Lok Sabha Election 2024

'കോണ്‍ഗ്രസിനും സിപിഎമ്മിനുമുള്ള ഒരു വോട്ട് ബിജെപിക്ക് രണ്ടെണ്ണം നല്‍കുന്നതിന് സമം'; ഘടകകക്ഷികള്‍ക്കെതിരെ ആഞ്ഞടിച്ച് മമത

വെബ് ഡെസ്ക്

കേരളത്തിന് പുറമെ ബംഗാളിലും 'ഇന്ത്യ' സഖ്യത്തിലെ ഘടകക്ഷികള്‍ തമ്മില്‍ പോര് മുറുകുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ, കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും കടന്നാക്രമിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി. സിപിഎമ്മിനും കോണ്‍ഗ്രസിനും ഒരു വോട്ട് നല്‍കുന്നത് ബിജെപിക്ക് രണ്ട് വോട്ട് നല്‍കുന്നതിന് തുല്യമാണെന്നും ബംഗാളില്‍ ഇന്ത്യ സഖ്യമില്ലെന്നും മമത പറഞ്ഞു. മൂര്‍ഷിദാബാദില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.

''ചിലര്‍ പറയുന്നു അവരാണ് ഇന്ത്യ (ഇന്ത്യ സഖ്യം), അവര്‍ക്ക് വോട്ട് ചെയ്യണമെന്ന്. എന്നാല്‍ ഇന്ത്യ ഇല്ല. അത് ഡല്‍ഹിയിലാണുള്ളത്. സിപിഎമ്മും കോണ്‍ഗ്രസും ഇവിടെ ഇന്ത്യയല്ല, ബിജെപിയാണ്,''മമത പറഞ്ഞു. വരും ദിവസങ്ങളില്‍ ഇന്ത്യ സഖ്യത്തെ നയിക്കാന്‍ പോകുന്നത് തൃണമൂല്‍ കോണ്‍ഗ്രസാണെന്നും മമത അവകാശപ്പെട്ടു. ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും ബിജെപി ഏജന്റുമാരായാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ അവരെ പിന്തുണയ്ക്കില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ സഖ്യ രൂപീകരണത്തിന് നിര്‍ണായക പങ്ക് വഹിച്ചത് താനായിരുന്നുവെന്നും സഖ്യത്തിന് 'ഇന്ത്യ' എന്ന് പേര് നല്‍കിയതു പോലും താനാണെന്നും മമത അവകാശപ്പെട്ടു. ബിജെപിയെ പരാജയപ്പെടുത്തണമെന്നാണ് ആഗ്രഹമെങ്കില്‍, കോണ്‍ഗ്രസിനും സിപിഎമ്മിനും വോട്ട് ചെയ്യരുതെന്നും മമത ആഹ്വാനം ചെയ്തു.

ദേശീയതലത്തില്‍ ഇന്ത്യ സഖ്യത്തിന് ഒപ്പമാണെങ്കിലും ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തനിച്ചാണ് മത്സരിക്കുന്നത്. സിപിഎമ്മും കോണ്‍ഗ്രസും സഖ്യമായും മത്സരിക്കുന്നു. സീറ്റ് ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് സഖ്യനീക്കം പാളിയത്. കോണ്‍ഗ്രസിന് രണ്ട് സീറ്റില്‍ കൂടുതല്‍ നല്‍കാനാകില്ലെന്നായിരുന്നു മമതയുടെ നിലപാട്.

തൃണമൂലുമായി സഖ്യത്തിലെത്താന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ശ്രമിച്ചിരുന്നെങ്കിലും മമത നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനം ചൂണ്ടിക്കാട്ടിയായിരുന്നു കൂടുതല്‍ സീറ്റ് നല്‍കാനാകില്ലെന്ന നിലപാട് മമത കടുപ്പിച്ചത്. എട്ട് സീറ്റ് വേണമെന്ന നിലപാടില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വും ഉറച്ചുനിന്നു. കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി മമതയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയതും വിഷയം വഷളാക്കി.

സിപിഎമ്മുമായി സഖ്യത്തിന് താല്പര്യം പ്രകടിപ്പിച്ചെങ്കിലും പിന്നീട് ഈ നിലപാടില്‍നിന്ന് മമത പിന്നോട്ടുപോവുകയായിരുന്നു. മമതയുമായി സഖ്യത്തിന് താല്പര്യമില്ലെന്ന് സിപിഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കിയതോടെ, ഇടതുപക്ഷത്തെ കടന്നാക്രമിച്ച് മമത രംഗത്തെത്തിയിരുന്നു. സിപിഎം തീവ്രവാദ പാര്‍ട്ടിയാണ് എന്നായിരുന്നു മമതയുടെ പരാമര്‍ശം. ബംഗാളിലെ മൂന്നു മണ്ഡലങ്ങളിലും ആദ്യഘട്ട ഇന്ന് വോട്ടെടുപ്പ് നടക്കുകയാണ്.

ബംഗാളിന് സമാനമായ സാഹചര്യമാണ് കേരളത്തിലും നിലനില്‍ക്കുന്നത്. കഴിഞ്ഞദിവസം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധി, സിപിഎമ്മും ബിജെപിയും തമ്മില്‍ അന്തര്‍ധാരയുണ്ടെന്ന് ആരോപിച്ചിരുന്നു. അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ ഇതാണ് കാരണമെന്നും രാഹുല്‍ ആരോപിച്ചിരുന്നു.

ഇതിനെതിരെ രൂക്ഷ പ്രതികരണമാണ് പിണറായി വിജയന്റ ഭാഗത്തുനിന്നുണ്ടായത്. രാഹുല്‍ ഗാന്ധി 'പഴയ പേരില്‍' നിന്ന് മാറിയിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. രാഹുലിനെ ബിജെപി പരിഹസിച്ച് വിളിക്കുന്ന 'പപ്പു' എന്ന പേര് പരോക്ഷമായി പരാമർശിച്ചായിരുന്നു പിണറായിയുടെ പ്രസംഗം.

അറസ്‌റ്റും ജയിലും കേന്ദ്ര ഏജൻസിയും കാട്ടി വിരട്ടാൻ നോക്കേണ്ട. രാഹുലിന്റെ മുത്തശ്ശി രാജ്യം അടക്കിവാണകാലത്ത്‌ ഒന്നരവർഷം ജയിലിലടച്ചിട്ടുണ്ട്. ജയിലെന്ന്‌ കേട്ടാൽ കോൺഗ്രസ് മുൻ മുഖ്യമന്ത്രി അശോക് ചവാനെപ്പോലെ പേടിക്കുന്നവരല്ല തങ്ങളെന്നും പിണറായി പറഞ്ഞു.

ഇതിനു പിന്നാലെ, മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. പിണറായി ബിജെപിയുടെ മൗത്ത് പീസാണെന്നും രാഹുലിന്റെ പഴയ പേര് മോദിയുടെ തോളിലിരുന്ന് വിളിക്കട്ടേയെന്നും സതീശന്‍ തിരിച്ചടിച്ചു.

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