ സ്വന്തം ദേവസങ്കല്‍പങ്ങള്‍ ക്രമീകരിച്ചു. രാമായണം ഒരു സെന്‍സേഷണല്‍ ഹിറ്റായി. അങ്ങനെ ആ ഞായറാഴ്ച ഇന്ത്യന്‍ ടെലിവിഷനില്‍ ആദ്യമായി പ്രൈം ടൈം എന്ന സങ്കല്‍പം ഉദ്ഘാടനം ചെയ്യപ്പെട്ടു. അന്നുമുതല്‍ തുടര്‍ച്ചയായി 78 ആഴ്ച രാമായണം സംപ്രേഷണം തുടര്‍ന്നു. ഇന്ത്യയുടെ ദൃശ്യഭാഷാ സംസ്‌കാരത്തെത്തന്നെ തിരുത്തിയെഴുതിയ 78 ആഴ്ചകള്‍. 1988 ജൂലൈ 31വരെ സംപ്രേഷണം തുടര്‍ന്നു. ഇക്കാലയളവില്‍ പരമ്പര കണ്ടത് 650 ദശലക്ഷം പ്രേക്ഷകര്‍. ഇന്ത്യന്‍ ടെലിവിഷനില്‍ എന്നല്ല, ടെലിവിഷന്‍ എന്ന മാധ്യമത്തിന്റെ തന്നെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട പരമ്പരയായി രാമായണം.

ഒരു ടെലിവിഷൻ സീരിയൽ രാജ്യത്തെ മാറ്റിമറിച്ച കഥ
കോണ്‍ഗ്രസിനും തെറ്റുപറ്റിയിട്ടുണ്ട്, കാലം മാറുമ്പോള്‍ സമീപനങ്ങളും മാറ്റും: രാഹുല്‍ ഗാന്ധി

ഒരു മതപരമായ അനുഷ്ഠാനം പോലെയാണ് രാജ്യത്തെ ഹിന്ദു മതത്തിലെ ഒരു വിഭാഗം രാമയണ പരമ്പരയെ സ്വീകരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെകളില്‍ ഉത്തരേന്ത്യയിലുടനീളം നഗരങ്ങളില്‍ പൊതുജീവിതം നിലച്ച മട്ടിലായി. ട്രെയിനുകളും, ബസുകളും നിര്‍ത്തിച്ച് യാത്രക്കാര്‍ ടിവിയുള്ളിടത്തേക്ക് ഓടിയെത്തി. വലിയ ജനക്കൂട്ടത്തില്‍ പലര്‍ക്കും ഒന്നും കാണാനൊന്നുമാകുമായിരുന്നില്ല. നഗരങ്ങളില്‍ ടെലിവിഷന്‍ കടകള്‍ക്ക് മുന്നില്‍ കൂപ്പുകയ്യോടെ കൂട്ടമായി നിന്ന് ജനക്കൂട്ടം പരമ്പര കണ്ടു. ഗ്രാമങ്ങളില്‍ ടിവിയുള്ള അപൂര്‍വം വീടുകളില്‍ നാട്ടുകൂട്ടമാകെ ഒത്തുകൂടി. എപ്പിസോഡ് തുടങ്ങും മുമ്പ് അവര്‍ പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും നടത്തി. ടെലിവിഷന്‍ സെറ്റിനെ ആരതിയുഴിഞ്ഞ് തിലകം ചാര്‍ത്തി. രാമനായി വേഷമിട്ട അരുണ്‍ ഗോവില്‍ പോകുന്നിടത്തെല്ലാം ആളുകള്‍ അയാളെ തൊടാനും കാലില്‍ വീഴാനും കരഞ്ഞു പ്രാര്‍ത്ഥിക്കാനും കൂടി. അതുപോലെ സീതയും ലക്ഷ്മണനും ഹനുമാനുമെല്ലാം ആയവര്‍ക്കും ഭക്തരുണ്ടായി. ചുരുക്കി പറഞ്ഞാല്‍ ഒരുതരം രാമായണജ്വരം രാഷ്ട്രത്തെ പിടികൂടി.

ആദ്യ ഘട്ടത്തില്‍ ഒരു വര്‍ഷമായിരുന്നു സാഗര്‍ ആര്‍ട്സും ദൂരദര്‍ശനും തമ്മിലുണ്ടാക്കിയ കരാര്‍. എന്നാല്‍ രാവണ വധത്തിന് ശേഷമുള്ള രാമകഥയും കാണണമെന്ന് ആവശ്യപ്പെട്ട് ജലന്ധറിലെ ശുചീകരണ തൊഴിലാളികള്‍ സമരം തുടങ്ങി. പരമ്പര നിര്‍ത്തിയാല്‍ ഒരു പൊതുജനാരോഗ്യ പ്രശ്‌നം ആകുമെന്ന നിലയായപ്പോഴാണ് ഒരു വര്‍ഷത്തെ സംപ്രേഷണ കാലയാളവ് ദീര്‍ഘിപ്പിക്കാന്‍ ദൂരദര്‍ശന്‍ നിര്‍ബന്ധിതരാകുന്നത്.

ഭൂരിപക്ഷമതാടിസ്ഥാനത്തിലുള്ള ഒരു ഐതിഹ്യ പരമ്പര സെക്കുലര്‍ ഇന്ത്യയുടെ ദേശീയ ടെലിവിഷനില്‍ സംപ്രേഷണം ചെയ്യാനുള്ള സാഹചര്യം പൊടുന്നനെ മാണ്ടി ഹൌസില്‍ നിന്ന് രാമാനന്ദ് സാഗറിന് പോയ ഒരു ഫോണ്‍കോളില്‍ ഉണ്ടായതല്ല. അതിന് പിന്നില്‍ ഒരു പൊളിറ്റിക്കല്‍ പ്ലോട്ട് ഉണ്ടായിരുന്നു. അതിലേക്ക് കടക്കാന്‍ ഇത്തിരി ചരിത്രം പറയണം.

ഒരു ടെലിവിഷൻ സീരിയൽ രാജ്യത്തെ മാറ്റിമറിച്ച കഥ
ഒവൈസിയുടെ കോട്ട തകരുമോ? ഹൈദരാബാദില്‍ എഐഐഎമ്മിനെ ഭയപ്പെടുത്തി വോട്ടിങ് ശതമാനം

ബിജെപി എന്ന പാര്‍ട്ടി വരവറിയിച്ച തിരഞ്ഞെടുപ്പ്

1984 ല്‍ ഒക്ടോബര്‍ 31 ന് അഗംരക്ഷകരുടെ വെടിയേറ്റ് ഇന്ദിരാഗാന്ധി കൊല്ലപ്പെടുന്നു. ആ സമയം ബംഗാള്‍ പര്യടനത്തിലായിരുന്നു മകന്‍ രാജീവ് ഗാന്ധി. അദ്ദേഹം വിവരമറിഞ്ഞ് ഡല്‍ഹിയിലേക്ക് തിരിച്ചെത്തും മുമ്പേ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേര്‍ന്ന് രാജീവിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തു. പിന്നെ വന്‍മരം വീണതിന് ശേഷമുള്ള കലാപ കലുഷിത കാലം.

