Lok Sabha Election 2024

മണ്ടിയ കിട്ടില്ലെന്ന്‌ ഉറപ്പായി; വീണ്ടും സ്വതന്ത്ര സ്ഥാനാർഥിയാകാൻ ഒരുങ്ങി സുമലത

ദ ഫോർത്ത് - ബെംഗളൂരു

കർണാടകയിലെ മണ്ടിയ മണ്ഡലത്തിൽ ബിജെപി ടിക്കറ്റ് കാത്തിരിക്കുന്ന സിറ്റിങ് എംപി സുമലതക്ക് നിരാശപ്പെടേണ്ടി വരുമെന്ന് ഏറെക്കുറെ ഉറപ്പായി. ബിജെപി ദേശീയ നേതൃത്വം പുറത്തു വിട്ട അഞ്ചാം ഘട്ട പട്ടികയിലും മണ്ടിയയിലെ അനിശ്ചിതത്വം നീങ്ങിയില്ല. ഇതോടെ ഭാവി പരിപാടികൾ തീരുമാനിക്കാൻ മണ്ടിയയിൽ ഇന്ന് അനുഭാവികളുടെയും   അഭ്യുദയകാംഷികളുടെയും യോഗം വിളിച്ചു ചേർത്തിരിക്കുകയാണ് സുമലത അംബരീഷ്.  സിറ്റിങ് മണ്ഡലത്തിൽ  വീണ്ടും സ്വതന്ത്ര സ്ഥാനാർഥിയായി സുമലത മത്സരിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

മണ്ഡലത്തിൽ ഇനി സ്വതന്ത്രയായി മത്സരിച്ചാൽ ജയം അത്ര അനായാസമാവില്ലെന്ന തിരിച്ചറിവിലായിരുന്നു ബിജെപി ടിക്കറ്റ് ലക്ഷ്യം വെച്ചുള്ള സുമലതയുടെ കരുനീക്കം

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ മണ്ടിയയിൽ സ്വതന്ത്ര സ്ഥാനാർഥിയായി ഇറങ്ങിയ സുമലത ജെഡിഎസിന്റെ നിഖിൽ കുമാരസ്വാമിയെ തോൽപ്പിച്ചായിരുന്നു പാർലമെന്റിലെത്തിയത്. ഭർത്താവും തെന്നിന്ത്യൻ സിനിമാതാരവും മുൻ എംപിയുമായ  എം എച്ച് അംബരീഷിന്റെ നിര്യാണത്തെ തുടർന്നായിരുന്നു അവരുടെ രാഷ്ട്രീയ പ്രവേശം. അന്ന് കോൺഗ്രസ് വക ടിക്കറ്റ് പ്രതീക്ഷിച്ചിരുന്നെങ്കിലും കർണാടകയിൽ കോൺഗ്രസ് - ജെഡിഎസ്  തിരഞ്ഞെടുപ്പ് സഖ്യമുള്ളതിനാൽ ടിക്കറ്റ് ജെഡിഎസിന് നൽകേണ്ടി വന്നു. തുടർന്നായിരുന്നു സുമലത സ്വതന്ത്രയായി ജനവിധി തേടിയത്.

മണ്ഡലത്തിലെ പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ പിന്തുണയും എം എച്ച് അംബരീഷിന് അനുകൂലമായ സഹതാപ തരംഗവും  സുമലതയെ  വിജയത്തിലെത്തിച്ചു. കേന്ദ്രത്തിൽ ഭരണമുള്ള ബിജെപി പലതവണ ക്ഷണിച്ചിട്ടും സുമലത സ്വതന്ത്ര ലോക്സഭാംഗമായി തന്നെ തുടർന്നു. എന്നാൽ 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് അവർ ബിജെപി ചായ്‌വ് പ്രകടമാക്കുകയും പാർട്ടിയുടെ പ്രചാരണ പരിപാടികളിൽ സംബന്ധിക്കുകയും ചെയ്തു. മണ്ടിയയുടെ വികസനത്തിനായി ബിജെപിക്കൊപ്പം നിലകൊള്ളുന്നു എന്ന ന്യായീകരണം നൽകിയായിരുന്നു സുമലത മുന്നേറിയത്.

മണ്ഡലത്തിൽ ഇനി സ്വതന്ത്രയായി മത്സരിച്ചാൽ ജയം അത്ര അനായാസമാവില്ലെന്ന തിരിച്ചറിവിലായിരുന്നു ബിജെപി ടിക്കറ്റ് ലക്ഷ്യം വെച്ചുള്ള സുമലതയുടെ കരുനീക്കം. ബിജെപി ദേശീയ നേതാക്കളെ കണ്ട് സുമലത ടിക്കറ്റ് ഏറെക്കുറെ ഉറപ്പിച്ച മട്ടായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽ കർണാടകയിൽ ബിജെപിക്കും ജെഡിഎസിനുമേറ്റ കനത്ത തിരിച്ചടി സുമലതയുടെ മോഹങ്ങൾക്ക് വിലങ്ങു തടിയായി. തിരഞ്ഞെടുപ്പിന് ശേഷം ജെഡിഎസ് നടത്തിയ എൻഡിഎ മുന്നണി പ്രവേശത്തോടെ കാര്യങ്ങൾ മാറി മറിഞ്ഞു.

