റണ്‍മഴ പെയ്തിറങ്ങി, 'വരള്‍ച്ച' അവസാനിച്ചു; ആശയും ആശ്വാസവുമേകുന്ന ജയ്‌സ്വാള്‍ ഫോം

റണ്‍മഴ പെയ്തിറങ്ങി, 'വരള്‍ച്ച' അവസാനിച്ചു; ആശയും ആശ്വാസവുമേകുന്ന ജയ്‌സ്വാള്‍ ഫോം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കേവലം ഒന്‍പത് ഇന്നിങ്സുകളില്‍ നിന്ന് 712 റണ്‍സ് നേടിയ ജയ്സ്വാളിന്റെ നിഴല്‍ മാത്രമായിരുന്നു ഐപിഎല്ലിന്റെ ആദ്യ പകുതിയില്‍ പ്രത്യക്ഷമായിരുന്നത്

മുംബൈ ഇന്ത്യന്‍സിനെതിരെ വിജയ റണ്‍സ് നേടി വാനിലേക്ക് ബാറ്റുയർത്തി രാജസ്ഥാന്‍ റോയല്‍സ് താരം യശസ്വി ജയ്സ്വാള്‍ ഒരു ചിരിചിരിച്ചു. ആ ചിരിയില്‍ ഒരു ആശ്വാസം പ്രകടമായിരുന്നു. തന്റെ ടീം തോല്‍വി വഴങ്ങിയെങ്കിലും രോഹിതിന്റെ മുഖത്തും ജയ്സ്വാളിന്റെ അതെ വികാരമായിരുന്നു. ജയ്സ്വാളിനെ ആശ്ലേഷിച്ചുകൊണ്ടാണ് രോഹിത് ശർമ അഭിനന്ദനം അറിയിച്ചതും. ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ജയ്സ്വാളിന്റെ ഫോം വീണ്ടെടുപ്പ് എത്രത്തോളം പ്രാധാന്യം അർഹിക്കുന്നതാണെന്ന് തെളിയിക്കുന്നതായിരുന്നു ഈ നിമിഷം.

ട്വന്റി 20 ലോകകപ്പില്‍ രോഹിതിന്റെ ഓപ്പണിങ് കൂട്ടാളിയായി പരിഗണിക്കപ്പെടുന്ന ജയ്സ്വാള്‍ താളം കണ്ടെത്താതെ തുടരുന്നത് പല കോണില്‍ നിന്നു ആശങ്ക ഉയരുന്നതിന് കാരണമായി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കേവലം ഒന്‍പത് ഇന്നിങ്സുകളില്‍ നിന്ന് രണ്ട് സെഞ്ചുറിയും മൂന്ന് അർധ സെഞ്ചുറിയും ഉള്‍പ്പെടെ 712 റണ്‍സ് നേടി ഉജ്വല ഫോമിലുണ്ടായിരുന്നു ജയ്സ്വാളിന്റെ നിഴല്‍ മാത്രമായിരുന്നു ഐപിഎല്ലിന്റെ ആദ്യ പകുതിയില്‍ പ്രത്യക്ഷമായിരുന്നത്. ഏഴ് കളികളില്‍ നിന്ന് നേടിയത് കേവലം 121 റണ്‍സ് മാത്രമായിരുന്നു. ശരാശരി ഇരുപതിനും താഴെ. ഏഴില്‍ ആറ് തവണയും പവർപ്ലേ പോലും താണ്ടാനായിരുന്നില്ല. ലഭിക്കുന്ന തുടക്കങ്ങള്‍ മുതലെടുക്കാനാകാതെ വിക്കറ്റ് വലിച്ചെറിയുന്ന പല യുവ താരങ്ങളുടേയും ശൈലി ജയ്സ്വാളും ആവർത്തിക്കുകയായിരുന്നു ഇതുവരെ.