അധികാരമേറ്റെടുത്തതിന് പിന്നാലെ രാജീവ് ലോക്‌സഭ പിരിച്ചുവിട്ടു. അടുത്ത തിരഞ്ഞെടുപ്പ് നേരിട്ട രാജീവും കോണ്‍ഗ്രസ് പാര്‍ട്ടിയും ചരിത്ര വിജയം നേടി. മത്സരിച്ച 514 മണ്ഡലങ്ങളില്‍ 404 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് വിജയക്കൊടി പാറിച്ചു. ബിജെപി എന്ന പാര്‍ട്ടി വരവറിയിച്ച തിരഞ്ഞെടുപ്പ് കൂടിയായിരുന്നു അത്. 229 സീറ്റില്‍ മത്സരിച്ച ബിജെപി 2 സീറ്റ് നേടി. പിന്നീട് അങ്ങോട്ട് രാജീവിന്റെ കാലമായിരുന്നു.

രാജീവ് ഗാന്ധി
രാജീവ് ഗാന്ധി

രാജീവ് ഗാന്ധി ഇന്ദിരയില്‍ നിന്ന് വ്യത്യസ്തമായ പുതിയ വിദേശനയം പ്രഖ്യാപിച്ചു. പ്രായപൂര്‍ത്തി വോട്ടവകാശം 18 വയസ്സാക്കി കുറച്ചു. ടെലികോം വിപ്ലവത്തിന് തുടക്കം കുറിച്ചു. ഇങ്ങനെയൊക്കെയാണെങ്കിലും കേന്ദ്രാധികാരം നിലനിര്‍ത്താന്‍ നെഹ്‌റൂവിയന്‍ ആശയധാര തന്നെ പിന്തുടരണമെന്ന നിര്‍ബന്ധമൊന്നും ഇന്ദിരയെപോലെ രാജീവിനും ഉണ്ടായിരുന്നില്ല. ഹിന്ദുത്വ ഭാരതം എന്ന വിശാല ലക്ഷ്യം സംഘപരിവാറിന് അന്ന് ഒരു വിദൂര അജണ്ടയായിരുന്നു. എങ്കിലും വിശ്വ ഹിന്ദു പരിഷത് അതിനായുള്ള ശിലകള്‍ സമാഹരിച്ചു തുടങ്ങിയിരുന്നു.എണ്‍പതുകളുടെ തുടക്കത്തില്‍ ഹിന്ദുക്കളെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യവുമായി വിഎച്പി ആര്‍എസ്എസ് സഹകരണത്തോടെ കരണ്‍ സിംഗ് നടത്തിയ വിരാട ഹിന്ദു സമ്മേളനങ്ങള്‍ക്ക് ഇന്ദിരാ ഗാന്ധിയുടെ ആശിസുകളുണ്ടായിരുന്നു.

83ല്‍ മുരളി മനോഹര്‍ ജോഷിയുടെ നേതൃത്വത്തില്‍ നടന്ന വിഎച്പിയുടെ ഏകതാ യാത്രയ്ക്കും ഇന്ദിരയുടെ നിശ്ശബ്ദ പിന്തുണയുണ്ടായിരുന്നു. രാജീവിന്റെ കാലമായതോടെ ആ സഹകരണം അല്‍പം കൂടി വലുതായി. ഭൂരിപക്ഷ വര്‍ഗീയതയോട് രാജീവ് സമരസപ്പെട്ടു തുടങ്ങി. ആര്‍എസ്എസിന്റെ അന്നത്തെ സര്‍സംഘ് ചാലക് മധുകര്‍ ദത്താത്രേയ ദേവരസുമായി രാജീവിനുണ്ടായിരുന്ന വലിയ അടുപ്പം ഹൗ പ്രൈംമിനിസ്റ്റേഴ്സ് ഡിസൈഡ് എന്ന പുസ്തകത്തില്‍ നീര്‍ജാ ചൗധരി രേഖപ്പെടുത്തുന്നുണ്ട്. രാജീവ് ഗാന്ധിയുടെ ഭരണകാലയളവിലുടനീളം ആ ആര്‍എസ്എസുകാരന്‍ ചെലുത്തുന്ന സ്വാധീനവും ചെറുതല്ല. ചോക്ലേറ്റ് നിറത്തില്‍ ഒരു കോണ്ടസാ കാര്‍ രാജീവ് ദേവരസിന് സമ്മാനിക്കുന്നതും നീരജാ ചൗധരി പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അത്ര ആഴമുള്ള ബന്ധം.

ഒരു ടെലിവിഷൻ സീരിയൽ രാജ്യത്തെ മാറ്റിമറിച്ച കഥ
'ന്യൂനപക്ഷക്കാരെ അടിച്ചോടിച്ചു', യു പിയിലെ ചില മണ്ഡലങ്ങളിലെ പോലീസ് ഇടപെടൽ വോട്ടെടുപ്പ് അട്ടിമറിക്കാനെന്ന് ആക്ഷേപം

ഇന്ദിരാ ഗാന്ധിക്ക് ആര്‍എസ്എസുമായി അടുപ്പമുണ്ടായിരുന്നു. അത് എംപി ആയിരുന്ന ഘട്ടത്തില്‍ തന്നെ രാജീവ് തിരിച്ചറിയുന്നുണ്ട്. അടിയിന്തരാവസ്ഥാ കാലത്ത് തന്നെ ഇന്ദിരയെ തേടി ആര്‍എസ് എസ് എത്തിയിരുന്നു. അവരോട് അനുഭാവപൂര്‍ണമായ സമീപനമായിരുന്നു ഇന്ദിര പുലര്‍ത്തിയിരുന്നത്. 1977 ലെ തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന്റെ സഹായം ഇന്ദിര തേടി. പക്ഷെ അവര്‍ പിന്തുണകൊടുത്തത് ജനതാപാര്‍ട്ടിക്ക്. സഞ്ജയ് ഗാന്ധിയെ പോലെ ഇന്ദിരയും ആര്‍എസ്എസ് നേതാക്കളെ വ്യക്തിപരമായി നേരിട്ട് കണ്ടിരുന്നില്ല. 1982 ആര്‍എസ്എസ് സര്‍സംഘ്ചാലക് മധുകര്‍ ദത്താത്രേയ ദേവരസിനെ ചെന്ന് കണ്ട് സംസാരിക്കാന്‍ രാജീവിനോട് ഇന്ദിര ചുമതലപ്പെടുത്തി. കപില്‍ മോഹന്‍ വഴി വളരെ രഹസ്യമായായിരുന്നു കൂടിക്കാഴ്ച. അരുണ്‍ നെഹ്‌റുവിന് പോലും ഇതറിയില്ലായിരുന്നു. രാജീവുമായി ചങ്ങാത്തം സ്ഥാപിക്കാന്‍ ആര്‍എസ്എസ് തലവന്‍ മധുകര്‍ ദത്താത്രേയ ദേവരസിന്റെ സഹോദരന്‍ ഭാവുറാവു ദേവരസിനെയായിരുന്നു ആര്‍എസ്എസ് ചുമതലപ്പെടുത്തിയിരുന്നത്.

