KERALA

തൊണ്ടിമുതൽ തിരിമറി കേസ്: ആന്റണി രാജുവിനെതിരായ പുനരന്വേഷണത്തിന് സുപ്രീംകോടതി സ്റ്റേ

വെബ് ഡെസ്ക്

ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ തിരിമറി കേസിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നടത്തുന്ന പുനരന്വേഷണം സ്റ്റേ ചെയ്ത് സുപ്രീംകോടതി. പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവിലെ തുടർനടപടികളാണ് സുപ്രീംകോടതി താത്കാലികമായി സ്റ്റേ ചെയ്തത്. ജസ്റ്റിസ് സി ടി രവികുമാർ അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനും എതിർകക്ഷിക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു.

സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ആന്റണി രാജുവിനെതിരായ ആദ്യ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിരുന്നു. കോടതി നടപടിക്രമങ്ങള്‍ പാലിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഹൈക്കോടതി രജിസ്ട്രാര്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് തിരുവനന്തപുരം സിജെഎം കോടതി പുനരന്വേഷണം ആരംഭിച്ചത്.

അഭിഭാഷകനായിരിക്കെ മയക്കുമരുന്ന് കേസിൽ പ്രതിയായ വിദേശപൗരനെ രക്ഷിക്കാൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്നാണ് കേസ്. 1990 ഏപ്രിൽ 4ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്ന് കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിയായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നാണ് കേസിന്റെ വിശദാംശം. തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് മയക്കുമരുന്ന് കേസിൽ പ്രതിയായ വിദേശിയുടെ അടിവസ്ത്രം വാങ്ങിയതും തിരിച്ചേൽപ്പിച്ചതും ആൻറണി രാജുവാണെന്ന് വ്യക്തമാക്കുന്ന രേഖ പുറത്തുവന്നതോടെയാണ് കേസ് വീണ്ടും സജീവമായത്.

മയക്കുമരുന്ന് കേസിൽ പ്രതിയായ വിദേശിയെ തിരുവനന്തപുരം സെഷൻസ് കോടതി അന്ന് പത്ത് വ‍ർഷത്തേക്ക് ശിക്ഷിച്ചിരുന്നു. എന്നാൽ ഹൈക്കോടതി പ്രതിയെ വെറുതെവിട്ടു. പ്രധാന തൊണ്ടിമുതലായി സമർപ്പിച്ച വിദേശി ധരിച്ചിരുന്ന അടിവസ്ത്രം അദ്ദേഹത്തിന് പാകമാകില്ലെന്നും ഇത് വ്യാജ തൊണ്ടിയാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്തായിരുന്നു ഹൈക്കോടതിയുടെ നടപടി.

തൊണ്ടിമുതൽ മാറ്റിയെന്ന സംശയം ഉന്നയിച്ച് അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ ജയമോഹൻ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് ആരംഭിക്കുന്നത്. 1994ൽ വഞ്ചിയൂർ പോലീസ് കേസെടുത്തു. തുടർന്ന് നടന്ന അന്വേഷണത്തിൽ തിരുവനന്തപുരം കോടതിയിലെ ക്ലർക്കായ ജോസും അഭിഭാഷകനായ ആന്റണി രാജുവും ചേർന്ന് തൊണ്ടിമുതലിൽ കൃത്രിമത്വം കാണിച്ചുവെന്ന് കണ്ടെത്തി. എന്നാൽ നടപടികൾ ഇഴഞ്ഞ് നീങ്ങുകയായിരുന്നു. 2006ൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ ആരംഭിച്ചിരുന്നില്ല. ഗൂഢാലോചന, രേഖകളിൽ കൃത്രിമം, വഞ്ചന, തെളിവ് നശിപ്പിക്കൽ എന്നിവയായിരുന്നു കുറ്റങ്ങൾ.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