റണ്‍മഴ പെയ്തിറങ്ങി, 'വരള്‍ച്ച' അവസാനിച്ചു; ആശയും ആശ്വാസവുമേകുന്ന ജയ്‌സ്വാള്‍ ഫോം
ഇനിയും വേണോ, ഓള്‍റൗണ്ടര്‍മാരെ പുറത്തിരുത്തുന്ന ഇംപാക്ട് റൂള്‍

ട്വന്റി 20 ലോകകപ്പില്‍ രോഹിതിന്റെ ഓപ്പണിങ് കൂട്ടാളിയായി പരിഗണിക്കപ്പെടുന്ന ജയ്സ്വാള്‍ താളം കണ്ടെത്താതെ തുടരുന്നത് പല കോണില്‍ നിന്നു ആശങ്ക ഉയരുന്നതിന് കാരണമായി. പ്രത്യേകിച്ചും ഓപ്പണിങ് സ്ഥാനത്തേക്ക് ഇന്ത്യന്‍ താരങ്ങള്‍ക്കിടയില്‍ തന്നെ മത്സരം കടുക്കുന്ന പശ്ചാത്തലത്തില്‍. ഐപിഎല്ലിലെ തന്നെ തന്റെ ഏറ്റവും പ്രിയപ്പെട്ട എതിരാളിയായ മുംബൈ ഇന്ത്യന്‍സ് തന്നെ വേണ്ടി വന്നു ജയ്സ്വാളിന് ഫോമിലേക്ക് തിരിച്ചെത്തിക്കാന്‍.

മുംബൈക്കെതിരെ കരുതലോടെ തുടങ്ങിയ ജയ്സ്വാളിന് ജെറാള്‍ഡ് കോറ്റ്സിയുടെ ഓവറായിരുന്നു സ്കോറിങ് ചലിപ്പിക്കാന്‍ സഹായിച്ചത്. ദക്ഷിണാഫ്രിക്കന്‍ പേസറുടെ ഓവറില്‍ ഒരു സിക്സും രണ്ട് ഫോറും ഇടം കയ്യന്‍ ബാറ്റർ പായിച്ചു. ആദ്യ പത്ത് പന്തില്‍ 110 മാത്രമായിരുന്ന ജയ്സ്വാളിന്റെ സ്ട്രൈക്ക് റേറ്റ് 20 പന്തെത്തിയപ്പോള്‍ 180 ആയി ഉയർന്നു. 30 പന്തിലാണ് സീസണിലെ ആദ്യ അർധ ശതകം ജയ്സ്വാള്‍ പിന്നിട്ടത്.

അരങ്ങേറ്റം മുതല്‍ ഓപ്പണിങ് സ്ലോട്ടിലാണ് ഇതുവരെ ജയ്സ്വാള്‍ ബാറ്റ് ചെയ്തിട്ടുള്ളത്. ഇത് ബിസിസിഐ ഭാവിയിലേക്ക് നല്‍കുന്ന സൂചനകൂടിയാണെന്നാണ് പ്രതീക്ഷിക്കുന്നതും

തനതുശൈലിയില്‍ ബാറ്റ് വീശുന്ന ജയ്സ്വാളിനെയാണ് തുടർന്ന് കണ്ടത്. മാറി മാറിയെത്തിയ ബൗളർമാർക്ക് പിടികൊടുക്കാത്ത മികവ്. സ്പിന്നർമാർക്കും പേസർമാർക്കും മറുമരുന്നായി കൃത്യതയാർന്ന ടൈമിങ്. 60 പന്തില്‍ ഒന്‍പത് ഫോറും ഏഴ് സിക്സും ഉള്‍പ്പെടെ 104 റണ്‍സാണ് താരം നേടിയത്. സ്ട്രൈക്ക് റേറ്റ് 173.33. ജയ്സ്വാള്‍ സ്വയം 'സൃഷ്ടിച്ച ലെവലിനൊപ്പം' എത്തിയ പ്രകടനമെന്ന് വിലയിരുത്താനാകും.

നാലു പേരിലാര്?

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെ ഓപ്പണർമാരുടെ സ്ഥാനത്തിനായി ക്യൂവിലുള്ളവരുടെ എണ്ണം ചെറുതല്ല. രോഹിതിന്റെ സ്ഥാനം ഉറച്ചു തുടരുന്നതോടെ അവശേഷിക്കുന്ന ഏക സ്ഥാനത്തിനായി ജയ്സ്വാളിന് പുറമെ ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, റിതുരാജ് ഗെയ്ക്വാദ് എന്നിവരാണ് മത്സരിക്കുന്നത്.

