CRICKET

IPL 2024| രക്ഷകരായി അനൂജും കാർത്തിക്കും; ചെന്നൈക്ക് 174 റണ്‍സ് വിജയലക്ഷ്യം

വെബ് ഡെസ്ക്

ഇന്ത്യന്‍ പ്രീമിയർ ലീഗ് (ഐപിഎല്‍) 17-ാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 174 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബെംഗളൂരു ബാറ്റിങ് തകർച്ച നേരിട്ടെങ്കിലും മികച്ച സ്കോറിലേക്ക് എത്തുകയായിരുന്നു. അനൂജ് റാവത്ത് (48), ദിനേശ് കാർത്തിക്ക് (38) എന്നിവരാണ് ബെംഗലൂരുവിനായി തിളങ്ങിയത്. ചെന്നൈക്കായി മുസ്തഫിസൂർ റഹ്മാന്‍ നാല് വിക്കറ്റ് നേടി.

നായകന്‍ ഫാഫ് ഡുപ്ലെസിയുടെ ആക്രമണ ബാറ്റിങ്ങിലൂടെയായിരുന്നു സന്ദർശകർ ഐപിഎല്ലിന് കിക്കോഫ് നല്‍കിയത്. നാല് ഓവറില്‍ 40 കടന്ന ബെംഗലൂരുവിനെ പിടിച്ചുകെട്ടിയ മുസ്തഫിസൂർ റഹ്മാനായിരുന്നു. 23 പന്തില്‍ 35 റണ്‍സെടുത്ത ഡുപ്ലെസിയെ രച്ചിന്‍ രവീന്ദ്രയുടെ കൈകളിലെത്തിച്ചായിരുന്നു മുസ്തഫിസൂർ തുടങ്ങിയത്. പിന്നാലെയെത്തിയ രജത് പാട്ടിദാറും (0) ഇടം കയ്യന്‍ പേസറിന് മുന്നില്‍ കീഴടങ്ങി.

തൊട്ടടുത്ത ഓവറില്‍ അപകടകാരിയായ ഗ്ലെന്‍ മാക്സ്‌വെല്ലിനെ ഗോള്‍ഡന്‍ ഡക്കാക്കി ദീപക് ചഹർ മുന്‍നിരയുടെ തകർച്ച പൂർണമാക്കി. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കളത്തിലെത്തിയ വിരാട് കോഹ്ലി നേടിയത് 20 പന്തില്‍ 21 റണ്‍സായിരുന്നു. മുസ്തഫിസൂറിന്റെ പന്തില്‍ അജിങ്ക്യ രഹാനെ/രച്ചിന്‍ സഖ്യത്തിന്റെ ക്യാച്ചായിരുന്നു കോഹ്ലിയെ മടക്കിയത്.

ബെംഗളൂരു ജേഴ്സിയിലെ ആദ്യ മത്സരത്തില്‍ കാമറൂണ്‍ ഗ്രീനിനും തിളങ്ങാനായില്ല. 22 പന്തു നീണ്ട ഇന്നിങ്സില്‍ 18 റണ്‍സ് മാത്രം. മുസ്തഫിസൂറിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്. 78-5 എന്ന നിലയിലേക്ക് വീണ ബെംഗളൂരുവിനെ അനൂജ് റാവത്ത്-ദിനേശ് കാർത്തിക്ക് സഖ്യം കരകയറ്റുകയായിരുന്നു. അപകടം ഒഴിവാക്കാന്‍ മെല്ലത്തുടങ്ങിയ സഖ്യം അവസാന ഓവറുകളെത്തിയപ്പോള്‍ സ്കോറിങ്ങിന്റെ വേഗം കൂട്ടി.

അഞ്ചാം വിക്കറ്റില്‍ 95 റണ്‍സാണ് ഇരുവരും കൂട്ടിച്ചേർത്തത്. അവസാന അഞ്ച് ഓവറില്‍ 71 റണ്‍സും കണ്ടെത്തി. 25 പന്തില്‍ നാല് ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 48 റണ്‍സെടുത്ത അനൂജ് അവസാന പന്തിലാണ് പുറത്തായത്. 26 പന്തില്‍ 38 റണ്‍സെടുത്താണ് കാർത്തിക്ക് പുറത്താകാതെ നിന്നത്. മൂന്ന് ഫോറും രണ്ട് സിക്സും കാർത്തിക്കിന്റെ ഇന്നിങ്സില്‍ ഉള്‍പ്പെട്ടു.

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

വെസ്റ്റ്ഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി; പ്രീമിയര്‍ ലീഗ് കിരീടത്തില്‍ നാലാം മുത്തം

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും