'ന്യൂനപക്ഷക്കാരെ അടിച്ചോടിച്ചു', യു പിയിലെ ചില മണ്ഡലങ്ങളിലെ പോലീസ് ഇടപെടൽ വോട്ടെടുപ്പ് അട്ടിമറിക്കാനെന്ന് ആക്ഷേപം

'ന്യൂനപക്ഷക്കാരെ അടിച്ചോടിച്ചു', യു പിയിലെ ചില മണ്ഡലങ്ങളിലെ പോലീസ് ഇടപെടൽ വോട്ടെടുപ്പ് അട്ടിമറിക്കാനെന്ന് ആക്ഷേപം

മുസ്ലിം വിഭാഗത്തില്‍നിന്നുള്ള നിരവധി പേരാണ് തങ്ങളെ വോട്ട് ചെയ്യാന്‍ പോലീസ് അനുവദിച്ചില്ലെന്ന് ആരോപിച്ച് രംഗത്തുവന്നിരിക്കുന്നത്

പതിനെട്ടാം ലോക്‌സഭയിലേക്കുള്ള വോട്ടെടുപ്പ് മൂന്നാം ഘട്ടം പിന്നിടുമ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണം വിദ്വേഷ പരാമര്‍ശങ്ങളിലേക്കു തിരിയുന്ന കാഴ്ചയാണ് രാജ്യം കണ്ടത്. ഇതിനൊപ്പമാണ് മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരെ വോട്ട് ചെയ്യാന്‍ അനുവദിക്കാതെ തല്ലിയോടിക്കുന്ന പോലീസിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഉത്തര്‍പ്രദേശിലെ സംഭാല്‍ ലോക്‌സഭ മണ്ഡലത്തില്‍നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ ആരോപണങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തുകയും ചെയ്തു.

ബിജെപിക്കു തിരിച്ചടി നേരിടുമെന്ന് ഉറപ്പുള്ള മേഖലകളില്‍ പോലീസിനെയും ഭരണസംവിധാനങ്ങളെയും ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും ബൂത്ത് പിടിത്തത്തിന്റെ പുതിയ മാതൃകയാണ് പുറത്തുവന്നതെന്നുമാണ് പ്രധാന വിമര്‍ശനം. പോലീസിനെതിരെ ഗുരുതരമായ ആരോപണമാണ് സംഭാലിലെ ഗ്രാമങ്ങളില്‍നിന്നുള്ളവര്‍ ഉന്നയിക്കുന്നത്. ഈ ഗ്രാമങ്ങളിലെ മുന്‍ തിരഞ്ഞെടുപ്പ് കണക്കുകളും ബിജെപിയുടെ സ്വാധീനമില്ലായ്മയും ചേര്‍ത്തുവേണം ഈ ആരോപണങ്ങളെ വായിക്കാന്‍.

Summary

സംഭാലിലെ അസ്‌മൊലി നിയമസഭ മണ്ഡലത്തിനു കീഴില്‍ വരുന്ന മുസ്ലിം ഭൂരിപക്ഷ ഗ്രാമങ്ങളിലാണ് പോലീസിന്റെ വ്യാപക അതിക്രമമുണ്ടായതായി പരാതി ഉയര്‍ന്നിരിക്കുന്നത്