റണ്‍സിന്റെ കണക്കെടുക്കുകയാണെങ്കില്‍ നാല് പേരില്‍ ബഹുദൂരം മുന്നിലുള്ളത് ചെന്നൈ സൂപ്പർ കിങ്സ് നായകന്‍ റുതുരാജ് ഗെയ്ക്വാദാണ്. എട്ട് കളികളില്‍ നിന്ന് 349 റണ്‍സുമായി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ട് റുതുരാജ്. ലഖ്നൗവിനെതിരായ സെഞ്ചുറി ഇന്നിങ്സോടെ 130ലായിരുന്നു സ്ട്രൈക്ക് റേറ്റ് 140 കടത്താനും റുതുരാജിനായിട്ടുണ്ട്.

റണ്‍മഴ പെയ്തിറങ്ങി, 'വരള്‍ച്ച' അവസാനിച്ചു; ആശയും ആശ്വാസവുമേകുന്ന ജയ്‌സ്വാള്‍ ഫോം
ബൗളർമാർക്ക് നരകം, ബാറ്റർമാർക്ക് പറുദീസ! 'ബാലന്‍സ്' തെറ്റിയ ഐപിഎല്‍

എട്ട് കളികളില്‍ നിന്ന് 298 റണ്‍സ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മാന്‍ ഗില്ലും സ്കോറിങ്ങിന്റെ കാര്യത്തില്‍ പിന്നോട്ടല്ല. രണ്ട് അർധ സെഞ്ചുറികളും ഗില്ലിന്റെ പോക്കറ്റിലുണ്ട്. സ്ട്രൈക്ക് റേറ്റും 150നടുത്താണ്.

ജയ്സ്വാളിന് പുറമെയുള്ള ഏക ഇടം കയ്യന്‍ ബാറ്ററാണ് ഇഷാന്‍ കിഷന്‍. സീസണില്‍ ഇതുവരെ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാന്‍ മുംബൈ താരത്തിനായിട്ടില്ല. കളിച്ച എട്ട് മത്സരങ്ങളില്‍ രണ്ട് തവണയാണ് റണ്ണൊന്നുമെടുക്കാതെ കൂടാരം കയറേണ്ടി വന്നത്. 170നടുത്തുള്ള സ്ട്രൈക്ക് റേറ്റാണ് ഏക പോസിറ്റീവ്. ബിസിസിഐയുമായി 'ഇടഞ്ഞിരിക്കുന്ന' ഇഷാന്റെ ഭാവി തന്നെ എത്തരത്തിലാകുമെന്നതില്‍ വ്യക്തതയില്ല.

ട്രംപ് കാർഡാകാന്‍ ജയ്സ്വാള്‍

അരങ്ങേറ്റം മുതല്‍ ഓപ്പണിങ് സ്ലോട്ടിലാണ് ഇതുവരെ ജയ്സ്വാള്‍ ബാറ്റ് ചെയ്തിട്ടുള്ളത്. ഇത് ബിസിസിഐ ഭാവിയിലേക്ക് നല്‍കുന്ന സൂചനകൂടിയാണെന്നാണ് പ്രതീക്ഷിക്കുന്നതും. രോഹിതിനൊപ്പം ടെസ്റ്റിലും ട്വന്റി20യിലും ഇതിനോടകം തന്നെ ജയ്സ്വാള്‍ ഇന്നിങ്സിന് തുടക്കം കുറിച്ചിട്ടുമുണ്ട്. ഏത് ഫോർമാറ്റിലായാലും നേരിടുന്ന ആദ്യ പന്തുമുതല്‍ ബൗളർമാർക്ക് മുകളില്‍ ആധിപത്യം നേടാന്‍ കഴിയുമെന്നാണ് ജയ്സ്വാളില്‍ നിന്ന് ഇതുവരെ പ്രകടമായ ശൈലി. താരത്തിന്റെ ടെസ്റ്റിലേയും ട്വന്റി 20യിലേയും കണക്കുകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുകയും ചെയ്യും.

