Lok Sabha Election 2024

സുമലത ബിജെപിയിലേക്ക്; നരേന്ദ്ര മോദിയുടെ വികസന സങ്കല്‍പ്പത്തിന് പിന്തുണ, കുമാരസ്വാമിക്കായി പ്രചാരണത്തിനിറങ്ങും

ദ ഫോർത്ത് - ബെംഗളൂരു

ഒടുവില്‍ സുമലത അംബരീഷ് നയം വ്യക്തമാക്കി. ഇനി സ്വതന്ത്രയായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനസ്വപ്നങ്ങള്‍ക്ക് താങ്ങാകാന്‍ ബിജെപിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായിസുമലതയുടെ പ്രഖ്യാപനം. വൈകാതെ അവര്‍ ബിജെപിയില്‍ അംഗത്വമെടുക്കും. മണ്ടിയയില്‍ സംഘടിപ്പിച്ച പ്രവവര്‍ത്തകരുടെ യോഗത്തിലാണ് സുമലത നയം വ്യക്തമാക്കിയത്.

ടിക്കറ്റ് കിട്ടിയില്ലെന്നു പറഞ്ഞു പാര്‍ട്ടി വിടുന്നവരെ നമ്മള്‍ കാണുന്നതാണ്. എന്നാല്‍ എനിക്ക് സീറ്റ് നിഷേധിച്ച ബിജെപിയില്‍ തന്നെ ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് എന്റെ തീരുമാനം. നരേന്ദ്ര മോദിയുടെ വികസന സങ്കല്‍പ്പത്തിനൊപ്പം എനിക്ക് നില്‍ക്കണം. സ്വാര്‍ത്ഥ താത്പര്യങ്ങള്‍ ഇല്ലാത്ത അഴിമതിക്കാരന്‍ അല്ലാത്ത നേതാവാണ് മോദിയെന്നും സുമലത പറഞ്ഞു.

ഇത്തവണ മണ്ടിയ മണ്ഡലം ജെഡിഎസ് സ്ഥാനാര്‍ഥി എച്ച് ഡി കുമാരസ്വാമിക്ക് വിട്ടു നല്‍കും. അവിടെ പ്രചാരണത്തിനിറങ്ങും. 2023 മുതല്‍ ബിജെപിയുമായി സഹകരിച്ചിരുന്നെങ്കിലും കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പോടെ രാഷ്ട്രീയസാഹചര്യം മാറി. മണ്ടിയ മണ്ഡലം ബിജെപി തന്നെ ഏറ്റെടുക്കണം എന്ന് ദേശീയനേതൃത്വത്തോട് എല്ലാ കൂടികാഴ്ചകളിലും ആവശ്യപ്പെട്ടിരുന്നു . നിര്‍ഭാഗ്യവശാല്‍ മണ്ഡലം ജെഡിഎസ് മത്സരിക്കാനെടുത്തു. ഇനി ഒരിക്കലും ഭര്‍ത്താവ് അംബരീഷിന്റെ മണ്ണായ മണ്ടിയ വിട്ടുപോകില്ലെന്നും സുമലത വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെ ബിജെപി ദേശീയനേതാക്കള്‍ മണ്ടിയ നഷ്ടമായതില്‍ തന്നെ സമാധാനിപ്പിച്ചു. അവരുടെ വാക്കുകള്‍ ചെവികൊണ്ടതിനാലാണ് വീണ്ടും മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഇറങ്ങേണ്ടെന്നു വെച്ചത്. കോണ്‍ഗ്രസ് തന്നെ വേണ്ടെന്നു നേരത്തെ പറഞ്ഞതിനാല്‍ ആ വഴിക്കു പോയതുമില്ലെന്നു സുമലത വിശദീകരിച്ചു. കന്നഡ നടന്‍ ദര്‍ശന്‍, മകന്‍ അഭിഷേക് അംബരീഷ് എന്നിവര്‍ക്കൊപ്പമെത്തിയാണ് സുമലത തന്റെ രാഷ്ട്രീയനിലപാട് പ്രഖ്യാപിച്ചത്.

2019ല്‍ മണ്ടിയയില്‍ നിന്നു 1.25 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആയിരുന്നു സുമലത അംബരീഷ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഭര്‍ത്താവും മുന്‍ എംപിയും കന്നഡ നടനുമായ എം എച് അംബരീഷിന്റെ മരണത്തെ തുടര്‍ന്നായിരുന്നു സുമലത തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് . അവര്‍ അന്ന് കോണ്‍ഗ്രസ് ടിക്കറ്റ് ചോദിച്ചിരുന്നെങ്കിലും കര്‍ണാടകയില്‍ ജെഡിഎസുമായി സഖ്യമുള്ളതിനാല്‍ ടിക്കറ്റ് നല്‍കാനായില്ല. മണ്ഡലത്തില്‍ എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയായിരുന്നു സുമലതയുടെ എതിരാളി. ബിജെപിയും കോണ്‍ഗ്രസും നിഖിലിനെ തോല്‍പ്പിക്കാന്‍ കച്ച കെട്ടിയതോടെ കന്നിയങ്കം സുമലത തൂത്തുവാരി ജയിക്കുകയായിരുന്നു.ഇത്തവണ ബിജെപി ടിക്കറ്റ് കാത്തിരുന്ന സുമലതയുടെ മുന്നില്‍ തടസമായത് ബിജെപി - ജെഡിഎസ് ബാന്ധവമാണ്.

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