''മന്‍സുര്‍പുര്‍ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളില്‍ വോട്ട് ചെയ്യാന്‍ കാത്തുനില്‍ക്കുകയായിരുന്നു ഞങ്ങള്‍. പെട്ടെന്ന് പത്തോളം എസ്‌യുവി കാറുകളില്‍ നിരവധി പോലീസുകാര്‍ വന്നിറങ്ങി. പോളിങ് ബൂത്തിലേക്ക് പാഞ്ഞുകയറിയ അവര്‍, ഞങ്ങളുടെ ഐഡി കാര്‍ഡുകള്‍ തട്ടിപ്പറിച്ചു. വോട്ടര്‍മാരെ ലാത്തികൊണ്ട് അടിച്ചോടിച്ചു. രണ്ടു പോലീസുകാര്‍ എന്റെ അരികിലുമെത്തി. എന്റെ ആധാര്‍ പിടച്ചുവാങ്ങി. എന്നെ തുടരെ തല്ലി. ഞാന്‍ ബൂത്തില്‍നിന്ന് ഇറങ്ങിയോടുന്നതുവരെ തല്ലി,''പോലീസുകാര്‍ മുസ്ലിംകളെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന ആരോപണമുയര്‍ന്ന ഉത്തര്‍പ്രദേശിലെ സംഭാല്‍ ലോക്‌സഭ മണ്ഡലത്തിലെ മന്‍സൂര്‍പുര്‍ ഗ്രാമത്തില്‍ നിന്നുള്ള മുഹമ്മദ് ജമാലിന്റെ വാക്കുകളാണ്. പതിനെട്ടുകാരനായ ജമാല്‍, ആദ്യ വോട്ട് ചെയ്യുന്നതിന്റെ ആകാക്ഷയില്‍ വരിയില്‍ കാത്തുനില്‍ക്കുമ്പോഴാണ് പോലീസ് അതിക്രമം നേരിടേണ്ടിവന്നത്.

മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള നിരവധി പേരാണ് തങ്ങളെ വോട്ട് ചെയ്യാന്‍ പോലീസ് അനുവദിച്ചില്ലെന്ന് ആരോപിച്ച് സംഭാലില്‍ രംഗത്തുവന്നിരിക്കുന്നതെന്ന് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭാലിലെ അസ്‌മൊലി നിയമസഭ മണ്ഡലത്തിനു കീഴില്‍ വരുന്ന മുസ്ലിം ഭൂരിപക്ഷ ഗ്രാമങ്ങളിലാണ് പോലീസിന്റെ വ്യാപക അതിക്രമമുണ്ടായതായി പരാതി ഉയര്‍ന്നിരിക്കുന്നത്. ഈ ഗ്രാമങ്ങളില്‍ ബിജെപിക്ക് വലിയതോതിലുള്ള തിരിച്ചടിയാണ് തിരഞ്ഞെടുപ്പുകളില്‍ നേരിടുന്നത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എസ് പി സ്ഥാനാര്‍ഥി ഷഫൂഖുര്‍ റഹ്‌മാന്‍ ബാര്‍ഖിനോട് ബിജെപി 1.75 ലക്ഷം വോട്ടിനാണ് പരാജയപ്പെട്ടത്. ഇത്തവണ ബാര്‍ഖിന്റെ ചെറുമകനെയാണ് എസ് പി സ്ഥാനാര്‍ഥിയാക്കിയത്.

പോലീസിനെതിരെ എസ് പിയും കോണ്‍ഗ്രസും മാത്രം ഉയര്‍ത്തുന്ന ആരോപണമല്ല ഇത്. ബി എസ്‌ പി സ്ഥാനാര്‍ഥി ചൗധരി സൗലത് അലിയും ഇത്തരം സംഭവങ്ങള്‍ നടന്നതായി ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍, പരാതി ലഭിച്ചാല്‍ അന്വേഷിക്കാമെന്ന നിലപാടിലാണ് ഉത്തര്‍പ്രദേശ് ഡിജിപി പ്രശാന്ത് കുമാർ.

'ന്യൂനപക്ഷക്കാരെ അടിച്ചോടിച്ചു', യു പിയിലെ ചില മണ്ഡലങ്ങളിലെ പോലീസ് ഇടപെടൽ വോട്ടെടുപ്പ് അട്ടിമറിക്കാനെന്ന് ആക്ഷേപം
അദാനിയെയും അംബാനിയെയും രാഹുല്‍ വെറുതെവിട്ടിട്ടില്ല; മോദിയുടെ ആരോപണത്തിന് മറുപടി ഈ പ്രസംഗങ്ങള്‍

