KERALA

'ആര്‍ഷോ ഓമനത്തം പ്രതീക്ഷിച്ച് സമരത്തിനിറങ്ങിയവരല്ല'; വീട്ടില്‍ക്കയറിയുള്ള രാഹുലിന്‌റെ അറസ്റ്റില്‍ പ്രതിഷേധം ശക്തം

വെബ് ഡെസ്ക്

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പുലര്‍ച്ചെ വീട്ടില്‍കയറി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം ശക്തം. കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള മര്‍ദനങ്ങളില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചാണ് രാഹുലിന്‌റെ അറസ്റ്റിലേക്ക് നയിച്ചത്. പുലര്‍ച്ചെ രാഹുലിന്റെ വീട്ടിലെത്തിയ പോലീസ് വീടുവളഞ്ഞ് അകത്തുകയറി അറസ്റ്റ് ചെയ്യുകയായിരുന്നു.

പിണറായി വിജയനെതിരെ പ്രതിഷേധിച്ചാല്‍ പോലീസ് എന്തും ചെയ്യുമെന്നാണ് രാഹുലിന്റെ അറസ്റ്റ് അറസ്റ്റ് തെളിയിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നേതാക്കളെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്യുന്നത് കേരളത്തില്‍ കേട്ടുകേള്‍വി ഇല്ലാത്തതാണ്. കേരളത്തിലുണ്ടായ എല്ലാ സമരങ്ങളെയും ഇങ്ങനെയാണോ ഭരണകൂടങ്ങള്‍ നേരിട്ടിട്ടുള്ളത്? വെളുപ്പിനെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്യേണ്ട എന്ത് അടിയന്തര സാഹചര്യമാണുണ്ടായത്. പിണറായി വിജയനെതിരെ സംസാരിച്ചാല്‍, സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചാല്‍, കരിങ്കൊടി കാണിച്ചാല്‍ എന്തും ചെയ്യാമെന്നുള്ള ധിക്കാരം, ധാര്‍ഷ്ട്യം പോലീസിനുണ്ടായിരിക്കയാണെന്ന് ചെന്നിത്തല പറഞ്ഞു.

ആറ് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നവന് രക്ഷപ്പെടാന്‍ വഴിയൊരുക്കിയ അതേ പോലീസും പാര്‍ട്ടിയും സര്‍ക്കാരുമാണ് മറുഭാഗത്ത് ഭരണകൂട ഭീകരതയുടെ വക്താക്കളാകുന്നതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചു.

വീട്ടില്‍ കയറി ഭീകരാവസ്ഥ സൃഷ്ടിച്ച് അറസ്റ്റ് ചെയ്തതിനെ ഒരിക്കലും അംഗീകരിക്കില്ലെന്നും 14 ജില്ലകളിലും ജനാധിപത്യരീതിയില്‍ പ്രതിഷേധമുണ്ടാകുമെന്നും ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു. ആര്‍ഷോ മോഡല്‍ പോലീസിന്‌റെ ഓമനിക്കല്‍ പ്രതീക്ഷിച്ച് സമരത്തിനിറങ്ങിയവരല്ല. നവഗുണ്ടാ സദസ് പൊളിഞ്ഞതിന്‌റെ ചൊറിച്ചില്‍ കൊണ്ടാണ് പിണറായി വിജയന്‍ ഇങ്ങനെ അറസ്റ്റ് ചെയ്യാനുള്ള നിര്‍ദേശം കൊടുത്തത്. വീടുവളഞ്ഞുള്ള അറസ്റ്റ് പോലീസിന്‌റെ ബോധപൂര്‍വമായ പ്രകോപനമാണ്. പിണറായി വിജയന്‌റെ നേരിട്ടുള്ള നിര്‍ദേശമാണ് ഇക്കാര്യത്തിലുണ്ടായതെന്ന് വ്യക്തമാണെന്നും ഷാഫി പറഞ്ഞു.

രാഹുലിന്‌റെ അമ്മയോട് പോലീസ് തന്നെ പറയുന്നുണ്ട് മുകളില്‍നിന്നുള്ള സമ്മര്‍ദം കൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടിവന്നതെന്ന്. നവഗുണ്ടാ സദസിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരങ്ങളുടെ, പ്രതിഷേധങ്ങളുടെ അസ്വസ്ഥത പിണറായി വിജയനു മാറിയിട്ടില്ലെന്നതാണ് ഇതു വ്യക്തമാക്കുന്നത്. അയാള്‍ കൊലപാതക കേസിലെ പ്രതിയോ തീവ്രവാദിയോ അല്ല, ഒരു തരത്തിലുള്ള രാജ്യദ്രോഹക്കുറ്റവും നടത്തിയവനല്ല. അറസ്റ്റ് ചെയ്യല്‍ മാത്രമാണ് അജണ്ടയെങ്കില്‍ അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ചെയ്യാമായിരുന്നു. അറസ്റ്റും നടപടിക്രമങ്ങളും ഭയപ്പെടുന്നില്ല, വീട്ടില്‍ കയറിവന്ന് ഈ പോക്രിത്തരം കാണിക്കാന്‍മാത്രം എന്ത് പ്രകോപനമാണ് ഇവിടെ ഉണ്ടായതെന്നാണ് ചോദിക്കുന്നതെന്നും ഷാഫി ചോദിച്ചു.

രാഹുല്‍ മാങ്കൂട്ടത്തില്‍ നാട്ടിലുള്ള ആളല്ലേയെന്നും ഈ രീതിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഇത് വളരെയധികം പ്രതിഷേധാര്‍ഹമാണ്. ഈ രീതിയില്‍ സാധാരണ ജനകീയ സമരങ്ങള്‍ വരുമ്പോള്‍ ചെയ്യാറില്ല.

ജനകീയ സമരങ്ങള്‍ നാട്ടില്‍ സാധാരണമാണ്. ഇതൊന്നും കാണാത്തവരല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തലപ്പത്തിരിക്കുന്നവര്‍. അക്രമം കാണിച്ചാല്‍ മനസിലാക്കാം, ഇവിടെ കാര്യമായ അക്രമങ്ങളൊന്നുമില്ലാതെ വലിയ ക്രിമിനല്‍ പുള്ളികളെ കൈകാര്യം ചെയ്യുന്നതുപോലെ ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണ്. പ്രതിഷേധിക്കുന്നവരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന രീതി ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം രാഹുലിനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ച ഫോര്‍ട്ട് ആശുപത്രിക്കു മുന്നില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചു. അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചവറ പോലീസ് സ്‌റ്റേഷനും ഉപരോധിച്ചിരുന്നു. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിലെത്തി. കോഴിക്കോട്ട് റോഡ് ഉപരോധിച്ചു. രാഹുലിനെ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴും പ്രതിഷേധവുമായി യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി.

ഇതിനിടെ രാഹുലിന്റെ അറസ്റ്റിനെ ന്യായീകരിച്ച് ഇ പി ജയരാജന്‍ രംഗത്തെത്തി. പൊലീസിനെ ആക്രമിച്ച് ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റെന്നും ആളെ നോക്കിയല്ല ചെയ്ത കുറ്റം നോക്കിയാണ് പോലീസ് നടപടിയെടുക്കുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