KERALA

ജസ്റ്റിന്റെ കാത്തിരിപ്പ് തുടരുന്നു; വിജിമോളെ വിവാഹം കഴിക്കണമെങ്കിൽ സഭയും കോടതിയും കനിയണം

നിയമകാര്യ ലേഖിക

കാസർഗോഡ് കൊട്ടോടി സ്വദേശി ജസ്റ്റിന്റെയും വിജിമോളുടെയും വിവാഹത്തിനായുള്ള കാത്തിരിപ്പ് തുടരുന്നു. ഇരുവീട്ടുകാർക്കും സമ്മതമെങ്കിലും വിവാഹം നടക്കണമെങ്കിൽ കോടതിയും സഭയും കനിയണം. എത്ര നാൾ കാത്തിരുന്നാലും കോടതി ഉത്തരവ് ലഭിച്ച് സഭയുടെ അനുമതിയോടെ ആചാര പ്രകാരം മാത്രമേ വിവാഹം ചെയ്യുവെന്നാണ് ജസ്റ്റിന്റെ തീരുമാനം.

ക്നാനായ സഭാംഗംമായ ജസ്റ്റിന് സഭാ അംഗത്വം നഷ്ടപ്പെടുത്താതെ മറ്റൊരു സഭാംഗത്തെ വിവാഹം കഴിക്കണമെന്നാണ് ആവശ്യം. ഇതിന് കോടതിയുടെ ഉത്തരവും നേടി വിവാഹ നിശ്ചയവും നടത്തി. വിവാഹത്തിനായി മാസങ്ങൾക്ക് മുൻപ് കാസർകോട് കൊട്ടോടി സെന്റ് സേവേഴ്യസ് ചർച്ചിൽ വിവാഹ വസ്ത്രമണിഞ്ഞ് സദ്യയുമൊരുക്കി ഇരുവരുമെത്തി. എന്നാൽ വിവാഹം നടത്തിക്കൊടുക്കാൻ ഇടവക നിസ്സഹകരണം പ്രഖ്യാപിച്ചതോടെ ജസ്റ്റിൻ കോടതിയലക്ഷ്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ മാസം 27ന് ഹൈക്കോടതി ഹർജി പരിഗണിക്കും.

സഭയിലെ നവീകരണ പ്രസ്ഥാനമായ കെസിഎന്‍സി നടത്തിയ നിയമപോരാട്ടത്തെ തുടർന്ന് കോടതി ഉത്തരവുണ്ടായതാണ്. മറ്റൊരു സഭാംഗത്തെ വിവാഹം കഴിക്കുന്നവര്‍ സ്വയം ഭ്രഷ്ട് സ്വീകരിച്ച്‌ സഭയ്ക്ക് പുറത്തുപോകണമെന്നായിരുന്നു സഭാനിയമം. 2021 ഏപ്രില്‍ 30-ന് കെസിഎന്‍എസ് സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കോട്ടയം അഡീഷണല്‍ സബ് കോടതി മറ്റേതെങ്കിലും രൂപതയില്‍ നിന്നുള്ള ഒരു കത്തോലിക്ക അംഗത്തെ വിവാഹം കഴിച്ചുവെന്ന കാരണത്താൽ സഭാ അംഗത്വം അവസാനിപ്പിക്കുന്നത് നിരോധിച്ചുകൊണ്ട് നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

അപ്പീല്‍ ജില്ലാ കോടതി തള്ളിയതിനെത്തുടര്‍ന്ന് മെട്രോപൊളിറ്റന്‍ ആര്‍ച്ച്‌ ബിഷപ്പും ആര്‍ച്ച് പാര്‍ക്കിക്ക് നിരോധനം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. മാര്‍ച്ച്‌ 10ന് ജസ്റ്റിസ് എം ആര്‍ അനിതയുടെ ബെഞ്ച് കീഴ്ക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു. അപ്പീല്‍ അന്തിമ തീര്‍പ്പാക്കുന്നതുവരെ തൽസ്ഥിതി തുടരുമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതനുസരിച്ച്‌ കോട്ടയം ആര്‍ച്ച് പാര്‍ക്കിക്ക് കീഴിലുള്ള ഏതെങ്കിലും സഭയിലെ അംഗങ്ങള്‍ മറ്റൊരു രൂപതയിലെ കത്തോലിക്ക വിശ്വാസിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അയാള്‍ക്ക് ആര്‍ച്ച്‌ ബിഷപ്പിനോടോ ആര്‍ച്ച്‌ പാര്‍ക്കിയോടോ 'വിവാഹ കുറി'യോ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റോ ആവശ്യപ്പെടാം. എന്നാൽ ജസ്റ്റിന് വിവാഹക്കുറി നിഷേധിച്ചതിനെതിരെയാണ് കോടതിയലക്ഷ്യ ഹർജി.

IPL 2024| അഹമ്മദാബാദില്‍ 'അയ്യര് കളി'; ഹൈദരാബാദിനെ തകർത്ത് കൊല്‍ക്കത്ത ഫൈനലില്‍

മാധ്യമ സ്വാതന്ത്ര്യത്തിന് വീണ്ടും വിലങ്ങുമായി ഇസ്രയേല്‍; അസോസിയേറ്റഡ് പ്രസും അടച്ചു പൂട്ടി, ഉപകരണങ്ങള്‍ പിടിച്ചെടുത്തു

സ്വാതി മലിവാള്‍ കേസ്: 'കെജ്‌രിവാളിന്റെ മൗനം സ്ത്രീ സുരക്ഷയിലെ നിലപാട്'; രൂക്ഷ വിമർശനവുമായി ഡല്‍ഹി എല്‍ ജി

'തെറ്റ് ചെയ്തിട്ടില്ല, പിന്നെ എന്തിന് സമ്മതിക്കണം'; ലൈംഗികാരോപണക്കേസില്‍ മജിസ്ട്രേറ്റിനോട് ബ്രിജ്ഭൂഷണ്‍

'പ്രൊഫഷണല്‍ തലത്തിലാകുമ്പോള്‍ വയസില്‍ ആരും ഇളവ് നല്‍കില്ല'; കായികക്ഷമതയില്‍ ധോണി