മന്‍സുര്‍പുറിന് പുറമേ, ഷഹ്ബാസ്പുര്‍ കാല ഒവാരി, മുബാറഖ്പുര്‍, ഗ്രാമങ്ങളിലും പോലീസ് സമാനമായ ആക്രമണം നടത്തിയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഒവാരിയില്‍ ചിലര്‍ ഈ അതിക്രമത്തിന്റെ വീഡിയോ പകര്‍ത്തി. മുബാറഖ്പുര്‍ ഗ്രാമത്തില്‍ പോലീസിന്റെ അതിക്രമത്തിനിരയായത് പോളിങ് കേന്ദ്രത്തിലെത്തിയ ദളിത് യുവാവും അമ്മയുമാണെന്ന് ഗ്രാമവാസികള്‍ ആരോപിക്കുന്നു. ക്രമസമാധാനം സംരക്ഷിക്കുന്നതില്‍ യുപി പോലീസ് സൃഷ്ടിക്കുന്ന മാതൃകയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചതിന് പിന്നാലെയാണ്, ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാന്‍ യുപി പോലീസിലെ ഒരുവിഭാഗം പോലീസുകാരുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായത്.

പോലീസിന്റെ ഭാഗത്തുനിന്ന് അതിക്രമം നേരിട്ട ചിലര്‍ വോട്ട് ചെയ്തിട്ടില്ലെന്നും എന്നാല്‍ ഭൂരിഭാഗം പേരും തിരിച്ചെത്തി വോട്ട് ചെയ്‌തെന്നും ഗ്രാമവാസികള്‍ പറഞ്ഞതായി സ്‌ക്രോള്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മന്‍സുര്‍പുറില്‍ 2,906 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,641 പേര്‍ വോട്ട് ചെയ്‌തെന്നും ആകെ പോളിങ് ശതമാനം 56.5 ആണെന്നും സമാജ്‌വാദി പാര്‍ട്ടിയുടെ ബൂത്ത് ഏജന്റ് വ്യക്തമാക്കുന്നു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം 59.09 ശതമാനമായിരുന്നു. 2022-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത് 6.6 ശതമാനമായിരുന്നു.

ന്യായീകരിച്ച് പോലീസും തിരഞ്ഞെടുപ്പ് കമ്മിഷനും

വോട്ടര്‍മാരുടെ ഐഡി കാര്‍ഡുകള്‍ തട്ടിപ്പറിക്കുകയും മര്‍ദിക്കുകയും ചെയ്യുന്ന പോലീസുകാരുടെ വീഡിയോകള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, പോലീസിനെ ന്യായീകരിക്കുന്ന നിലപാടാണ് കളക്ടര്‍ മനിഷ് ബന്‍സാലിന്റെ ഭാഗത്തുനിന്നുണ്ടായത്.

ഒവാരിയിലെ ബൂത്തിനകത്ത് അനാവശ്യമായി ധാരാളം ആളുകളുണ്ടായിരുന്നു, പോലീസ് ഉദ്യോഗസ്ഥര്‍ അവരെ പിരിച്ചുവിട്ട് ക്യൂ ഉണ്ടാക്കിയ ശേഷം വോട്ടിങ് നടത്തുകയായിരുന്നുവെന്നാണ് കളക്ടറുടെ വിശദീകരണം. ഇതേ നിലപാട് തന്നെയാണ് തിരഞ്ഞെടുപ്പ് കമ്മിഷനും ആവര്‍ത്തിച്ചത്. വീഡിയോ പങ്കുവെച്ച മാധ്യമപ്രവര്‍ത്തക സ്വാതി ചതുര്‍വേദിയുടെ ട്വീറ്റ് തെറ്റിദ്ധാരണ പരത്തുന്നതാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അഭിപ്രായപ്പെട്ടു.

