CRICKET

IPL 2024| വെടിക്കെട്ടില്ല, നനഞ്ഞ പടക്കമായി ഹൈദരാബാദ്; ബെംഗളൂരുവിന് രണ്ടാം ജയം

വെബ് ഡെസ്ക്

ഐപിഎല്ലില്‍ കരുത്തരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 35 റണ്‍സിന് പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബെംഗളൂരു ഉയർത്തിയ 207 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന്റെ പോരാട്ടം 171ല്‍ അവസാനിച്ചു. ബെംഗളൂരുവിന്റെ സീസണിലെ രണ്ടാം ജയമാണിത്. ഹൈദരാബാദിന്റെ മൂന്നാം തോല്‍വിയും.

ഹൈദരാബാദിന്റെ കൂറ്റനടിക്കാർക്ക് നിലയുറപ്പിക്കാനുള്ള സാവകാശം പോലും നല്‍കാതെയായിരുന്നു ബെംഗളൂരുവിന്റെ കുതിപ്പ്. അഞ്ച് ഓവറിനുള്ളില്‍ തന്നെ ട്രാവിസ് ഹെഡ് (4), അഭിഷേക് ശർമ (31), എയ്‌ഡന്‍ മാർക്രം (7), ഹെന്‍ററിച്ച് ക്ലാസന്‍ (7) എന്നിവർ മടങ്ങി. ഇന്നിങ്സ് പാതി വഴിയിലെത്തും മുന്‍പ് തന്നെ നിതീഷ് റെഡ്ഡിയും (13), അബ്ദുള്‍ സമദും (10) പുറത്തായതോടെ ഹൈദരാബാദിന്റെ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയായി.

ഷഹബാസ് അഹമ്മദ് (40*) പാറ്റ് കമ്മിന്‍സ് (15 പന്തില്‍ 31), ഭുവനേശ്വർ കുമാർ (13) എന്നിവർക്ക് തോല്‍വിഭാരം കുറയ്ക്കാന്‍ മാത്രമെ സാധിച്ചൊള്ളു. രണ്ട് വിക്കറ്റ് വീതം നേടിയ സ്വപ്നീല്‍ സിങ്, കരണ്‍ ശർമ, കാമറൂണ്‍ ഗ്രീന്‍ എന്നിവരാണ് ഹൈദരാബാദിന്റെ ബാറ്റിങ് നിരയെ തകർത്തത്. യാഷ് ദയാലും വില്‍ ജാക്സും ഓരോ വിക്കറ്റും നേടി.

ബെംഗളൂരു 207-7

സണ്‍റൈസേഴ്‌സിന്റെ ബാറ്റിങ് വെടിക്കെട്ട് മുന്നില്‍ക്കണ്ടായിരുന്നു ബെംഗളൂരു ഇന്നിങ്സ് ആരംഭിച്ചത്. കോഹ്ലിയും ഫാഫ് ഡുപ്ലെസിസും ചേർന്ന് സ്കോറിങ് അതിവേഗത്തുടക്കവും സമ്മാനിച്ചു. നാലാം ഓവറില്‍ ഡുപ്ലെസിസിനേയും (25) ഏഴാം ഓവറില്‍ വില്‍ ജാക്സിനേയും നഷ്ടമായതോടെ (6) ബെംഗളൂരു പ്രതിരോധത്തിലായി. പിന്നീട് കോഹ്ലിയുടെ ഇന്നിങ്സ് പതിഞ്ഞ താളത്തില്‍ നീങ്ങിയെങ്കിലും രജത് പാട്ടിദാർ സ്കോർ ബോർഡ് ചലിപ്പിച്ചു.

മൂന്നാം വിക്കറ്റില്‍ 65 റണ്‍സാണ് സഖ്യം ചേർത്തത്. 20 പന്തില്‍ 50 തികച്ച പാട്ടിദാറിനെ മടക്കി ജയദേവ് ഉനദ്‌കട്ടാണ് കൂട്ടുകെട്ട് പൊളിച്ചത്. തന്റെ അടുത്ത ഓവറില്‍ കോഹ്ലിയേയും ഉനദ്‌കട്ട് പുറത്താക്കി ബെംഗളൂരുവിന് ഇരട്ടപ്രഹരം സമ്മാനിച്ചു. 43 പന്തില്‍ നാല് ഫോറും ഒരു സിക്സും ഉള്‍പ്പെട്ടും കോഹ്ലിയുടെ ഇന്നിങ്സില്‍. പുതിയ കൂട്ടുകെട്ട് സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ കാമറൂണ്‍ ഗ്രീന്‍ നടത്തിയെങ്കിലും മഹിപാല്‍ ലോംറോറിനെ മടക്കി ഉനദ്‌കട്ട് വീണ്ടും വില്ലനായി.

അവസാന ഓവറുകളില്‍ സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ ദിനേഷ് കാർത്തിക്കും (11) നിരാശപ്പെടുത്തി. 20 പന്തില്‍ 37 റണ്‍സെടുത്ത ഗ്രീനും അഞ്ച് പന്തില്‍ 12 റണ്‍സെടുത്ത സ്വപ്നീലുമാണ് ബെംഗളൂരു സ്കോർ 200 കടത്തിയത്. ഹൈദരാബാദിനായി ഉനദ്‌കട്ടിന് പുറമെ ടി നടരാജന്‍ രണ്ടും, മായങ്ക് മാർഖണ്ഡെ,പാറ്റ് കമ്മിന്‍സ് എന്നിവർ ഓരോ വിക്കറ്റും നേടി.

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

വെസ്റ്റ്ഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി; പ്രീമിയര്‍ ലീഗ് കിരീടത്തില്‍ നാലാം മുത്തം

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും