KERALA

സുഗന്ധഗിരി മരംമുറിക്കേസ്: അന്വേഷണത്തിന് വിജിലന്‍സിന്റെ നാലംഗ സംഘം

വെബ് ഡെസ്ക്

വയനാട് സുഗന്ധഗിരി മരം കൊള്ള അന്വേഷിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് വിജിലൻസ്. കോട്ടയം വനം വിജിലൻസ് മേധാവിയുടെ അധ്യക്ഷതയിലാണ് പുതിയ സമിതി. വനം മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സമിതി രൂപീകരിക്കാൻ തീരുമാനിച്ചത്.

സുഗന്ധഗിരി വനഭൂമിയിലുള്ള മരങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ മുറിച്ചുകടത്തിയതായാണ് പുറത്ത് വരുന്ന വിവരങ്ങൾ. വലിയ രീതിയിലുള്ള നിയമലംഘനം നടന്നെന്നു മനസിലാക്കിയാണ് ഇപ്പോൾ മന്ത്രി എകെ ശശീന്ദ്രന്റ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

കോഴിക്കോട്, കണ്ണൂർ, എറണാകുളം ഡിഎഫ്ഒമാർ ഈ അന്വേഷണ സമിതിയിൽ അംഗങ്ങളായിരിക്കും. വനം വകുപ്പ് ഉദ്യോഗസ്ഥർ ഈ കൊള്ളയുടെ ഭാഗമായിട്ടുണ്ടോ, അവരുടെ ഭാഗത്ത് നിന്ന് വീഴ്ചകൾ സംഭവിച്ചിട്ടുണ്ടോ എന്നുള്ള കാര്യങ്ങളായിരിക്കും സമിതി അന്വേഷിക്കുക. പ്രധാനമായും ആരാണ് ഈ മരങ്ങൾ മുറിക്കാൻ അനുവാദം നൽകിയത് എന്നതുൾപ്പെടെയുള്ള കാര്യങ്ങളായിരിക്കും അന്വേഷണത്തിന്റെ ഭാഗമാവുക.

സംഭവത്തിൽ രണ്ട് വനം വകുപ്പുദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിരുന്നു. കൽപ്പറ്റ സെഷൻ ഫോറസ്റ്റ് ഓഫീസർ കെകെ ചന്ദ്രനെതിരെയും വനം വാച്ചർ ആർ. ജോൺസനെതിരെയുമാണ് നടപടി. അനുവദിച്ചതിനേക്കാൾ 30 മരം അധികം മുറിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. ആദിവാസികൾക്ക് ഭൂമിപതിച്ചു നൽകിയ സുഗന്ധഗിരി കാർഡമം പ്രോജക്ടിന്റെ ഭാഗമായുള്ള സ്ഥലത്താണ് അനധികൃത മരം മുറി നടന്നിരിക്കുന്നത്.

വൈത്തിരിക്കടുത്ത് സുഗന്ധഗിരിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ 130-ലധികം മരങ്ങൾ മുറിച്ചുകടത്തിയതായാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയ പ്രകൃതി സംരക്ഷണ സമിതി ആരോപിക്കുന്നത്. അവിടെ താമസിക്കുന്ന ആദിവാസി വിഭാഗത്തിൽ പെടുന്നവരുടെ വീടുകൾക്ക് മുകളിലേക്ക് ചാഞ്ഞിരിക്കുന്ന 20-ഓളം മരങ്ങൾ മുറിച്ച് മാറ്റാൻ നൽകിയ ഉത്തരവ് ദുരുപയോഗം ചെയ്താണ് ഇത്രയും മരങ്ങൾ മുറിച്ച് കടത്തിയിരിക്കുന്നതെന്നും പ്രകൃതി സംരക്ഷണ സമിതിയുടെ ഭാഗമായ എൻ ബാദുഷ മുഖ്യമന്ത്രിക്കയച്ച കത്തിൽ പറഞ്ഞത്. 1970ന്റെ അവസാനത്തിലാണ് ആദിവാസികളെ സുഗന്ധഗിരിയിലേക്ക് പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതി പ്രാവര്‍ത്തികമാകുന്നത്.

വരുന്നു അതിതീവ്ര മഴ; മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ അറസ്റ്റില്‍

സ്വാതി മലിവാളിനെ പുറത്തേക്കുകൊണ്ടുവരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