എല്ലാ കൂടിക്കാഴ്ചകളിലും രാജീവിനെ അനുഗമിച്ചത് അനില്‍ ബാലിയായിരുന്നു. ഭാവുറാവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ബിജെപി നേതാവ് സുബാഷ് ആര്യയും അയാളെ അനുഗമിച്ചിരുന്നു. കൂടിക്കാഴ്ചകളില്‍ അവര്‍ പല വിഷയങ്ങള്‍ സംസാരിച്ചു. ഏഷ്യന്‍ ഗെയിംസ് ,കമ്മ്യൂണിസത്തിന്റെ വളര്‍ച്ച,പട്ടികജാതി പട്ടിക വര്‍ഗ സംവരണ നയം എന്നിങ്ങനെ വിശാലമായ ചര്‍ച്ചകള്‍ അവര്‍ നടത്തി. ഇരുവര്‍ക്കുമിടയില്‍ നല്ലൊരു സൗഹൃദ ബന്ധം വളര്‍ന്നു വന്നു. അനില്‍ ബാലി പറയുന്നുണ്ട്, 'ഹിന്ദുത്വ രാജീവിനൊപ്പം വൃത്തിയായി ചേരുന്ന ഒന്നുതന്നെ'

ഒരു ടെലിവിഷൻ സീരിയൽ രാജ്യത്തെ മാറ്റിമറിച്ച കഥ
കോൺഗ്രസ്-സിപിഎം സഖ്യവും ബിജെപിയും മഹുവയെ തോൽപ്പിക്കുമോ?

രാജീവ് പ്രധാനമന്ത്രിയായ ശേഷവും ദത്താത്രേയ ദേവരസിന്റെ സ്വാധീനം രാജീവിലുണ്ടായിരുന്നു. നയപരമായ തീരുമാനങ്ങളിലടക്കം ദേവരസിന്റെ സാന്നിധ്യമുണ്ടായിരുന്നു.ബാബരി പള്ളി നില്‍ക്കുന്ന ഭൂമിയില്‍ രാമക്ഷേത്രം പണിയുമെന്ന് വിഎച്പി അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നതും 1984ലാണ്.

ഷാബാനു
ഷാബാനു

ഷാബാനുകേസും രാജീവിന്റെ ന്യൂനപക്ഷ പ്രീണനവും

രാമായണം പരമ്പരയുടെ ജനനത്തിലേക്കെത്തുന്നതിന് മുന്‍പ് ചരിത്രപരമായ മറ്റൊന്നുകൂടി സംഭവിച്ചു, ഷാബാനുകേസിലെ വിധി. എഴുപതുകള്‍ മുതല്‍ക്കെ ഏറെ രാഷ്ട്രീയ പ്രാധാന്യവും ബഹുജന ശ്രദ്ധയും പിടിച്ചുപറ്റിയ ഒരു വിവാഹമോചന കേസായിരുന്നു ഇത്. ഷാബാനുവിനെ ഭര്‍ത്താവ് അഹമ്മദ് ഖാന്‍ വീട്ടില്‍ നിന്ന് ഇറക്കിവിട്ടതോടെ 1978 ഏപ്രിലില്‍ ജീവനാംശം ആവശ്യപ്പെട്ട് ഷാബാനു മജിസ്‌ട്രേറ്റ്‌കോടതിയില്‍ ഹര്‍ജി നല്‍കി. ഷാ ബാനു തനിക്കും അഞ്ച് കുട്ടികള്‍ക്കും ജീവനാംശം ആവശ്യപ്പെട്ടതാണ് കേസിന്റെ തുടക്കം.

1973 ലെ ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 125 പ്രകാരം ത്വലാക്ക് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയ ഭര്‍ത്താവില്‍ നിന്നും മാസം അഞ്ഞൂറുരൂപ സംരക്ഷണച്ചെലവ് കിട്ടണമെന്നായിരുന്നു ഷാ ബാനുവിന്റെ ആവശ്യം. അഹമ്മദ് ഖാന്‍ ഷാബാനുവിന് പ്രതിമാസം 25രൂപ ജീവനാംശം നല്‍കണമെന്ന് കോടതി വിധിച്ചു. പക്ഷേ ഈ തുക നല്‍കാന്‍ അഹമ്മദ് ഖാന്‍ കൂട്ടാക്കിയില്ല. മതവിശ്വാസത്തില്‍ കോടതി കൈ കടത്തുന്നുവെന്ന് ആരോപിച്ച് അഹമ്മദ് ഖാന്‍ ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡും കക്ഷി ചേര്‍ന്നു. മതവിശ്വാസവും വ്യക്തി നിയമവും ഭരണഘടനസാധുതയുമെല്ലാം രാജ്യത്തെ ഒന്നാം തലക്കെട്ടായി. അങ്ങനെ ഒരു ദാമ്പത്ത്യ തര്‍ക്കം രാജ്യത്തിന്റെ തന്നെ ഭാവിയെ നിര്‍ണയിച്ച ഭരണഘടനാ പ്രശ്‌നമായി മാറി.

ഒരു ടെലിവിഷൻ സീരിയൽ രാജ്യത്തെ മാറ്റിമറിച്ച കഥ
'പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സംവാദത്തിന് തയാർ'; മുൻ ജഡ്ജിമാരുടെ ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി

ശബരിമല യുവതി പ്രവേശ വിധി വന്ന കാലത്തെ പോലെ വ്യക്തി സ്വാതന്ത്രത്തിനും നിയമത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കുമെല്ലാം അപ്പുറം ഷാബാനുകേസിന് വര്‍ഗീയ വ്യാഖ്യാനങ്ങള്‍ ഉണ്ടായി. ഹൈക്കോടതി അഹമ്മദ് ഖാന്റെ വാദം തള്ളുകയും സംരക്ഷണ ചെലവ് 179 രൂപ ആയി വര്‍ധിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് അഹമ്മദ് ഖാന്‍ സുപ്രീംകോടതിയെ സമീപിച്ചു. 1985ല്‍ സുപ്രീംകോടതിയും ഹൈക്കോടതി വിധി ശരിവച്ചു. ഒരു ചരിത്ര കൗതുകം കൂടി ഉണ്ട്. ശബരിമല കേസില്‍ വിധി പറഞ്ഞ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റ അച്ഛന്‍ ജസ്റ്റിസ് വൈ വി ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതായിരുന്നു ഷാ ബാനുകേസിലെയും ചരിത്ര വിധി.

വൈ വി ചന്ദ്രചൂഡ്
വൈ വി ചന്ദ്രചൂഡ്

ആദ്യ ഘട്ടത്തില്‍ വിധിയെ സ്വാഗതം ചെയ്ത രാജീവ് ഗാന്ധിക്ക് മുസ്ലിം പുരോഹിതരില്‍ നിന്ന് വലിയ എതിര്‍പ്പ് നേരിടേണ്ടി വന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ മുസ്ലിം വോട്ട് ബാങ്കില്‍ ഉണ്ടാകാനിടയുള്ള ചോര്‍ച്ച മുന്‍കൂട്ടികണ്ട രാജീവ് ഗാന്ധി ഉടനടി നിലപാട് മാറ്റി. ഷാ ബാനു കേസ് വിധിയെ മറികടക്കാന്‍ രാജീവ് സര്‍ക്കാര്‍ 1986ല്‍ മുസ്ലിം സ്ത്രീ വിവാഹമോചന സംരക്ഷണ നിയമം പാസാക്കി. എതിര്‍പ്പ് പ്രകടിപ്പിച്ച മുസ്ലിം പുരോഹിതരെ കൂടെ നിര്‍ത്താന്‍ ഈ നീക്കത്തിലൂടെ രാജീവ് ഗാന്ധിക്കായി. അതേസമയം രാജീവിനെതിരെ മുസ്ലിം പ്രീണനമെന്ന പരാതി അപ്പുറത്തുയര്‍ന്നു. എണ്‍പത്തി രണ്ട് ശതാമനം വരുന്ന ഹിന്ദു ഭൂരിപക്ഷത്തിന്റെ അസ്വസ്ഥതതയും പരിഗണിക്കണമല്ലൊ. അതും തീര്‍പാക്കാന്‍ രാജീവ് പിന്നീട് നടത്തിയ ശ്രമങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയം കണ്ട ഏറ്റവും വലിയ മങ്കി ബാലന്‍സിങ് ആയിരുന്നു.

