KERALA

പാണക്കാട് കുടുംബത്തെ തള്ളി സമസ്ത; സിഐസി തര്‍ക്കം മുറുകുന്നു

വെബ് ഡെസ്ക്

കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സിഐസി) ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസി അദൃശ്ശേരിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ സമസ്തയും പാണക്കാട് തങ്ങള്‍ കുടുംബവും നേര്‍ക്കുനേര്‍. വാഫി - വഫിയ കോഴ്‌സുകള്‍ വിജയിപ്പിക്കണമെന്ന മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളുടെ അഭ്യര്‍ത്ഥന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തള്ളി. സമസ്തയുടെ നിയമങ്ങള്‍ പാലിക്കുന്നതു വരെ സിഐസി നടത്തുന്ന വാഫി- വഫിയ കോഴ്സുകളുമായി യാതൊരു ബന്ധവും ഇല്ലെന്നാണ് സമസ്തയുടെ നിലപാട്.

വാഫി, വഫിയ്യ , വാഫി ആര്‍ട്‌സ്, വഫിയ്യ ആര്‍ട്‌സ് 2023 -24 അധ്യയന വര്‍ഷത്തെ അഡ്മിഷന്‍ സിഐസി പ്രസിഡന്റ് കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. കോഴ്‌സുകള്‍ തടസമില്ലാതെ പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് പാണക്കാട് കുടുംബാംഗങ്ങളായ മുനവറിലി തങ്ങളുള്‍പ്പെടെ രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് തര്‍ക്കം മുറുകുന്നത്.

സമസ്തയുടെ നിയമങ്ങള്‍ പാലിക്കുന്നതു വരെ സിഐസി നടത്തുന്ന വാഫി- വഫിയ കോഴ്സുകളുമായി യാതൊരു ബന്ധവും ഇല്ലെന്നാണ് സമസ്തയുടെ നിലപാട്

എന്നാല്‍ സംഘടനയെ വെല്ലുവിളിക്കുന്നവര്‍ നടത്തുന്ന കോഴ്‌സുകള്‍ ബഹിഷ്‌ക്കരിക്കണമെന്നാണ് സമസ്ത നേതാക്കളുടെ ആഹ്വാനം. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിയായ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ഫേസ്ബുക്ക് പോസ്റ്റിലുള്‍പ്പെടെ ഇക്കാര്യം ആവശ്യപ്പെടുകയും ചെയതു. സി ഐസിയുടെ കീഴിലുള്ള വാഫി - വഫിയ സംവിധാനത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട അബ്ദുൽ ഹമീദ് ഫൈസി ഇതിനായി നിരവധി കാരണങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്.

സമസ്തയെ അനുസരിക്കാത്ത ഒരു വിദ്യാഭ്യാസ സ്ഥാപനം നമ്മുക്ക് വേണോ

സമസ്തയെ അനുസരിക്കാത്ത ഒരു വിദ്യാഭ്യാസ സ്ഥാപനം നമുക്ക് വേണോയെന്ന തലക്കെട്ടോടെയാണ് അദ്ദേഹം വിമര്‍ശനങ്ങള്‍ക്ക് തുടക്കമിട്ടത്. നമ്മുടെ മക്കള്‍ക്ക് മികച്ച വിദ്യഭ്യാസം സാധ്യമാക്കണം. മതവും ഭൗതികവുമായ എല്ലാ കാര്യങ്ങളിലും അവര്‍ക്ക് അറിവുണ്ടാകണം. മാതാപിതാക്കളെയും ഗുരുക്കന്മാരെയും സമസ്ത ഉലമാക്കളെയും ബഹുമാനിക്കുന്ന പണ്ഡിതരായി അവര്‍ മാറണമെന്നും ഹമീദ് ഫൈസി വ്യക്തമാക്കി. സമന്വയ വിദ്യാഭ്യാസമെന്ന് കേള്‍ക്കുമ്പോഴെ ചാടി വീഴുന്നത് ശരിയായ കാര്യമല്ല. ഏത് സ്ഥാപനത്തിലാണ് മക്കളെ ചേര്‍ക്കേണ്ടത് എന്നതിനെക്കുറിച്ച് ഉത്തമ ബോധം രക്ഷിതാക്കള്‍ക്ക് ഉണ്ടായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

വിദ്യാര്‍ഥികളുടെ പഠിപ്പുമുടക്കി സമരത്തിനിറക്കുന്നവരെയും സമസ്തയെ പരസ്യമായി വെല്ലുവിളിക്കുന്നവരെയും സമസ്തയുടെ അവകാശങ്ങള്‍ ലംഘിക്കുന്നവരെയും അംഗീകരിക്കേണ്ടതില്ല. സമസ്തയെ എതിര്‍ക്കുന്ന ഇത്തരം സ്ഥാപനങ്ങളില്‍ സമസ്താ വിരുദ്ധതയാകും ആദ്യ പാഠം. ഇവിടെയുള്ളത് സങ്കുചിതായ ഇസ്ലാമാണെന്നും നമുക്ക് വേണ്ടത് ആഗോള ഇസ്ലാമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമസ്തക്കെതിരായ നടപടിയെ തുടര്‍ന്ന് ഫെെസിയെ മാറ്റിനിര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിവാദ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

നേരത്തെ, സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സിഐസി ജനറല്‍ സെക്രട്ടറി ഹക്കീം ഫൈസി അദൃശ്ശേരിയെ സമസ്ത കേരള ജംഈയത്തുല്‍ ഉലമയില്‍നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ ബഹിഷ്‌കരണം വകവയ്ക്കാതെ സാദിഖലി തങ്ങള്‍ ഹക്കീം ഫൈസിയുമായി വേദി പങ്കിട്ടത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സിഐസി വാഫി, വഫിയ്യ കോഴ്‌സുകളെ പിന്തുണയ്ച്ച പാണക്കാട് കുടുംബാംഗങ്ങള്‍ രംഗത്തെത്തിയത്.

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപ, 2019 നെക്കാൾ രണ്ടര ഇരട്ടി

മഴയില്‍ മുങ്ങി സംസ്ഥാനം: മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; മിക്ക ഇടങ്ങളിലും വെള്ളക്കെട്ട്

വൈറലായി ഐ ടാറ്റൂയിങ്; കാഴ്ച നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; രാഹുലിനെ സഹായിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