കർണാടകയിൽ ലോക്സഭാ തിരഞ്ഞെടുപ്പിനായി  ഇരു പാർട്ടികളും സഖ്യമായതോടെ മണ്ടിയ സീറ്റിൽ ജെഡിഎസ് പിടിമുറുക്കുകയായിരുന്നു. നിരവധി തവണ ജെഡിഎസുമായി ഉഭയകക്ഷി ചർച്ചകൾ നടന്നെങ്കിലും  മണ്ടിയ ബിജെപിക്കു വിട്ടു കൊടുക്കാൻ ഗൗഡ കുടുംബം തയ്യാറായില്ല. ഇതോടെ ബെംഗളൂരു നോർത്ത്, ചിക്കബല്ലാപുര മണ്ഡലങ്ങളിൽ ഏതെങ്കിലും നൽകി സുമലതയെ സമാധാനിപ്പിക്കാൻ ബിജെപി നേതൃത്വം ആവുംപടി ശ്രമിച്ചു.

കോൺഗ്രസിന്റെയും ജെഡിഎസിന്റേയും വോട്ടു ബാങ്കായ വൊക്കലിഗ സമുദായത്തിന് സ്വാധീനമുള്ള മേഖലയാണ് മണ്ടിയ

ജയസാധ്യത ഇല്ലാത്ത  മണ്ഡലത്തിൽ നിർത്തി തോൽപ്പിക്കാനുള്ള ശ്രമത്തെ അവർ ചോദ്യം ചെയ്തു.  മണ്ടിയയിൽ മാർച്ച് 25നു സ്ഥാനാർഥി പ്രഖ്യാപനമെന്ന് നേരത്തെ തന്നെ ജെഡിഎസ് വ്യക്തമാക്കിയതോടെ  ബിജെപി വെട്ടിലായി. മണ്ഡലത്തിൽ എച്ച് ഡി കുമാരസ്വാമിയോ മകൻ നിഖിൽ കുമാരസ്വാമിയോ ആകും സ്ഥാനാർഥി. ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള കവാടമായാണ് ജെഡിഎസ് മണ്ടിയ സീറ്റിനെ കാണുന്നത്.

സുമലതയെ കേന്ദ്ര സർക്കാരിന് കീഴിലെ പകിട്ടുള്ള പല പദവികളും വാഗ്ദാനം ചെയ്ത് ഒപ്പം നിർത്താൻ ബിജെപി നോക്കിയിട്ടും അവർ അടുക്കുന്ന മട്ടില്ല. സ്വതന്ത്രയായി സുമലത മത്സരിക്കാനിറങ്ങിയാൽ മുന്നണി മര്യാദ ലംഘിച്ച് അവരെ ജയിപ്പിച്ചെടുക്കാൻ ബിജെപിക്കാവില്ല, മുന്നണി മര്യാദ കാറ്റിൽ പറത്തി ജയിപ്പിക്കാമെന്നു വെച്ചാലും ബിജെപിക്ക് ആ മണ്ഡലത്തിൽ അത്ര വേരോട്ടമില്ല.

കോൺഗ്രസാണെങ്കിൽ നേരെത്തെ തന്നെ ഇവിടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് പ്രചാരണം രണ്ടാം റൗണ്ടിലെത്തി നിൽക്കുകയാണ്. കോൺഗ്രസിന്റെയും ജെഡിഎസിന്റേയും വോട്ടു ബാങ്കായ വൊക്കലിഗ സമുദായത്തിന് സ്വാധീനമുള്ള മേഖലയാണ് മണ്ടിയ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മേഖലയിൽ ജെഡിഎസ് കനത്ത തിരിച്ചടി നേരിടുകയും കോൺഗ്രസസിന് അപ്രതീക്ഷിത സീറ്റുകൾ  കിട്ടുകയും ചെയ്തിരുന്നു. 

'തലച്ചോറ് തിന്നുന്ന' അമീബ ബാധ വീണ്ടും; മലപ്പുറത്ത് അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍

'ഇന്ത്യ സഖ്യത്തിന് പുറത്തുനിന്ന് പിന്തുണ', നിബന്ധന മുന്നോട്ടുവച്ച് മമത ബാനർജി

സിഎഎ നടപ്പാക്കി; 14 പേര്‍ക്ക് പൗരത്വം നല്‍കി കേന്ദ്ര സര്‍ക്കാര്‍

ഉഷ്ണതരംഗത്തിന് കാരണം കാലാവസ്ഥ വ്യതിയാനം? പുതിയ പഠനങ്ങളിലുള്ളത് നിർണായക വിവരങ്ങൾ

ധ്രുവദീപ്തിക്കു കാരണമായ സൗരജ്വാലകള്‍ പകര്‍ത്തി ആദിത്യ എല്‍ വണ്ണും ചന്ദ്രയാന്‍ രണ്ടും