ബാബരി പള്ളി
ബാബരി പള്ളി

അങ്ങനെയിരിക്കെയാണ് 1986 ജനുവരിയില്‍ ബാബരി പള്ളിക്കകത്ത് ഹിന്ദുക്കള്‍ക്ക് ആരാധനയ്ക്ക് അനുമതി തേടി അഭിഭാഷകന്‍ ഉമേഷ് ചന്ദ്ര പാണ്ഡെയുടെ ഹര്‍ജി ഫൈസാബാദ് ജില്ല കോടതിയില്‍ എത്തുന്നത്. 1986 ഫെബ്രുവരി 1ന് പള്ളിയുടെ പൂട്ട് പൊളിച്ച് ആരാധനയ്ക്കായി ഹിന്ദുക്കളെ അകത്ത് പ്രവേശിക്കാന്‍ അനുവദിക്കണെമെന്ന് ഉമേഷ് ചന്ദ്ര പാണ്ഡെയുടെ ഹര്‍ജിയില്‍, ജഡ്ജി കൃഷ്ണമോഹന്‍ പാണ്ഡെ യുടെ ഉത്തരവ് വന്നു. പിന്നാലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ഉത്തരവ് നിറവേറ്റാന്‍ അനുവാദം നല്‍കി. മുസ്ലീം പ്രീണനമെന്ന ഹിന്ദുത്വ ശക്തികളുടെ പരാതി പരിഹരിക്കാന്‍ ഒരവസരമായാണ് രാജീവ് ഇതിനെ കണ്ടത്. ഫൈസലാബാദ് കോടതിയില്‍ വന്ന ഹര്‍ജിക്ക് പിന്നിലും രാജീവാണെന്ന വിമര്‍ശനവും പില്‍ക്കാലത്ത് ഉയര്‍ന്നുവന്നു. അതായത് ഒരേസമയം മുസ്ലിം പ്രീണനവും ഭൂരിപക്ഷ മതസമുദായത്തിന്റെ വോട്ട് ബാങ്കും ലക്ഷ്യം വച്ചുള്ള രണ്ട് രാഷ്ട്രീയ തീരുമാനങ്ങള്‍. അതുമുതല്‍ പലതിനും കളമൊരുങ്ങുകയായിരുന്നു.

ഒരു ടെലിവിഷൻ സീരിയൽ രാജ്യത്തെ മാറ്റിമറിച്ച കഥ
370-ാം ഭേദഗതി റദ്ദാക്കിയത് ജനങ്ങള്‍ അംഗീകരിച്ചുവെന്ന് അവകാശ വാദം; എന്നാല്‍ കശ്മീരില്‍ മത്സരിക്കാതെ ഒളിച്ചോടി ബിജെപി!

ദൂരദര്‍ശനില്‍ രാമായണം പരമ്പര പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത് ആര്‍എസ്എസ് ആയിരുന്നു. രാമാനന്ദ് സാഗറിന്റെ സാഗര്‍ ആര്‍ട്‌സ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന രാമായണം ദൂരദര്‍ശന്‍ ഏറ്റെടുക്കണം. സംഘപരിവാറിന്റെ ഏറ്റവും വലിയ രാഷ്ട്രീയ അജണ്ടയായ രാമജന്മഭൂമി പ്രക്ഷോഭത്തിന് അനൂകൂലമായ സംസ്‌കാരിക പരിസരം രൂപപ്പെടുത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

രാമ സങ്കല്‍പത്തിന്റെ ഒരു ടെലിവിഷന്‍ ആഖ്യാനം അതിന് ഏറ്റവും യോജിച്ച മാധ്യമമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു.

രാജീവിന് ടെലിവിഷന്‍ രാമായണം എന്ന ആശയത്തോട് ആദ്യമെ അനുകൂല സമീപനമായിരുന്നു. എന്നാല്‍ ഇത് കോണ്‍ഗ്രസില്‍ വലിയ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കി. വാര്‍ത്ത വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്ന എച്ച് കെ എല്‍ ഭഗത് നിര്‍ദേശത്തെ കഠിനമായി എതിര്‍ത്തു. നിലവിലെ സാഹചര്യത്തില്‍ ദൂരദര്‍ശനില്‍ ഇങ്ങനെയൊരു പരമ്പര തുടങ്ങുന്നത് പാണ്ടോരപെട്ടി തുറക്കുന്നത് പോലെയാവുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഗ്രീക്ക് പുരാണത്തില്‍ എല്ലാ ദുഷ്ട ശക്തികളെയും ഗതികേടുകളെയും അടച്ചുപൂട്ടിയ ഒന്നാണ് പണ്ടോരയുടെ പെട്ടി. വിഎച്ച്പിയുടെയും ആര്‍എസ്എസിന്റേയും ബിജെപിയുടെയും രാമജന്മഭൂമി പ്രക്ഷോഭത്തിന് ഇത് അനുകൂല കാലാവസ്ഥ ഉണ്ടാക്കിക്കൊടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എല്ലാ എതിര്‍പ്പുകളും ഒരു കത്തില്‍ തട്ടി തകര്‍ന്നു.

ആര്‍എസ്എസ് സര്‍സംഘ്ചാലക് ദത്താത്രേയ ദേവരസ് രാജീവിന് ഒരു കത്തെഴുതി. 'രാമയണം പരമ്പര ഇന്ത്യയില്‍ അല്ലാതെ മറ്റെവിടെയാണ് പ്രക്ഷേപണം ചെയ്യേണ്ടത്, ന്യൂയോര്‍ക്കിലോ? എന്നതായിരുന്നു ആ കത്തിലെ പ്രധാന ഭാഗം. ഒരു എതിര്‍പ്പിനും ചെവികൊടുക്കാതെ രാജീവ് സമ്മതം മൂളി. രാജീവ്ഗാന്ധിയുടെയും ആര്‍എസ്എസ്സിന്റെയും ലക്ഷ്യങ്ങള്‍ രണ്ടായിരുന്നു. രാജീവിന്റെത് വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ മതവിഭാഗത്തിന്റെ വോട്ട് ബാങ്ക്. ആര്‍എസ്എസിന്റേത് മര്യാദാ പുരുഷോത്തമനും വില്ലാളിവീരനും നീതിസ്വരൂപനുമായ ശ്രീരാമന്‍ ടിവിയില്‍ നേരിട്ട് അവതരിച്ചാല്‍ ഉണ്ടാകുന്ന രാഷ്ട്രീയ നേട്ടം. പിന്നെയെല്ലാം പെട്ടെന്നായിരുന്നു 1987 ജനുവരി 25 ഞായറാഴ്ച രാവിലെ 9.30 ന് ആദ്യ എപ്പിസോഡ് ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തു.

