KERALA

സെക്രട്ടേറിയറ്റ് വളഞ്ഞ് യുഡിഎഫ്; പിണറായി സര്‍ക്കാരിന് പാസ് മാര്‍ക്ക് പോലും ഇല്ലെന്ന് പ്രതിപക്ഷം

ദ ഫോർത്ത് - തിരുവനന്തപുരം

രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ സര്‍ക്കാരിനെതിരെ പോര്‍മുഖം തുറന്ന് യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരം. സംസ്ഥാന സർക്കാരിനെതിരായ കുറ്റപത്രം ജനസമക്ഷം അവതരിപ്പിക്കുക എന്ന പ്രഖ്യാപനത്തോടെ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പ്രമുഖ യുഡിഎഫ് നേതാക്കള്‍ എല്ലാം പങ്കാളികളായി. രാവിലെ ആറ് മണി മുതല്‍ തന്നെ പ്രതിഷേധക്കാര്‍ സെക്രട്ടേറിയേറ്റിന് മുന്നിലെത്തിയിരുന്നു.

കന്റോൺമെന്റ് ഗേറ്റ് ഒഴിച്ച് മറ്റ് ഗേറ്റുകള്‍ക്ക് മുന്നില്‍ പ്രവർത്തകർ മാർഗ തടസം സ്യഷ്ടിച്ചു. ഒൻപത് മണിയോട് അടുപ്പിച്ച് സെക്രട്ടേറിയറ്റ് പരിസരം സമരക്കാരെ കൊണ്ട് നിറഞ്ഞു. സമരത്തിനിടെ ജോലിക്കെത്തിയ ഉദ്യോഗസ്ഥരെയും പ്രതിഷേധക്കാര്‍ തടയാന്‍ ശ്രമിച്ചു. ഇതിനിടെ ഐഎഎസ് ഉദ്യോഗസ്ഥനെയും പ്രതിഷേധക്കാര്‍ തടഞ്ഞു. അബ്ദുള്‍ നാസര്‍ ഐഎഎസിനെയാണ് സമരക്കാര്‍ തടഞ്ഞത്.

സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടിൽ അഴിമതി ആരോപിച്ച് മാര്‍ക്കിട്ടായിരുന്നു പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം. പിണറായി സര്‍ക്കാരിന് പാസ് മാര്‍ക്ക് പോലും ഇല്ലെന്ന് സമരം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ചക്ക ചാമ്പാൻ ചക്കക്കൊമ്പൻ, കേരളം ചാമ്പാൻ ഇരട്ടച്ചങ്കനെന്നും കെ സുധാകരൻ പരിഹസിച്ചു. പിണറായി സര്‍ക്കാര്‍ കമ്മീഷന്‍ സര്‍ക്കാരാണെന്നും കെ സുധാകരന്‍ വിമര്‍ശിച്ചു.

നികുതി ഭാരം സർക്കാർ സാധാരണക്കാരുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്. ജനങ്ങളെ ഇത്രയും ദ്രോഹിച്ച സർക്കാർ ചരിത്രത്തിലുണ്ടാകില്ല. മഹാപ്രളയത്തിനും മഹാമാരിക്കും ശേഷം ജീവിക്കാന്‍ നിവൃത്തിയില്ലാതെ കഷ്ടപ്പെട്ട സാധാരണക്കാരുടെ തലയിലേക്ക് നികുതി ഭാരം അടിച്ചേല്‍പിച്ച്, നികുതികൊള്ള നടത്തുന്ന ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാണ് കേരളമെന്ന് പറയുന്നതില്‍ തനിക്ക് ദുഖമുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.

ഉദ്യോഗസ്ഥരുടെ നിഷ്ക്രിയത്വത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കുറ്റപ്പെടുത്തി. ഡോ. വന്ദന കൊലക്കേസും താനൂര്‍ ബോട്ട് അപകടവും സംസ്ഥാനത്ത് പോലീസ് സംവിധാനം നിഷ്‌ക്രിയമാണെന്നതിന്റെ തെളിവാണെന്നും കെപിസിസി അധ്യക്ഷന്‍ കുറ്റപ്പെടുത്തി.

യുഡിഎഫ് നേതാക്കളും ഘടകകക്ഷി പ്രവര്‍ത്തകരും ഒറ്റക്കെട്ടായാണ് പ്രതിഷേധത്തിൽ അണിനിരന്നത്. സർക്കാരിനെതിരെ കുറ്റപത്രവും സമർപിച്ചു. ലോകസഭാ തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന സാഹചര്യത്തില്‍ സർക്കാരിനെതിരെ സമരം കൂടുതല്‍ ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം. സെക്രട്ടേറിയറ്റ് വളയലിന് സമാനമായ രീതിയില്‍ ബഹുജനങ്ങളെ അണിനിരത്തി പ്രദേശിക തലത്തില്‍ സമരവും പ്രതിഷേധ പരിപാടിയും വ്യാപിപിക്കാനാണ് നേതൃത്വത്തിന്‍റെ തീരുമാനം.

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

'കള്ളിലെ ആൽക്കഹോളിന്റെ അംശം ഉയർത്തണം'; കൂടുതൽ പഠനം നടത്താൻ കേരളത്തോട് നിർദേശിച്ച് സുപ്രീം കോടതി

'കഞ്ചാവ് അപകടസാധ്യത കുറഞ്ഞ മരുന്ന്'; ചരിത്രനീക്കവുമായി അമേരിക്ക, അറസ്റ്റിലായവരോട് മാപ്പുപറഞ്ഞ് പ്രസിഡന്റ് ജോ ബൈഡൻ

ഈ പ്രസംഗങ്ങള്‍ തെളിവ്; ഹിന്ദു-മുസ്ലീമെന്ന് മോദി പറഞ്ഞിട്ടുണ്ട്, നിരവധി തവണ