KERALA

ഹൈടെക്ക് കാലത്ത് കുട്ടികളുടെ അവകാശം നിഷേധിക്കല്‍; 260 ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ നിര്‍ത്തിയെന്ന് സര്‍ക്കാര്‍

വെബ് ഡെസ്ക്

സംസ്ഥാനത്തെ 260 ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ നിര്‍ത്തലാക്കിയതായി സര്‍ക്കാര്‍. സ്‌കൂളുകള്‍ കൂടുതല്‍ സ്മാര്‍ട്ടും ഹൈടെക്കുമായ സാഹചര്യത്തില്‍ ഏകദ്ധ്യാപക വിദ്യാലയങ്ങളിലെ പഠനം കുട്ടികളുടെ അവകാശം നിഷേധിക്കലാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു.

നിര്‍ത്തലാക്കിയ 260 സ്‌കൂളുകളിലുമായി ഉണ്ടായിരുന്ന മൂവായിരത്തിലേറെ വിദ്യാര്‍ഥികള്‍ അടുത്തുള്ള എല്‍പി സ്‌കൂളില്‍ ചേര്‍ന്ന് പഠനം തുടരുന്നുണ്ട്. ഈ സ്‌കൂളില്‍ ഉണ്ടായിരുന്ന വോളണ്ടിയര്‍മാര്‍ക്ക് പൊതുവിദ്യാഭ്യാസവകുപ്പിന് കീഴില്‍ സ്വീപ്പര്‍മാരായി നിയമനം നല്‍കും.

വിദ്യാര്‍ഥികള്‍ക്ക് തുടര്‍ പഠനം ഉറപ്പാക്കാന്‍ കഴിയാത്ത നാല് സ്‌കൂളുകളും നിര്‍ത്തലാക്കുന്നതിനെതിരെ ഹൈക്കോടതിയുടെ ഉത്തരവുള്ള മലപ്പുറം ജില്ലയിലെ അരിമംഗലം, അരിമണല്‍, മഞ്ഞള്‍പ്പാറ തരിക്കുളം, കാളന്‍തിരുത്തി, മേല്‍മുറി എന്നിവ മാത്രമാണ് ഇനി ഏകധ്യാപക വിദ്യാലയങ്ങളായി പ്രവര്‍ത്തിക്കുക.

1997ലാണ് ഡിപിഇപിയുടെ കീഴില്‍ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഏകാധ്യാപക വിദ്യാലയങ്ങള്‍ ആരംഭിച്ചത്.

1997ലാണ് ഡിപിഇപിയുടെ കീഴില്‍ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഏകാധ്യാപക വിദ്യാലയങ്ങള്‍ ആരംഭിച്ചത്. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന, യാത്രാസൗകര്യം തീരെയില്ലാത്ത വനമേഖലകളിലെയും, തീരപ്രദേശങ്ങളിലെയും കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. 2003 വരെ ഡിപിഇപിയുടെയും 2011 വരെ എസ്എസ്എയുടെയും സഹായത്തോടെയും ആണ് ഏകദ്ധ്യാപക വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്.

വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്നതിന് ശേഷം കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ഇത്തരം വിദ്യാലയങ്ങള്‍ക്ക് നല്‍കിവന്ന ധനസഹായം നിര്‍ത്തലാക്കിയെങ്കിലും പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സ്‌കൂളുകള്‍ നിലനിര്‍ത്തിയിരുന്നു. ഒന്നു മുതല്‍ നാലുവരെയുള്ള ക്ലാസുകളിലെ കുട്ടികളെ ഒരു ക്ലാസ്മുറിയിലിരുത്തി പഠിപ്പിക്കുന്നതായിരുന്നു പല സ്‌കൂളുകളിലെയും രീതി.

ശാരീരികവും മാനസികവും വൈകാരികവുമായ വികാസം ഇത്തരം വിദ്യാഭ്യാസത്തിലൂടെ ലഭിക്കില്ലെന്നും മാറിയ കാലത്ത് യാത്രാ സൗകര്യങ്ങള്‍ ഉള്‍പ്പെടെ നല്‍കി കുട്ടികളെ സ്മാര്‍ട്ട് സ്‌കൂളുകളിലേക്ക് മാറ്റുകയാണെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. എസ്എസ്എല്‍സി യോഗ്യതയുള്ളവരെ പരിശീലനം നല്‍കിയാണ് ഏകാധ്യാപക വിദ്യാലയങ്ങളില്‍ അധ്യാപകരെ നിയമിച്ചിരുന്നത് അതിനാല്‍ തന്നെ ഏകാധ്യാപകര്‍ക്ക് വേണ്ടത്ര യോഗ്യതയില്ലെന്ന വാദവും ഉയര്‍ന്നിരുന്നു.

സഞ്ജുവിന്റെ പോരാട്ടം പാഴായി; ഡല്‍ഹിക്കെതിരേ രാജസ്ഥാന് 20 റണ്‍സ് തോല്‍വി

മൂന്നാം ഘട്ടത്തില്‍ 61.45 ശതമാനം പോളിങ്, പിന്നില്‍ മഹാരാഷ്ട്ര

ബിജെപിയുടെ മുസ്‌ലിം വിരുദ്ധ വീഡിയോ: 'എത്രയും പെട്ടെന്ന് നീക്കം ചെയ്യണം'; എക്‌സിനോട്‌ തിരഞ്ഞെടുപ്പ് കമ്മീഷൻ

3 സ്വതന്ത്രര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ചട്ടം ലംഘിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍; നടപടിയുണ്ടായേക്കും