CRICKET

ലോകകപ്പിലെ മോശം പ്രകടനം; പാക് ക്രിക്കറ്റില്‍ പൊട്ടിത്തെറി, ഇന്‍സമാം രാജിവച്ചു

വെബ് ഡെസ്ക്

ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ പാക് ക്രിക്കറ്റില്‍ പൊട്ടിത്തെറി. പാകിസ്താന്‍ ടീമിന്റെ മുഖ്യ സെലക്ടർ സ്ഥാനം രാജിവച്ച് മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. പാകിസ്താന്‍ ക്രിക്കറ്റ് ബോർഡ് (പിസിബി) തലവന്‍ സക്ക അഷ്റഫിന് ഇന്‍സമാം രാജിക്കത്ത് അയച്ചതായാണ് റിപ്പോർട്ടുകള്‍. ടീം തിരഞ്ഞെടുപ്പില്‍ ഇന്‍സമാം സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവർത്തിച്ചതായി ആരോപണം ഉയർന്നിരുന്നു.

ഇന്‍സമാമിന്റെ കരാർ റദ്ദാക്കേണ്ടി വന്നാല്‍ പിസിബിക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായേക്കും. ഏകദേശം ഒന്നരക്കോടി പാകിസ്താന്‍ രൂപ ഇന്‍സമാമിന് നിർബന്ധിതമായി പിസിബി നല്‍കേണ്ടി വരുമെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. 25 ലക്ഷം രൂപ വീതം ആറ് മാസത്തെ ശമ്പളമാണിത്.

പാക് ക്രിക്കറ്റ് താരങ്ങളുടെ ഏജന്റായ തല്‍ഹ റഹ്മാനിയുടെ കമ്പനിയായ യാസൊ ഇന്റർനാഷണലില്‍ ഇന്‍സമാമിന് ഓഹരിയുണ്ടെന്ന റിപ്പോർട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇത് സംബന്ധിച്ച് പിസിബി അന്വേഷണം നടത്താനിരിക്കെയാണ് രാജി.

പാക് നായകന്‍ ബാബർ അസം, മുഹമ്മദ് റിസ്വാന്‍, ഷഹീന്‍ ഷാ അഫ്രിദി തുടങ്ങിയ താരങ്ങളുടെ ഏജന്റാണ് റെഹ്മാനി. സ്ഥാപനത്തിന്റെ സഹ ഉടമകൂടിയാണ് റിസ്വാന്‍. ഇതെല്ലാം ആരാധകരില്‍ നിന്ന് വിമർശനങ്ങള്‍ ഉയരുന്നതിന് കാരണമായിരുന്നു.

സെന്‍ട്രല്‍ കോണ്‍ട്രാക്റ്റ് സംബന്ധിച്ച് കളിക്കാരും പിസിബിയും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായ സാഹചര്യത്തിലായിരുന്നു ഇക്കാര്യങ്ങള്‍ പുറത്തുവന്നത്. ലോകകപ്പ് ആരംഭിക്കുന്നതിന് മുന്‍പ് കാര്യങ്ങള്‍ വഷളാകുകയും താരങ്ങള്‍ പരസ്യങ്ങളുടെ ഭാഗമാകാനില്ലെന്ന നിലപാടെടുക്കുകയും ചെയ്തു. ഐസിസി പിസിബിക്ക് നല്‍കുന്ന പണത്തിന്റെ വിഹിതം വേണമെന്നായിരുന്നു താരങ്ങളുടെ ആവശ്യം.

ഇന്‍സമാം ഇടപെട്ടായിരുന്നു തർക്കം പരിഹരിച്ചത്. താരങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടായിരുന്നു ഒത്തുതീർപ്പിലെത്തിയത്. കരാർ വിവാദത്തിലെ ഇടപെടലും താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് ടീമിനെ തിരഞ്ഞെടുത്തെന്ന ആരോപണങ്ങളും ഇന്‍സമാമിന് തിരിച്ചടിയായി.

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി