KERALA

ബോട്ടപകടം അന്വേഷിക്കാൻ പ്രത്യേക പോലീസ് സംഘം; താനൂർ ഡിവൈഎസ്പിക്ക് മേൽനോട്ട ചുമതല

വെബ് ഡെസ്ക്

താനൂർ ബോട്ടപകടം അന്വേഷിക്കാൻ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു. താനൂർ ഡിവൈഎസ്പി ബെന്നി വി വിയുടെ നേതൃത്വത്തിലാണ് അന്വേഷണം. 14 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസാണ് ഉത്തരവിറക്കിയത്.

ബോട്ടുടമ നാസർ അറസ്റ്റിലായ സാഹചര്യത്തിൽ തുടർനടപടികൾ വേഗത്തിലാക്കും. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. ഒളിവിലുള്ള ബോട്ട് ഡ്രൈവറെയും സഹായിയെയും കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജിതമാക്കി.

താനൂരിലെ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ തുറമുഖ വകുപ്പിനെതിരെ നടക്കുന്ന പ്രചരണങ്ങളിൽ പ്രതികരണവുമായി മന്ത്രി അഹമ്മദ് ദേവർകോവിൽ രംഗത്തെത്തി. നിഗൂഢമായ ലക്ഷ്യത്തോടെയാണ് വകുപ്പിനെതിരെ ചിലർ പ്രചരണം നടത്തുന്നത്. ടൂറിസ്റ്റ് - ശിക്കാര ബോട്ടുകള്‍ക്ക് അനുമതി നല്‍കുന്നത് ഇന്‍ലാൻഡ് വെസല്‍ ആക്ട് പ്രകാരമാണ്. സര്‍വീസിനു പുറമെ നിര്‍മാണം മുതല്‍ രജിസ്‌ട്രേഷന്‍ വരെയുള്ള ഓരോ ഘട്ടവും ഈ നിയമത്തില്‍ കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അനധികൃതമായും നിയമ വിരുദ്ധവുമായി സര്‍വീസ് നടത്തുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് വൈകിട്ടോടെയാണ് ഒളിവിലായിരുന്ന ബോട്ടുടമ നാസറിനെ പോലീസ് അറസ്റ്റ് ചെയ്തത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ സര്‍വീസ് നടത്തിയ ബോട്ടിന് ഫിറ്റ്നസ് ലഭിച്ചതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. ഇരുപതോളം ആളുകളെ കയറ്റാൻ സാധിക്കുന്ന ബോട്ടിൽ അതിലേറെപ്പേരെ കയറ്റിയത് അപകടത്തിനിടയാക്കി. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച സർക്കാർ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ചു. ചികിത്സാ ചെലവ് വഹിക്കാനും തീരുമാനമായി. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടുകയും മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപ, 2019 നെക്കാൾ രണ്ടര ഇരട്ടി

മഴയില്‍ മുങ്ങി സംസ്ഥാനം: മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; മിക്ക ഇടങ്ങളിലും വെള്ളക്കെട്ട്

വൈറലായി ഐ ടാറ്റൂയിങ്; കാഴ്ച നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; രാഹുലിനെ സഹായിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