KERALA

സിദ്ധാര്‍ത്ഥന്റെ മരണം: എസ്എഫ്‌ഐയുടെ പങ്ക് വ്യക്തമെന്ന് ഗവര്‍ണര്‍, മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് പ്രതിപക്ഷം

വെബ് ഡെസ്ക്

വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്‌റെ മരണത്തില്‍ എസ്എഫ്‌ഐയുടെ പങ്ക് വ്യക്തമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പിതാവിന്‌റെ പരാതിയില്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയെന്നും അന്വേഷണ പുരോഗതി വ്യക്തിപരമായി നിരീക്ഷിക്കുമെന്നും സിദ്ധാര്‍ത്ഥന്‌റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് ഗവര്‍ണര്‍ പറഞ്ഞു.

സംസ്ഥാനത്ത് അക്രമം പ്രോത്സാഹിപ്പിക്കുന്ന സമീപനം മാറണം. യുവാക്കളെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ അക്രമകാരികളാക്കി മാറ്റുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അക്രമം വെടിയാന്‍ തയ്യാറാകണം. ടിപി കേസിലെ വിധിയില്‍പ്പോലും രാഷ്ട്രീയ പാര്‍ട്ടിയുടെ പങ്ക് തെളിഞ്ഞതാണ്. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം, ഇനിയും പ്രതികളുണ്ടെങ്കില്‍ പിടികൂടണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ നടക്കുന്ന എല്ലാ അക്രമ സംഭവങ്ങളെയും പ്രോത്സാഹിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എറണാകുളത്തെ ഒരു കെഎസ്‌യു നേതാവിനെ തട്ടിക്കൊണ്ടുപോയി ലോ കോളേജ് ഹോസ്റ്റലിന്റെ കട്ടിലിലെ കാലില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതിയാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയെന്നും കേരളത്തിലെ ക്യാമ്പസുകളില്‍ മറ്റുള്ളവര്‍ക്ക് വിദ്യാര്‍ഥി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പറ്റാത്ത രീതിയില്‍ അവരെ ക്രൂരമായി മര്‍ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ക്യാമ്പസുകളിലേക്ക് മക്കളെ അയയ്ക്കാന്‍ രക്ഷകര്‍ത്താക്കള്‍ ഭയപ്പെടുകയാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

''പുരോഗമനം എന്നവകാശപ്പെടുന്ന വിദ്യാര്‍ഥി സംഘടനയാണ് റാഗിങ്ങിന് നേതൃത്വം കൊടുക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖല തകര്‍ച്ചയിലാണ്. ഒമ്പത് സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരില്ല. 66 സര്‍ക്കാര്‍ കോളേജുകളില്‍ പ്രിന്‍സിപ്പല്‍മാരില്ല. അപകടകരമായ നിലയില്‍ ഉന്നതവിദ്യാഭ്യാസ മേഖല നില്‍ക്കുമ്പോള്‍ ക്രിമിനലുകളെ സര്‍ക്കാര്‍ പിന്തുണയോടെ, സിപിഎം പിന്തുണയോടെ അഴിഞ്ഞാടാന്‍ വിടുന്നു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ഇതെല്ലാം ചെയ്യുന്നത്. ഇത്രയും വലിയ അക്രമം നടന്നിട്ട് മുഖ്യമന്ത്രി എന്താണ് മൗനത്തിലിരിക്കുന്നത്. കേരളത്തിന് മുഴുവന്‍ അപമാനപരമായ സംഭവം, ആള്‍ക്കൂട്ട ആക്രമണം എന്ന് പറയുന്നത് പോലെയുള്ള കാര്യമല്ലേ ക്യാമ്പസില്‍ നടന്നത്. അപകടരമായ രീതിയിലേക്ക് കേരളത്തിലെ ക്യാമ്പസുകളെ മാറ്റുന്ന ഈ ക്രിമിനലുകളെ ഒതുക്കിയില്ലെങ്കില്‍ അതിശക്തമായ സമരം യുഡിഎഫും കോണ്‍ഗ്രസും, ഞങ്ങളുമായി ബന്ധപ്പെട്ടുള്ള വിദ്യാര്‍ഥി യുവജന സംഘടനകളും ആരംഭിക്കുകയാണ്. ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തിലുണ്ടാകുകയില്ല'', വിഡി സതീശന്‍ പറയുന്നു.