ഒരു ടെലിവിഷൻ സീരിയൽ രാജ്യത്തെ മാറ്റിമറിച്ച കഥ
അദാനിയെയും അംബാനിയെയും രാഹുല്‍ വെറുതെവിട്ടിട്ടില്ല; മോദിയുടെ ആരോപണത്തിന് മറുപടി ഈ പ്രസംഗങ്ങള്‍

രാമായണം എഫക്ടില്‍ രാജ്യം

ഹൌ ടെലിവിഷന്‍ ചേഞ്ച്ഡ് ഇന്ത്യ എന്ന പുസ്തകത്തില്‍ അമൃത ഷാ ഇങ്ങനെ പറയുന്നു, രാമായണം പരമ്പര ടിവിയില്‍ വരുന്ന സമയത്ത് സ്വന്തം വിവാഹ ചടങ്ങ് നടത്തുന്നതിന് പെണ്‍കുട്ടികള്‍ സമ്മതിച്ചില്ല; പരമ്പര പ്രക്ഷേപണം ചെയ്യുന്ന ദിവസം സ്വന്തം സത്യപ്രതിജ്ഞാ ചടങ്ങിന് മന്ത്രിമാര്‍ വൈകിയെത്തി ; പുതിയ എപ്പിസോഡ് കണ്ടുതീരും വരെ തീവണ്ടികളുടെ ലോക്കോ പൈലറ്റുമാരും യാത്രക്കാരും ക്ഷമാപൂര്‍വം സ്റ്റേഷനില്‍ കാത്തുകിടന്നു. അന്നത്തെ ആഭ്യന്തര മന്ത്രി ഭൂട്ടാ സിങിന് ഒരിക്കല്‍ രാമായണ പരമ്പരയുടെ പ്രക്ഷേപണ സമയമായതുകൊണ്ട് കാബിനറ്റ് മീറ്റിങ് നീട്ടിവയ്‌ക്കേണ്ട നില വരെ ഉണ്ടായി. ഒപി മുടക്കി പരമ്പര കണ്ട ആശുപത്രിയുടെ വാര്‍ത്ത അന്ന് ഡല്‍ഹി ദേശാഭിമാനിയില്‍ ട്രെയിനി ജേണലിസ്റ്റായിരുന്ന ജോണ്‍ബ്രിട്ടാസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏത് വിധവും സംപ്രേഷണ സമയത്ത് ടെലിവിഷനു മുന്നില്‍ എത്തുക എന്നതായിരുന്നു ഇന്ത്യയിലെ വലിയൊരു വിഭാഗത്തിന് അന്ന് പ്രധാനമെന്ന് ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ മീഡിയ സ്റ്റഡീസ് പ്രൊഫസറും പൊളിറ്റിക്സ് ആഫ്റ്റര്‍ ടെലിവിഷന്‍ എന്ന പുസ്തകത്തിന്റെ രചയിതാവുമായ അരവിന്ദ് രാജഗോപാല്‍ ഓര്‍ത്തെടുക്കുന്നു.

ഒരു ടെലിവിഷൻ സീരിയൽ രാജ്യത്തെ മാറ്റിമറിച്ച കഥ
രാജീവിന്റെ പ്രിയപ്പെട്ട പിട്രോഡ; ബിജെപിക്ക് ആയുധമിട്ടുകൊടുത്ത, സ്വന്തം പോസ്റ്റില്‍ ഗോളടിച്ച 'ടെലികോം വിപ്ലവകാരി'

ഇന്ത്യന്‍ വിപണിയേയും രാമായണം മാറ്റിമറിച്ചു. ബ്ലാക്ആന്‍ഡ് വൈറ്റ് ടിവിയില്‍ നിന്നും കളര്‍ ടെലിവിഷിനിലേക്കുള്ള മാറ്റത്തിന് പരമ്പര വേഗം കൂട്ടി. ലോണെടുത്തായാലും ടെലിവിഷന്‍ വാങ്ങണമെന്നത് മധ്യവര്‍ഗത്തിന്റെ സ്വപ്നമായി. വീടായാലൊരു ടിവി വേണം, അത് ഇന്ന ബ്രാന്‍ഡ് തന്നെ വേണം എന്നൊക്കെയായി ടെലിവിഷന്‍ പരസ്യ ജിംഗിളുകള്‍. ടെലിവിഷന്‍ പരസ്യമേഖലയിലും വലിയ വിപ്ലവമാണ് രാമായണ പരമ്പര ഉണ്ടാക്കിയത്. ബഹുരാഷ്ട്ര കമ്പനികള്‍ രാമായണത്തിന്റെ പരസ്യ സ്ലോട്ടുകള്‍ക്കായിമത്സരിച്ചു. പ്രേക്ഷകരെ സ്വാധീനിക്കാന്‍ കഴിയുന്ന തരം പരസ്യങ്ങളിലൂടെ കോള്‍ഗേറ്റ്, ഗോദ്റേജ്, സിന്തോള്‍, നിര്‍മ തുടങ്ങി അനേകം ഉത്പന്നങ്ങള്‍ വിപണി പിടിച്ചു. രാമായണം എഫക്ടില്‍ വിപണിയുടെ സ്വഭാവം തന്നെ മാറി.

അമേരിക്കയിലെ ലോവ സര്‍വകലാശാലയിലെ മോഡേണ്‍ ഇന്ത്യന്‍ സ്റ്റഡീസ് പ്രൊഫസറായിരുന്ന ഫിലിപ്പ് ലുട്ട്‌ജെന്‍ഡോഫ് ഇന്ത്യന്‍ ടെലിവിഷന്‍ കണ്ട എക്കാലത്തെയും വലിയ ഇവന്റെന്നാണ് രാമായണം പരമ്പരയെ വിശേഷിപ്പിച്ചത്. ദക്ഷിണേഷ്യയില്‍ തന്നെ അത്രയധികം മനുഷ്യര്‍ ആദ്യമായി ഒരേസമയം ഒരുമിച്ച ഒരു പ്രവൃത്തി രാമായണം സീരിയല്‍ കാണലായിരുന്നു. ലോകത്ത് ഒരിടത്തും അതിന് മുന്‍പ് ഒരു സന്ദേശം ഒരേസമയം ഇത്രയധികം പേരില്‍ എത്തിയിട്ടില്ല. ബുദ്ധിജീവികള്‍ക്കും രാജ്യത്തിന്റെ നയം രൂപീകരിക്കുന്നവര്‍ക്ക് പോലും അതുണ്ടാക്കാനിരിക്കുന്ന ദൂര വ്യാപക ഫലങ്ങള്‍ പ്രവചിക്കാനായില്ലെന്നും പ്രൊഫസര്‍ ഫിലിപ് പറയുന്നു.

ബുദ്ധിജീവികളുടെയും അക്കാദമീഷ്യന്‍സിന്റെയും ഇടയില്‍ അന്ന് തന്നെ എതിര്‍പ്പുകളുണ്ടായി, രാമായണം ഉണ്ടാക്കാനിരിക്കുന്ന സാംസ്‌കാരിക പ്രശ്‌നങ്ങളെക്കുറിച്ച് വിഖ്യാത ചരിത്രകാരി റൊമില ഥാപര്‍ രാമായണം സീരിയലിന്റെ അവതരണം അധികാരത്തിന്റെ അപകടകരമായ പ്രയോഗമെന്നാണ് നിരീക്ഷിച്ചത്. പരമ്പരയുടെ നിര്‍മാതാക്കള്‍ അവരുടെ മാത്രം കാഴ്ചപാടിലുള്ള രാമായണമാണ് നിര്‍മിച്ചത്. എന്നാല്‍ അത് സംപ്രേഷണം ചെയ്ത മാധ്യമത്തിന്റെ സ്വാധീന ശക്തികൊണ്ട് രാജ്യത്തിന്റെ ദേശീയ സാസ്‌കാരികതയുടെ ഭാഗമായി തന്നെ അവതരിപ്പിക്കപ്പെട്ടു. വിവിധ ദേശങ്ങളില്‍ വിവിധ കാലങ്ങളില്‍ എഴുതിയും എഴുതാതെയും പ്രചരിച്ചുകൊണ്ടിരുന്ന രാമായണ വ്യാഖ്യാനങ്ങള്‍ അതോടെ കാലഹരണപ്പെട്ടു.

