Science

അരനൂറ്റാണ്ടിനിടയിലെ ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം നാളെ; ആകാശ വിസ്മയം ഇന്ത്യയിലിരുന്ന് എങ്ങനെ ആസ്വദിക്കാം

വെബ് ഡെസ്ക്

ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ദൃശ്യമാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. 50 വർഷങ്ങൾക്കിപ്പുറം നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിനാണ് തിങ്കളാഴ്ച ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നത്. വടക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലുമായിരിക്കും ഇത്തവണ സൂര്യഗ്രഹണം ദൃശ്യമാകുക. സമാനമായ ഒരു സൂര്യഗ്രഹണം ദൃശ്യമാകാന്‍ ഇനി 126 വർഷം കാത്തിരിക്കേണ്ടിവരും.

സൂര്യനും ഭൂമിക്കും ഇടയിൽ നേർരേഖയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ മറയ്ക്കുന്നതാണ് സമ്പൂർണ സൂര്യഗ്രഹണം. ഒരുപാട് പ്രത്യേകതയുള്ള സൂര്യഗ്രഹണമാണ് ഏപ്രിൽ എട്ടിന് നടക്കാൻ പോകുന്നത്. അതുകൊണ്ടു തന്നെ ശാസ്ത്രലോകം ഏറെ പ്രതീക്ഷയോടെയാണ് ഗ്രഹണത്തെ ഉറ്റുനോക്കുന്നത്.

ഗ്രഹണം 7.5 മിനുറ്റ് വരെ നീണ്ടുനിൽക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. 50 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ കാലയളവായിരിക്കും ഇതെന്നും കരുതപ്പെടുന്നു. പസഫിക് സമുദ്രത്തിന് മുകളിൽ 2150 ലേ ഇത്രയും ദൈർഘ്യമേറിയ സൂര്യഗ്രഹണം ഇനി ദൃശ്യമാകൂ. അതിനാൽ നാളെ നടക്കാനിരിക്കുന്ന ആകാശക്കാഴ്ചയ്ക്ക് കാത്തിരിക്കുകയാണ് ലോകം.

സമ്പൂർണ സൂര്യഗ്രഹണസമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂർണമായി നേര്‍രേഖയിലെത്തുമ്പോള്‍ സൂര്യ പ്രകാശത്തെ ഏതാണ്ട് മുഴുവനായി ചന്ദ്രൻ മറയ്ക്കുന്ന നിലയുണ്ടാകും. ഈ സമയം പകൽ പോലും ഇരുട്ട് അനുഭവപ്പെടും. ഭാഗിക സൂര്യഗ്രഹണ സമയത്ത് ഇവ മൂന്നും പൂർണമായി വിന്യസിക്കപ്പെടുന്നില്ല, അതിനാൽ സൂര്യന്റെ ഒരു ഭാഗം മാത്രമേ മൂടപ്പെടുകയുള്ളൂ.

അമേരിക്കയില്‍ ടെക്‌സസ് മുതല്‍ മെയ്ന്‍ വരെയുള്ള സംസ്ഥാനങ്ങളിൽ ഇത്തവണ പൂര്‍ണസൂര്യഗ്രഹണം കാണാൻ സാധിക്കുമെന്നാണ് വിവരം. അമേരിക്കയിലെ മറ്റ് സ്ഥലങ്ങളിലും ചില കരീബിയന്‍ രാജ്യങ്ങള്‍, കൊളംബിയ, വെനസ്വേല, സ്‌പെയിൻ, ബ്രിട്ടൻ, പോര്‍ച്ചുഗല്‍, ഐസ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിലും ഭാഗികമായി സൂര്യഗ്രഹണം വീക്ഷിക്കാനാകും.

പക്ഷേ ഇന്ത്യ അടക്കമുള്ള പല ഏഷ്യൻ രാജ്യങ്ങളിലും ഈ പ്രതിഭാസം പൂർണതോതിൽ ദൃശ്യമാകില്ല. എന്നാൽ ഉപാധികളോടെ ഇന്ത്യയിലിരുന്ന് ഗ്രഹണം കാണാൻ സാധിക്കും, എങ്ങനെയാണെന്ന് നോക്കാം?

ഏപ്രിൽ എട്ടിന് ഇന്ത്യന്‍ സമയം രാത്രി 9.13 മുതല്‍ ഏപ്രില്‍ ഒൻപതിന് വെളുപ്പിന് 2.22 വരെയാണ് ലോകത്തെ വിവിധയിടങ്ങളിൽ സൂര്യഗ്രഹണം ദൃശ്യമാകുക. ഗ്രഹണസമയത്ത് ആകാശം നിശ്ചിത സമയത്തേക്ക് ഇരുണ്ടതായിരിക്കും. ഏകദേശം നാല് മിനുറ്റ് വരെ ഇരുണ്ട അവസ്ഥയിലാകും. മെക്സിക്കോയിൽനിന്നാകും സമ്പൂർണ സൂര്യഗ്രഹണം ആരംഭിക്കുക. തുടർന്ന് യുഎസിലും അറ്റ്ലാൻ്റിക് കാനഡയിലും പ്രതിഭാസം ദൃശ്യമാകും. ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം ഭൂമിയെയും ചന്ദ്രനെയും സൂര്യനെയും കുറിച്ച് പഠിക്കാനുള്ള അപൂർവ അവസരമാണിതെന്ന് നാസ വ്യക്തമാക്കിയത്.