ട്വന്റി 20 ലോകകപ്പില്‍ ലെഫ്റ്റ് ഹാന്‍ഡ് - റൈറ്റ് ഹാൻഡ് കോമ്പിനേഷനായിരിക്കും ഇന്ത്യന്‍ മുന്‍തൂക്കം നല്‍കുക. സച്ചിന്‍ തെണ്ടുല്‍ക്കർ - സൗരവ് ഗാംഗുലി, ഗൗതം ഗംഭീർ - വിരേന്ദർ സേവാഗ്, രോഹിത് - ശിഖർ ധവാന്‍ എന്നീ കോമ്പിനേഷനുകളുടെ ചരിത്രവും ഈ തീരുമാനത്തെ ശരിവെക്കുന്നതാണ്. നിലവിലെ ഫോമും ദേശീയ ടീമിലെ പ്രകടനവുമെല്ലാം കണക്കെടുക്കുമ്പോള്‍ ജയ്സ്വാളിന് തന്നെയാകുന്നു മുന്‍തൂക്കം. ഐപിഎല്ലിലെ മോശം പ്രകടനമായിരുന്നു ഇതുവരെയുള്ള തലവേദനയെങ്കില്‍, അതിനും പരിഹാരമായിട്ടുണ്ട്.

റണ്‍മഴ പെയ്തിറങ്ങി, 'വരള്‍ച്ച' അവസാനിച്ചു; ആശയും ആശ്വാസവുമേകുന്ന ജയ്‌സ്വാള്‍ ഫോം
'തല'യ്ക്ക് മേലെ ഇംപാക്ട്; പത്തരമാറ്റ് പതിരന

ജയ്സ്വാളിന്റെ സാധ്യത വർധിക്കുന്നതോടെ ഇഷാന്റെ മുന്നില്‍ ഏറെക്കുറെ ലോകകപ്പ് ടീമിലേക്കുള്ള വാതില്‍ അടഞ്ഞിട്ടുണ്ട്. കഴിഞ്ഞ 10 ട്വന്റി 20കളില്‍ രണ്ട് അർധ സെഞ്ചുറികള്‍ മാത്രമാണ് ഇഷാന്റെ പേരിലുള്ളത്. വിക്കറ്റ് കീപ്പർമാരുടെ പട്ടികയില്‍ ഇടം നേടാനുള്ള ശ്രമത്തിനും കടുത്ത വെല്ലുവിളിയുണ്ട്. റിഷഭ് പന്തും സഞ്ജു സാംസണുമാണ് വിക്കറ്റ് കീപ്പർ സ്ഥാനത്തേക്കുള്ള ഓട്ടത്തില്‍ മുന്നിലുള്ളത്. ഇരുവരേയും മറികടന്ന് ടീമില്‍ ഇടം നേടണമെങ്കില്‍ അത്ഭുതകരമായ ഇന്നിങ്സുകള്‍ ഇഷാന്‍ കാഴ്ചവെക്കേണ്ടി വരും.

ഗില്ലിന്റേയും ഗെയ്ക്വാദിന്റേയും കാര്യം വ്യത്യസ്തമല്ല. ഇരുവരും 15 അംഗ ടീമില്‍ ഉള്‍പ്പെട്ടാലും അന്തിമ ഇലവനില്‍ ഇടം കണ്ടെത്താനുള്ള സാധ്യത വിരളമാണ്. ഗില്ലിനെ പരീക്ഷിക്കാനാകുന്ന സ്ഥാനം മൂന്നാം നമ്പറാണ്, വിരാട് കോഹ്ലിയുടെ സാന്നിധ്യത്തില്‍ അത് സാധ്യമാവുകയുമില്ല. ഗെയ്ക്വാദിന്റെ മുന്നില്‍ രോഹിതാണുള്ളത്, ഇക്കാര്യത്തിലും അധിക ചിന്തയുടെ ആവശ്യമില്ല.

logo
The Fourth
www.thefourthnews.in