മുസ്ലിം വോട്ടുകള്‍ നിര്‍ണായകം

ഒവാരി ഗ്രാമത്തില്‍ 2,711 വോട്ടര്‍മാരാണുള്ളത്. 59.9 ശതമാനമാണ് പോളിങ് ശതമാനം. 2019-ല്‍ ഇത് 64 ശതമാനമായിരുന്നു. ഈ രണ്ട് ഗ്രാമങ്ങളിലും പോളിങ് ശതമാനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പോലീസ് അതിക്രമം നടന്ന മറ്റൊരു ഗ്രാമമായ ഷഹബാസ്പുരില്‍, 2022-ലെ നിയമസഭ തിരഞ്ഞെുപ്പില്‍ എസ്പിക്ക് ലഭിച്ചത് 81 ശതമാനം വോട്ട് വിഹിതമാണ്. ഒവാരിയില്‍ ലഭിച്ചതിനെക്കാള്‍ 72 ശതമാനം കൂടുതല്‍. 2022-ല്‍ സമാജ്‌വാദി പാര്‍ട്ടി പിന്നോട്ടുപോയ മറ്റു ഗ്രാമങ്ങളില്‍ ഇത്തരം അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ഹിന്ദുക്കളും മുസ്ലിംകളും ഒരുപോലെയുള്ള ഗമ്മനപുരയില്‍ വോട്ടെടുപ്പ് ശാന്തമായിരുന്നു. ഇവിടെയുള്ള മുസ്ലിം സമുദായത്തിന്റെ 48 ശതമാനം വോട്ടും കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്കാണ് ലഭിച്ചത്. 34 ശതമാനം വോട്ട് എസ്പിയിലേക്കും പോയി. താക്കൂര്‍ സമുദായത്തിന് മേല്‍ക്കൈയുള്ള ഖാസ്പുര്‍ ഗ്രാമത്തിലു പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. 2022-ല്‍ ഇവിടുത്തെ 60 ശതമാനം വോട്ടും നേടിയത് ബിജെപിയാണ്. മുസ്ലിംകളും ജാട്ടുകളും ഒരുപോലെയുള്ള തല്‍വാറില്‍ എസ്പിക്ക് 44 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ ബിജെപിക്ക് 41 ശതമാനം വോട്ട് ലഭിച്ചു. ഈ ഗ്രാമത്തിലും പ്രശ്‌നമൊന്നും സംഭവിച്ചില്ല. പക്ഷേ, മന്‍സുര്‍പുറിലും മുബാറക്പുറിലും സമാജ് വാദി പാര്‍ട്ടിയാണ് മുന്നിട്ട് നിന്നത്. മന്‍സുര്‍പുരില്‍ എസ്പിക്ക് 64 ശതമാനം വോട്ട് ലഭിച്ചപ്പോള്‍, മുബാറക്പുരില്‍ 69 ശതമാനം വോട്ടാണ് ലഭിച്ചത്.

'ന്യൂനപക്ഷക്കാരെ അടിച്ചോടിച്ചു', യു പിയിലെ ചില മണ്ഡലങ്ങളിലെ പോലീസ് ഇടപെടൽ വോട്ടെടുപ്പ് അട്ടിമറിക്കാനെന്ന് ആക്ഷേപം
'പരസ്പരം ആരോപണങ്ങള്‍ മാത്രം, മറുപടികളില്ല'; മോദിയെയും രാഹുലിനെയും സംവാദത്തിന് ക്ഷണിച്ച് മുന്‍ ജഡ്ജിമാര്‍

തിരഞ്ഞെടുപ്പില്‍ ഈ മേഖലയില്‍ എസ്പിക്ക് മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കിയ ബിജെപി നടത്തിയ പദ്ധതിയാണ് പോലീസ് നടപടിയെന്ന് പ്രതിപക്ഷം വിമര്‍ശിക്കുന്നു. മുസ്ലിം വോട്ടര്‍മാരെ തല്ലിച്ചതയ്ക്കുന്ന വീഡിയോ പ്രചരിപ്പിക്കുന്നിലൂടെ, ഒരേസമയം, വോട്ടര്‍മാര്‍ക്കിടയില്‍ ഭയം ജനിപ്പിക്കാന്‍ സാധിക്കുമെന്ന് വിലയിരുത്തുന്നവരുമുണ്ട്. വിഷയത്തില്‍ മുസ്ലിം മതമൗലിക വാദികള്‍ നടത്തുന്ന പ്രസ്താവനകള്‍ ഹിന്ദു വിഭാഗത്തിനിടയില്‍ ചേരിതിരിവ് സൃഷ്ടിക്കാനായി ബിജെപിക്ക് ഉപയോഗിക്കാന്‍ സാധിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മറുവശത്ത്, വലിയൊരു വിഭാഗം മുസ്ലിംകള്‍ ഭയന്ന് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നാലും തങ്ങള്‍ക്കു തന്നെയാണ് നേട്ടമെന്ന് ബിജെപി കണക്കുകൂട്ടുന്നുണ്ടെന്നും വിലയിരുത്തലുകളുണ്ട്.

logo
The Fourth
www.thefourthnews.in