Lok Sabha Election 2024

മത്സരം ഉറപ്പിച്ച് ഈശ്വരപ്പ; ശിവമോഗയിൽ യെദ്യുരപ്പയുടെ മകനെതിരെ വിമതനായി പത്രിക സമർപ്പിച്ചു

ദ ഫോർത്ത് - ബെംഗളൂരു

ബിജെപി കയ്യും കാലും പിടിച്ചിട്ടും കെ എസ്‌ ഈശ്വരപ്പ വഴങ്ങിയില്ല, ഒടുവിൽ  ശിവമോഗ മണ്ഡലത്തിൽ  പാർട്ടി ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ വിമതനായി നാമനിർദേശ പത്രികയും സമർപ്പിച്ചു കഴിഞ്ഞിരിക്കുന്നു. മണ്ഡലത്തിൽ  സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന പ്രഖ്യാപനം നേരത്തെ നടത്തിയിരുന്നെങ്കിലും പാർട്ടി അഭ്യർഥന മുഖവിലയ്‍ക്കെടുത്ത് ഈശ്വരപ്പ തീരുമാനം പുനഃപരിശോധിക്കുമെന്നായിരുന്നു  ഏവരുടെയും പ്രതീക്ഷ. എന്നാൽ ഏവരെയും ഞെട്ടിച്ച്‌ പത്രികാ സമർപ്പണം വരെ എത്തിയിരിക്കുന്നു കാര്യങ്ങൾ. 

കെ എസ്‌ ഈശ്വരപ്പ നാമനിർദേശ പത്രിക സമർപ്പിക്കുന്നു

ഹാവേരി മണ്ഡലത്തിൽ മകൻ കെ ഇ കാന്തേഷിന് ബിജെപി ടിക്കറ്റ് നിഷേധിച്ചതോടെയായിരുന്നു ഈശ്വരപ്പ  നേതൃത്വവുമായി ഇടഞ്ഞത്. ഹാവേരിയിൽ മകന് ടിക്കറ്റ് കിട്ടാതിരിക്കാൻ യെദ്യുരപ്പയും ഇളയ മകനും സംസ്ഥാന ബിജെപി അധ്യക്ഷനുമായ ബി വൈ വിജയേന്ദ്രയും ചരട് വലി നടത്തിയെന്നാണ് ഈശ്വരപ്പയുടെ ആരോപണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുമുഖ പരീക്ഷണം നടത്താൻ  ഈശ്വരപ്പയെ ബിജെപി മാറ്റി നിർത്തിയിരുന്നു. അന്ന്  കലാപക്കൊടി ഉയർത്തിയ അദ്ദേഹത്തെ അനുനയിപ്പിച്ചു ‌പാർട്ടി വിടാതെ പിടിച്ചു നിർത്തുകയായിരുന്നു ബിജെപി ദേശീയ നേതൃത്വം. ലോക്സഭാ തിരഞ്ഞെടുപ്പിൽ എന്തായാലും മകൻ കാന്തേഷിനു ടിക്കറ്റ് ഉറപ്പെന്നായിരുന്നു ദേശീയ നേതാക്കൾ നൽകിയ വാഗ്ദാനം. എന്നാൽ സമയമായപ്പോൾ വീണ്ടും കെ എസ്‌  ഈശ്വരപ്പയോടു പാർട്ടി ചതി കാണിച്ചു. ഇതോടെയായിരുന്നു  തനിക്കും മകനുമെതിരെ പ്രവർത്തിച്ച യെദ്യൂരപ്പക്കും  കുടുംബത്തിനും എതിരെ നീങ്ങാനുളള തീരുമാനം ഈശ്വരപ്പ കൈക്കൊണ്ടത്. 

ശിവമോഗയിലെ ഔദ്യോഗിക സ്ഥാനാർഥിയും  യെദ്യുരപ്പയുടെ മൂത്ത മകനുമായ ബി വൈ രാഘവേന്ദ്രയുടെ  പ്രചാരണ പരിപാടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി  എത്തിയപ്പോഴും ആ ഭാഗത്തേക്ക് ഈശ്വരപ്പ തിരിഞ്ഞു നോക്കിയില്ല. പാർട്ടി തീരുമാനം അംഗീകരിക്കാൻ ബിജെപി അധ്യക്ഷൻ ബി വൈ വിജയേന്ദ്ര അഭ്യർഥിച്ചിട്ടും ഈശ്വരപ്പ ചെവിക്കൊണ്ടില്ല. പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടവരെ തഴയുന്നതിലെ നീരസം ഈശ്വരപ്പ പല വേദികളിലും പരസ്യമാക്കി. തന്റെ അമർഷം സംസ്ഥാന ഘടകത്തോടാണെന്നും നരേന്ദ്ര മോദി ഉൾപ്പെടെയുളള ദേശീയ നേതാക്കളോട് ബഹുമാനവും ആദരവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. നരേന്ദ്ര മോദി രാഷ്ട്രീയത്തിലെ കുടുംബ വാഴ്ചയ്ക്കെതിരെ നിലകൊള്ളുന്ന മാതൃകാ നേതാവാണെന്നും താൻ മോദിയെ പോലെ കർണാടക ബിജെപിയിലെ കുടുംബ വാഴ്ചയ്‍ക്കെതിരെയാണ്  ശബ്ദമുയർത്തുന്നതെന്നുമാണ് ഈശ്വരപ്പയുടെ വാദം.

ബി വൈ രാഘവേന്ദ്ര

ശിവമോഗ മണ്ഡലത്തിൽ നിന്ന് 2019ൽ രണ്ട് ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യെദ്യുരപ്പയുടെ മകൻ ബി വൈ രാഘവേന്ദ്ര ജയിച്ചത്. ഇത്തവണ മണ്ഡലത്തിൽ കോൺഗ്രസ് മുൻ മുഖ്യമന്ത്രി എസ്‌ ബംഗാരപ്പയുടെ മകളും  കന്നഡ സൂപ്പർ താരം ശിവരാജ് കുമാറിന്റെ പത്നിയുമായ ഗീത ശിവരാജ് കുമാറിനെയാണ് സ്ഥാനാർഥിയാക്കിയിരിക്കുന്നത്.

ഗീത ശിവരാജ് കുമാർ

കെ എസ്‌ ഈശ്വരപ്പ കൂടി പോർക്കളത്തിലിറങ്ങുന്നതോടെ  ശിവമോഗ ത്രികോണ മത്സരത്തിന് സാക്ഷിയാകും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിനത്തിനുള്ളിൽ ഈശ്വരപ്പയെ പിന്തിരിപ്പിക്കാനുള്ള അവസാനവട്ട ശ്രമം ബിജെപി നടത്തിയേക്കുമെന്നാണ് സൂചന. മണ്ഡലത്തിൽ മോദിയുടെ പേരും പാർട്ടി ചിഹ്നവും ഉപയോഗിച്ച്  ഈശ്വരപ്പ വോട്ടു തേടുന്നതിനെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