ഒരു ടെലിവിഷൻ സീരിയൽ രാജ്യത്തെ മാറ്റിമറിച്ച കഥ
ചൊടിപ്പിച്ചത് മോദിയെ വിമര്‍ശിച്ചതോ? ആകാശ് ആനന്ദിനെ 'വെട്ടിവീഴ്ത്തി' മായാവതി

രാമാനന്ദ് സാഗറിന്റെ ടെലിവിഷന്‍ രാമായണം മായ്ച്ചുകളഞ്ഞ രാമായണ കഥകള്‍

രാമചരിത മാനസത്തേയും വാത്മീകി രാമായണത്തേയും കൂടാതെ കമ്പരാമായണം, ഭവരത രാമായണം, അധ്യാത്മരാമായണം, രാമചന്ദ്രചരിതപുരാണം, ഉറുദു രാമായണം എന്നിവയേക്കൂടി ആധാരമാക്കിയാണ് പരമ്പര നിര്‍മിച്ചതെന്ന് ടൈറ്റില്‍ കാര്‍ഡില്‍ രാമാനന്ദ് സാഗറിന്റെ സാഗര്‍ ആര്‍ട്‌സ് പറയുന്നുണ്ട്. എന്നാല്‍ ഒരു രാമായണത്തിലും അന്നോളം കേട്ടിട്ടില്ലാത്ത സന്ദര്‍ഭങ്ങള്‍ രാമാനന്ദ് സാഗറിന്റെ രാമായണത്തിലുണ്ടായിരുന്നു. വസിഷ്ടരാമായണം , അഗസ്തിരാമായണം , ബംഗാളി രാമായണം, കൊങ്കിണി രാമായണം, ബുദ്ധരാമായണം,ജൈന രാമായണം, ഗോവിന്ദ രാമായണം അങ്ങനെ 300 ല്‍ അധികം രാമായണങ്ങള്‍ ഇന്ത്യയില്‍ പ്രചരിച്ചിരുന്നതായി ചരിത്രകാരന്മാര്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. രാമന്‍ മാത്രമല്ല രാവണനും സീതയും മുഖ്യകഥാപാത്രങ്ങളായുള്ള രാമാണയങ്ങള്‍ ഇന്ത്യയില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നു. രാമന്‍ വില്ലനും രാവണന്‍ നായകനുമായ രാമയണങ്ങളുണ്ട്, എന്തിന് കേരളത്തില്‍ മാപിള രാമായണം വരെ വ്യാപക പ്രചാരം നേടിയിട്ടുണ്ട്.

ബര്‍മ, ഇന്തോനേഷ്യ, കംബോഡിയ, ലാവോസ്, ഫിലിപൈന്‍സ്, ചൈന, തുടങ്ങിയ ദേശങ്ങളിലൊക്കെ അതാതിടിങ്ങളിലെ ഭാഷാഭേദങ്ങളില്‍ രാമകഥ പ്രചാരത്തിലുണ്ട്. എന്നാല്‍ രാമാന്ദ് സാഗറിന്റെ ടെലിവിഷന്‍ രാമായണം വന്നതോടെ ഫോക് ലോറായും പ്രാദേശിക കലാ അവതരണങ്ങളായും പ്രചരിച്ചിരുന്ന രാമായണത്തിന്റെ പ്രാദേശിക വകഭേദങ്ങളെല്ലാം രാമാനന്ദ്‌സാഗറിന്റെ ടെലിവിഷന്‍ രാമായണത്തിന്റെ ദൃശ്യപൊലിമയില്‍ മുങ്ങിത്താണു. ഏറ്റവും വലിയ സാംസ്‌കാരിക നഷ്ടമെന്നാണ് ഇതിനെ റൊമില ഥാപ്പര്‍ വിശേഷിപ്പിക്കുന്നത്.

1989 ലെ പൊതുതിരഞ്ഞെടുപ്പ് അരങ്ങേറുന്നത് ടെലിവിഷന്‍ രാമായണം രാജ്യത്താകെ ഈ വിധം സ്വാധീനശക്തിയായ ഘട്ടത്തിലാണ്. ബോഫോഴ്‌സ് അഴിമതി, ഷാ ബാനോ കേസിന്റെ പശ്ചാത്തലത്തില്‍ മുസ്ലീം പ്രീണന ആരോപണങ്ങള്‍, ശ്രീലങ്കയിലെ ഇന്ത്യന്‍ സൈന്യത്തിന്റെ ഇടപെടല്‍ അഴിമതി ആരോപണങ്ങള്‍, വിപി സിങ് ഉയര്‍ത്തിയ അന്തപുരകലാപങ്ങള്‍ എല്ലാം കൊണ്ടും പൊറുതിമുട്ടിയിരുന്ന രാജീവ് ഗാന്ധി ഭൂരിപക്ഷ വോട്ട് ഉറപ്പിക്കാനുള്ള ഒരു ഉപായമെന്ന രീതിയിലാണ് ടെലിവിഷന്‍ രാമായണത്തെ കണ്ടത്. 1988 ലെ പൊതു തിരഞ്ഞെടുപ്പില്‍ വി പി സിങ്ങിനെതിരെ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ശാസ്ത്രിക്ക് വേണ്ടി രാമനായി വേഷമിട്ട അരുണ്‍ ഗോവില്‍ പ്രചാരണത്തിനിറങ്ങി. രാമനെ ഓര്‍മിപ്പിക്കും വിധം കാവി ഷാള്‍ ധരിച്ചാണ് ഗോവില്‍ കോണ്‍ഗ്രസ് പ്രചാരണത്തിന് എത്തിയത്.

സംഘപരിവാര്‍ മറ്റൊരു രൂപത്തിലാണ് രാമായണം പരമ്പരയെ ഉപയോഗിച്ചത്. ആ ഘട്ടത്തിലാണ് വിഎച്ച്പിയുടെ ക്ഷേത്ര പുനരുദ്ധാരണ കാമ്പെയ്ന്‍ സജീവമാകുന്നത്. മുസ്ലിം രാജാക്കന്മാര്‍ ക്ഷേത്രങ്ങള്‍ തകര്‍ത്ത് പണിത പള്ളികള്‍ തിരികെപ്പിടിച്ച് ക്ഷേത്രങ്ങളാക്കുക എന്നായിരുന്നു ആ കാമ്പെയ്ന്‍. വിഎച്ച്പി നേതാവ് അശോക് സിംഗാള്‍ രാജ്യം ഒട്ടുക്കെ സഞ്ചരിച്ച് വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി. നിരവധി ദൈവങ്ങളും ജാതികളും ഉപജാതികളുമുള്ള ഹിന്ദുമതത്തെ സെമിറ്റിക് മതങ്ങളുടെ രീതിയില്‍ ഏകീകരിക്കാനുള്ള ഒരു ഉപകരണമായി രാമനേയേും ടെലിവിഷന്‍ രാമായണത്തേയും വിഎച്ച്പി കണ്ടു.