അരനൂറ്റാണ്ടിനിപ്പുറം സംഭവിക്കുന്ന ചരിത്രപ്രധാനമായ ഗ്രഹണം വീക്ഷിക്കാൻ വിപുലമായ മുന്നൊരുക്കങ്ങളാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ഒരുക്കിയിരിക്കുന്നത്. നേരിട്ടുകാണാൻ സാധിക്കാത്തവർക്കായി തത്സമയ ലൈവ് സ്ട്രീമിങ്ങും ഒരുക്കിയിട്ടുണ്ട്. നാസയുടെ ഔദ്യോഗിക യൂട്യൂബ് പേജിൽ മൂന്നു മണിക്കൂര്‍ നേരത്തേക്ക് നിരവധി വടക്കന്‍ അമേരിക്കന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങൾ ജനങ്ങൾക്ക് കാണാൻ സാധിക്കും.

അമേരിക്കയുടെ വടക്കുഭാഗത്ത് നിന്നുള്ള ദൃശ്യങ്ങളാണ് സംപ്രേക്ഷണം ചെയ്യുക നാസയുടെ നിരവധി പരീക്ഷണങ്ങളും സൂര്യഗ്രഹണ സമയത്ത് നടക്കുന്നുണ്ട്, ഇവ സംബന്ധിച്ച വിവരങ്ങൾ എല്ലാം ഈ സമയത്ത് സംപ്രേഷണം ചെയ്യുന്നതിനെക്കുറിച്ചും നാസ അറിയിച്ചിട്ടുണ്ട്. നാസാ ടിവി, നാസ വെബ്‌സൈറ്റ് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലായിരിക്കും സംപ്രേക്ഷണം. ഇന്ത്യൻ സമയം ഏപ്രില്‍ 8ന് രാത്രി 10.30 മുതല്‍ ഏപ്രില്‍ 9ന് വെളുപ്പിന് 1.30 വരെ ആയിരിക്കും നാസയുടെ ലൈവ് സ്ട്രീമിംഗ് സംപ്രേഷണം ചെയ്യുക.

ഇതുകൂടാതെ, അമേരിക്കയിലെ ടെക്സസിലെ മക്ഡൊണാൾഡ് ഒബ്സർവേറ്ററി സംപ്രേഷണം ചെയ്യുന്ന തത്സമയ ലൈവ് സ്ട്രീമിങ്ങും ഗ്രഹണം വീക്ഷിക്കാനുള്ള മറ്റൊരു വഴിയാണ്. സ്കൈവാച്ചിങ് വെബ്‌സൈറ്റായ 'timeanddate.com'ൽ ഏപ്രിൽ എട്ടിന് ഇന്ത്യൻ സമയം രാത്രി 10 മുതൽ ലൈവ് സ്ട്രീമിങ് സംപ്രേഷണം ചെയ്യുന്നുണ്ട്.

നഗ്ന നേത്രങ്ങളാല്‍ നേരിട്ട് സൂര്യഗ്രഹം വീക്ഷിക്കരുതെന്ന മുന്നറിയിപ്പും ഗവേഷകർ നൽകുന്നുണ്ട്. ഗ്രഹണസമയത്ത് സൂര്യനെ നേരിട്ടു നോക്കിയാൽ കണ്ണിന്റെ കാഴ്ച വരെ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. അതുപോലെ, സുരക്ഷിതമല്ലാത്ത ലെന്‍സുകള്‍ ഉപയോഗിച്ച് ഗ്രഹണം കണ്ടാല്‍ കാഴ്ചയ്ക്ക് സാരമായ തകരാര്‍ ഉണ്ടാകാം. അതിനാൽ, സേഫ് സോളാര്‍ വ്യൂവിങ് ഗ്ലാസ് ഉപയോഗിച്ചാണ് സൂര്യഗ്രഹണം വീക്ഷിക്കേണ്ടത്.

സൂര്യഗ്രഹണം മൊബൈൽ ഫോണില്‍ ചിത്രീകരിക്കരുതെന്നും നാസയുടെ മുന്നറിയിപ്പുണ്ട്. സൂര്യഗ്രഹണം സ്മാർട്ട്ഫോണിലെ ക്യാമറ ഉപയോഗിച്ച് പകർത്തിയാല്‍ സെന്‍സറിന് കേടുപാടുകള്‍ സംഭവിക്കാമെന്നാണ് നാസ നൽകിയ വിശദീകരണം. സൂര്യഗ്രഹണം ഷൂട്ട് ചെയ്യുന്നതിന് കൃത്യമായ ഫില്‍ട്ടർ ഉപയോഗിക്കണമെന്ന നിർദേശവും നാസ മുന്നോട്ടുവെച്ചിട്ടുണ്ട്.

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

IPL 2024| ഹാർദിക്കില്‍ 'ബാലന്‍സ്' തെറ്റിയ ഗുജറാത്ത്; സീസണില്‍ പിഴച്ചതെവിടെ?