സിദ്ധാര്‍ത്ഥന്റേത് കൊലപാതകമാണെന്നും എസ്എഫ്‌ഐയില്‍ ചേരാനുള്ള നിര്‍ബന്ധം ആദ്യം മുതലേയുണ്ടായെന്നും പിതാവ് പറഞ്ഞതായി കോണ്‍ഗ്രസ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. ആള്‍ക്കൂട്ട ആക്രമണത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സിദ്ധാര്‍ത്ഥന്റെ കൊലപാതകമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'' ഏത് സാഹചര്യം നോക്കിയാലും ഇതൊരു കൊലപാതകമാണ്. വെള്ളം പോലും നല്‍കാതെ ഒരു ചെറുപ്പക്കാരനെ ഇലക്ട്രിക് ബയണറ്റും വടിയുമടങ്ങുന്ന ആയുധങ്ങള്‍ ഉപയോഗിച്ച് ഭീകരമായി ആക്രമിക്കുക. അവസാനം ആത്മഹത്യ ചെയ്ത നിലയില്‍ അവനെ കാണപ്പെടുക. നമ്മുടെ കോളേജ് ഹോസ്റ്റലുകളില്‍ എന്താണ് സംഭവിക്കുന്നത്.

കോളേജ് ഹോസ്റ്റലിലെ ഡീന്‍മാരുടെയും ഉത്തരവാദിത്തപ്പെട്ട അധ്യാപകരുടെയും റോള്‍ എന്താണ്. 1998ല്‍ നിയമം മൂലം നിരോധിച്ചതാണ് റാഗിങ്. പിന്നീട് കേന്ദ്ര നിയമവും വന്നു. ഹോസ്റ്റലുകള്‍ പാര്‍ട്ടി ഗ്രാമമായി മാറിയിരിക്കുകയാണ്. ഇവിടെ അധ്യാപക സമൂഹവും പ്രതിപ്പട്ടികയിലാണ്. എസ്എഫ്‌ഐ ഒരു ക്രിമിനല്‍ സംഘമായി വളര്‍ന്നുവരാനുള്ള സാഹചര്യം ഉണ്ടാക്കിയെടുത്തത് പിണറായി വിജയനാണ്'', സതീശന്‍ പറഞ്ഞു.

വെറ്റിനറി കോളേജിലെ ഡീന്‍ നാരായണന് എല്ലാം അറിയാമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. ഡീനിനെ രക്ഷപ്പെടുത്താന്‍ മന്ത്രി ചിഞ്ചു റാണി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം അനുഭാവ സംഘടനയില്‍പ്പെട്ടയാളാണ് നാരായണനെന്നും അതുകൊണ്ടാണ് മന്ത്രി ഇത്രയും നാള്‍ പ്രതികരിക്കാതിരുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

''ഡീനിന് ഇതിനകത്തുള്ള ഉത്തരവാദിത്തം തെളിയേണ്ടിയിരിക്കുന്നു. ഈ കോളേജില്‍ ഇടിമുറിയുണ്ടെന്നാണ് അറിയുന്നത്. ഒന്നാം വര്‍ഷം കുട്ടികള്‍ വെളിയിലാണ് താമസിക്കുന്നത്. രണ്ടാം വര്‍ഷം മാത്രമേ കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യമുള്ളു. സിദ്ധാര്‍ത്ഥന്റെ കൊലപാതകമുണ്ടായ ശേഷം ഇത് ആത്മഹത്യയാക്കി മാറ്റാന്‍ അവിടുത്തെ പൂക്കോട് എസ്എച്ച്ഒ ബോധപൂര്‍വമായി ശ്രമിക്കുകയായിരുന്നു. ഇപ്പോഴും കൊലപാതകത്തിന് കേസെടുത്തിട്ടില്ല.

306 അനുസരിച്ചാണ് കേസെടുത്തത്. 302 അനുസരിച്ച് കേസെടുത്തിട്ടില്ല. ഡിവൈഎസ്പി കേസന്വേഷിച്ചപ്പോഴാണ് കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ആ ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്താനാണ് സ്ഥലത്തെ മുന്‍ എംഎല്‍എയായ ശശീന്ദ്രനും സിപിഎം നേതാക്കന്‍മാരും ഡിവൈഎസ്പി ഓഫീസില്‍ ചെന്ന് ബഹളം വച്ചത്. പ്രതികളെ മുഴുവന്‍ കല്‍പ്പറ്റ സിപിഎം ഓഫീസില്‍ സംരക്ഷിക്കുകയായിരുന്നു. ക്യാമ്പസിനകത്തും പുറത്തും വ്യത്യസ്ത അഭിപ്രായം പറയുന്നവരെ മര്‍ദിച്ചൊതുക്കുന്ന ഒരു പ്രത്യേക ക്രിമിനല്‍ സംഘം ഇവിടെ പ്രവര്‍ത്തിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