ഒരു ടെലിവിഷൻ സീരിയൽ രാജ്യത്തെ മാറ്റിമറിച്ച കഥ
'പോപുലേഷൻ ജിഹാദിന് കുടപിടിക്കുന്ന കേന്ദ്രസർക്കാർ റിപ്പോർട്ട്; പ്രചാരണങ്ങൾക്ക് പിന്നിലെ യാഥാർഥ്യമെന്ത്?

വീണ്ടും തിരഞ്ഞെടുപ്പ്

ഇതിനിടെ തിരഞ്ഞെടുപ്പ് ഫലം വന്നു. കോണ്‍ഗ്രസ് കൂപ്പുകുത്തി. 1984 നെ അപേക്ഷിച്ച് 200 സീറ്റ് കുറഞ്ഞു. ലഭിച്ചത് 197 സീറ്റ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടില്‍ ഒതുങ്ങിയ ബിജെപി 86 സീറ്റ് നേടി, പല കോണ്‍ഗ്രസ് നേതാക്കളും പരാജയമറിഞ്ഞു. അഹമ്മദ് പട്ടേല്‍, രാജേഷ് പൈലറ്റ്, ബൂട്ടാസിങ് അടക്കമുള്ളവര്‍ പരാജയപ്പെട്ടു. വി പി സിങ്ങിന്റെ ജനതാദള്‍ 142 സീറ്റ് നേടി. ബിജെപിയുടെയും ഇടതുപക്ഷത്തിന്റെയു പിന്തുണയോടെ രാജ്യത്ത് വീണ്ടും ഒരു കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. വി പി സിങ് പ്രധാനമന്ത്രിയായി. അന്ന് കോണ്‍ഗ്രസിനെ പറ്റിച്ചത് ഐബിയായിരുന്നു. ഭൂരിപക്ഷം പ്രവചിച്ച തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തിന് അടുത്തെത്താതെ കോണ്‍ഗ്രസ് വീണ്ടും പ്രതിപക്ഷത്തായി.

രണ്ട് പക്ഷത്തിന്റേയും വോട്ട് ലക്ഷ്യമിട്ടായിരുന്നു രാജീവിന്റെ പ്രീണന ശ്രമങ്ങള്‍. പക്ഷെ ദൂരദര്‍ശനില്‍ രാമായണം വോട്ടാക്കാനുള്ള ശ്രമം അഴിമതിയാരോപണങ്ങളിലും ആഭ്യന്തര തര്‍ക്കങ്ങളിലും വിഫലമായി. രാമായണ പരമ്പരയുടെ നേട്ടം കൊയ്തത് ബിജെപിയാണ്. ഹിന്ദുത്വം മതമെന്നതിനപ്പുറം രാഷ്ട്രീയ പ്രത്യയശാസ്ത്രമെന്ന നിലയില്‍ വളരുന്നതിന് രാമായണപരമ്പര അടിവളമായി. വിഎച്പിയുടേയും ആര്‍എസ്എസിന്റേയും പിന്‍ബലത്തില്‍ എല്‍കെ അദ്വാനിയുലൂടെയും എബി വാജ്‌പെയിലൂടെയും രാമജന്മഭൂമി പ്രക്ഷോഭം ശക്തമായി. കോണ്‍ഗ്രസ് താത്കാലിക നേട്ടത്തിന് പ്രയോഗിച്ച വിദ്യകളിലൂടെ ബിജെപി വളര്‍ന്നു തുടങ്ങി. ദേശീയോദ്ഗ്രഥനത്തിന്റെ ഭാഗമാണ് ടെലിവിഷന്‍ രാമായണം എന്നാണ് കോണ്‍ഗ്രസും പരിവാറും ഒരുപോലെ വിശേഷിപ്പിച്ചത്. ഇന്ത്യ പോലുള്ള ഒരു വൈവിധ്യമാര്‍ന്ന രാജ്യത്തിന് മതപരമായ ഇടുങ്ങിയ നിര്‍വചനം നല്‍കിയത് ഞെട്ടിപ്പിക്കുന്നതെന്നാണ് ഹൌ ടെലിവിഷന്‍ ചേഞ്ച്ഡ് ഇന്ത്യ എന്ന പുസ്തകത്തില്‍ അമൃത ഷാ എഴുതുന്നു.

രാമന്റെയും സീതയുടേയും രാഷ്ട്രീയ പ്രവേശനം

കാവി ഷാള്‍ ധരിച്ച് കോണ്‍ഗ്രസിനായി പ്രചാരണത്തിന് പോയ അതേ ടെലിവിഷന്‍ ശ്രീരാമാന്‍ അരുണ്‍ ഗോവില്‍ ഈ പൊതു തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മീററ്റില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി. സീതയായി അഭിനയിച്ച ദീപിക ചിഖാലിയ 1991ല്‍ തന്നെ ബറോഡയില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു ജയിച്ചിരുന്നു. ഹനുമാന്‍ വേഷം ചെയ്ത ധാരാ സിങ്ങും ആ ഘട്ടത്തില്‍ തന്നെ രാഷ്ട്രീയ പ്രവേശനം നടത്തുന്നുണ്ട്. രാവണനായി അഭിനയിച്ച അരവിന്ദ് ത്രിവേദി 1991ലെ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ഗുജറാത്തിലെ സബര്‍കാന്ത മണ്ഡലത്തില്‍ നിന്നും ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഹനുമാനായി വേഷമിട്ട പ്രശസ്ത ഗുസ്തി താരം ധാരാ സിങ് കായികതാരം എന്ന പരിഗണനയില്‍ 2003 മുതല്‍ 2009 വരെ ബിജെപിയുടെ രാജ്യസഭാംഗമായിരുന്നു. പരമ്പരയിലെ മുഖ്യ കഥാപാത്രങ്ങള്‍ മിക്കവരും അങ്ങനെ പില്‍ക്കാലത്ത് ബിജെപി നേതാക്കളോ ജനപ്രതിനിധികളോ ആയി മാറി. ഹിന്ദുത്വ രാഷ്ട്രീയത്തില്‍ ഒരു ടെലിവിഷന്‍ പരമ്പര ചെലുത്തിയ സ്വാധീനത്തിന് ഇതിനപ്പുറം തെളിവ് വേണ്ടല്ലോ..

ഒരു ടെലിവിഷൻ സീരിയൽ രാജ്യത്തെ മാറ്റിമറിച്ച കഥ
രാജ്യത്തെ നിശ്ചലമാക്കിയ റെയിൽവേ പണിമുടക്കിന് അൻപതാണ്ട്   

മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍

രാജീവ് സര്‍ക്കാര്‍ പുറത്തുപോയി വിപി സിംഗ് മന്ത്രിസഭ അധികാരമേറ്റെടുത്തതിന് ശേഷം സംഭവബഹുലമായിരുന്നു ഇന്ത്യന്‍ രാഷ്ട്രീയം.അധികാരമേറ്റ ഉടനെ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വിപി സിങ് പൊടിതട്ടിയെടുത്തു. സംവരണ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തമായി ബിജെപി മുന്നില്‍ നിന്ന് നയിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി 63 പേര്‍ ആത്മഹത്യ ചെയ്തുവെന്നാണ് കണക്ക്. ഡല്‍ഹിയിലെ ദേശബന്ദു കോളേജിലെ വിദ്യാര്‍ത്ഥി രാജീവ് ഗോസ്വാമിയുടെ ആത്മഹത്യയൊക്കെ ഇതിനോടനുബന്ധിച്ചാണ് ഉണ്ടാവുന്നത്. പൊള്ളലേറ്റ് കഴിഞ്ഞിരുന്ന രാജീവ് ഗോസ്വാമിയെ കാണാനെത്തിയ ബിജെപി അധ്യക്ഷന്‍ എല്‍ കെ അദ്വാനിയെ മണ്ഡല്‍ വിരുദ്ധ സമരക്കാര്‍ തടഞ്ഞു.സമരത്തിന്റെ ശക്തി തിരിച്ചറിഞ്ഞ ബിജെപി പുതിയ ചീട്ടെടുത്തു. ഗുജറാത്തിലെ സോമനാധ ക്ഷേത്രത്തില്‍ നിന്ന് അയോധ്യയിലേക്ക് ഒരു രഥയാത്ര. ടെലിവിഷന്‍ രാമായണത്തിലെ രാവണവധവും പട്ടാഭിഷേക രംഗവുമടക്കം വിഎച്ച്എസ് കാസറ്റുകളിലൂടെ സംഘപരിവാറിന്റെ പ്രചാരണോപാധികളായി.രാജ്യത്തിന്റെ മതേതരത്വത്തിന് മീതെ ബിജെപിയുടെ രഥം ഉരുണ്ടു.

'രാം നാം ജാദു ഐസ, രാം നാം മന്‍ ഭയെ, മന്‍കി അയോധ്യ തബ് ത്ക സുനി'. എന്ന ഗാനത്തോടെ രാജ്യത്തിന്റെ മതേതരത്വത്തിന് മീതെ ബിജെപിയുടെ രഥം ഉരുണ്ടു. നരേന്ദ്ര മോദിയായിരുന്നു രഥയാത്രയുടെ ഗുജറാത്തിലെ സംഘാടകന്‍. ഡല്‍ഹിയില്‍ രഥവുമായെത്തിയ അദ്വാനി തന്നെ അറസ്റ്റ് ചെയ്യാന്‍ വി പി സിങ്ങിനെ വെല്ലുവിളിച്ചു. രഥയാത്ര ഒരുമാസം കഴിഞ്ഞ് ബിഹാറിലെത്തിയപ്പോള്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് സമസ്തിപൂരില്‍ വച്ച് രഥയാത്ര തടഞ്ഞു, അദ്വാനിയെ അറസ്റ്റ് ചെയ്തു. അങ്ങനെ ദേശീയ മുന്നണിക്കുള്ള പിന്തുണ ബിജെപി പിന്‍വലിച്ചു. വി പി സിങ്ങിന് അധികാരം നഷ്ടമായി.

ഒരു ടെലിവിഷൻ സീരിയൽ രാജ്യത്തെ മാറ്റിമറിച്ച കഥ
അന്ന് കൊല്ലപ്പെട്ട പട്ടാളക്കാർ, ഇന്ന് മുസ്ലിങ്ങൾ! നോക്കുകുത്തിയായ കമ്മിഷന് മുന്നിൽ തുടരുന്ന മോദിയുടെ വിദ്വേഷപ്രചാരണം

വീണ്ടും തിരഞ്ഞെടുപ്പ്

മണ്ഡലും മന്ദിറും കളം പിടിച്ച തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊണ്ടിരിക്കുമ്പോള്‍ തമിഴ്‌നാട്ടിലെ മീനമ്പാക്കം വിമാനതാവളത്തില്‍ വച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ രാജീവ് ഗാന്ധിയുടെ സുപ്രധാന പ്രഖ്യാപനം . അധികാരത്തില്‍ തിരിച്ചുവന്നാല്‍ അഭിപ്രായ ഐക്യം ഉണ്ടാക്കിയ ശേഷം അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കും. ശേഷം രാത്രി 10 മണിയോടെ ശ്രീപെരുമ്പത്തൂരിലെത്തി , അവിടെ തമിഴ്പുലികളുടെ ചാവേറാക്രമണത്തില്‍ രാജീവ് കൊല്ലപ്പെട്ടു. തിരഞ്ഞെടുപ്പില്‍ സഹതാപതരംഗത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തി. നരസിംഹറാവു പ്രധാനമന്ത്രിയായി. എന്നാല്‍ ബിജെപിയുടെ സീറ്റ് നില 84 ല്‍ നിന്നു 122 സീറ്റിലേക്ക് ഉയര്‍ന്നു. യുപി രാജസ്ഥാന്‍ മധ്യപ്രദേശ് ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലും ബി ജെപി അധികാരത്തില്‍ എത്തി.

ദക്ഷിണേന്ത്യയില്‍ കര്‍ണാടക ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും വടക്ക് കിഴക്ക് അസമിലും ബിജെപിയുടെ വോട്ട് ശതമാനം വര്‍ധിച്ചു. ബിജെപി ഇന്ത്യയിലെ പ്രധാനപ്പെട്ട രാഷ്ട്രീയപാര്‍ട്ടിയായി വളര്‍ന്നു.

ഗാന്ധി വധത്തിന് ശേഷം മതേതര ഇന്ത്യയ്‌ക്കേറ്റ ഏറ്റവും വലിയ മുറിവ്

1991 ലെ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു കല്യാണ്‍ സിങ് മുഖ്യമന്ത്രിയായി ഈ ഘട്ടത്തിലാണ് 1992 ഡിസംബറില്‍ അയോധ്യയിലേക്ക് ബിജെപിയും വിഎച്ച്പിയും സംയുക്തമായി ഒന്നര ലക്ഷം കര്‍സേവകരുടെ റാലി സംഘടിപ്പിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിര്‍ഗീയ കലാപങ്ങള്‍ പൊട്ടിപടര്‍ന്നു. ബിജെപി നേതാക്കളായ ഉമഭാരതി, മുരളി മനോഹര്‍ ജോഷി എന്നിവരുടെ നേതൃത്വത്തില്‍ 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്തു. ഗാന്ധി വധത്തിന് ശേഷം മതേതര ഇന്ത്യയ്‌ക്കേറ്റ ഏറ്റവും വലിയ മുറിവ്. 1987 മുതല്‍ 1992 വരെയുള്ള അഞ്ച് വര്‍ഷത്തെ ഹിന്ദുത്വ രാഷ്ട്രീയ ധ്രുവീകരണത്തില്‍ അത്ര വലിയ സ്വാധീനം ടെലിവിഷന്‍ രാമായണത്തിന് ഉണ്ടായിരുന്നു.വേറൊരു വിധം പറഞ്ഞാല്‍ ഒരു ശിലാന്യാസത്തിന് അന്ന് തുടക്കം കുറിക്കുകയായിരുന്നു ടെലിവിഷന്‍ രാമായണത്തിലൂടെ. രാമായണത്തിന്റെ ടെലിവിഷന്‍ ആഖ്യാനം രാമജന്മഭൂമിയലെ ക്ഷേത്രത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഹിന്ദുത്വയുടെ ഏറ്റവും വലിയ വിശദീകരണമായിരുന്നു, ബാബരി പള്ളി തകര്‍ക്കുന്നതിനുള്ള അവരുടെ വലിയ ന്യായീകരണവും.