ബൗളർമാർക്ക് നരകം, ബാറ്റർമാർക്ക് പറുദീസ! 'ബാലന്‍സ്' തെറ്റിയ ഐപിഎല്‍

കാലത്തിന്റെ ഒഴുക്കില്‍ ബാറ്റർമാർക്ക് അനകൂലമായി നിയമങ്ങളും വിക്കറ്റുകളും മാറിയതോടെ ട്വന്റി 20യില്‍ 250 റണ്‍സ് പോലും സുരക്ഷിതമായൊരു സ്കോർ അല്ലാതായിരിക്കുന്നു

ഞാന്‍ ഒരു ബാറ്ററായിരുന്നെങ്കിലെന്ന് ലോകോത്തര ബോളറായ പാറ്റ് കമ്മിന്‍സ് ആശിച്ചുപോയ മത്സരം. ഒരു പ്രോപ്പർ ട്വന്റി 20 വിക്കറ്റെന്ന് ഫാഫ് ഡുപ്ലെസിസ് വിധിയെഴുതിയ പോരാട്ടം. ബൗളർമാരുടെ ശവപ്പറമ്പെന്ന് വിശേഷിപ്പിക്കുന്ന ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം ചുടുകാടായപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ സാക്ഷ്യം വഹിച്ചത് ട്വന്റി ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ റണ്‍സ് പിറന്ന മത്സരത്തിനായിരുന്നു.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ചേർന്ന് നേടിയത് 549 റണ്‍സ്. കമ്മിന്‍സിന്റെ ആശയും ഡുപ്ലെസിസിന്റെ അഭിപ്രായവും ശെരിയാണോ? ട്വന്റി 20 ക്രിക്കറ്റ് ബാറ്റർമാരുടെ മാത്രം കളിയായി മാറുന്നുണ്ടോ, ബൗളർമാർക്കുകൂടി അർഹതപ്പെട്ടതല്ലെ ഈ ഫോർമാറ്റ്?

ട്വന്റി 20യുടെ ആരംഭകാലത്ത് 140 റണ്‍‍സുപോലും മറികടക്കുക അത്ര എളുപ്പമായിരുന്നില്ല. കാലത്തിന്റെ ഒഴുക്കിലും കാണികളുടെ താല്‍പ്പര്യങ്ങള്‍ക്കും അനുസരിച്ച് ബാറ്റർമാർക്ക് അനകൂലമായി നിയമങ്ങളും വിക്കറ്റുകളും മാറിയതോടെ 250 റണ്‍സ് പോലും സുരക്ഷിതമായൊരു സ്കോർ അല്ലാതായിരിക്കുന്നു. ഐപിഎല്ലിന്റെ നടപ്പു സീസണിലെ കണക്കുകള്‍ പരിശോധിച്ചാല്‍ തന്നെ അത് വ്യക്തമാണ്.

ഇതുവരെ നടന്ന 30 മത്സരങ്ങളില്‍ 12 തവണയാണ് ടീം സ്കോർ 200 കടന്നത്. ഇതില്‍ നാല് പ്രാവശ്യം സ്കോർ 250നപ്പുറവും എത്തി. 170ന് താഴെ സ്കോർ ഒതുങ്ങിയ മത്സരങ്ങള്‍ ചുരുക്കം മാത്രമാണ്. 200നടുത്തുള്ള വിജയലക്ഷ്യങ്ങള്‍ പോലും 15 ഓവറുകളില്‍ മറികടക്കുന്ന സാഹചര്യങ്ങള്‍ക്കും ക്രിക്കറ്റ് ലോകം സാക്ഷിയായി. അവിശ്വസനീയമായ ഹിറ്റിങ്ങിന്റെ ഉദാഹാരണമായി ഐപിഎല്‍ മാറിക്കൊണ്ടിരിക്കുന്നെന്ന് പറയാം.

ബൗളർമാർക്ക് നരകം, ബാറ്റർമാർക്ക് പറുദീസ! 'ബാലന്‍സ്' തെറ്റിയ ഐപിഎല്‍
'തല'യ്ക്ക് മേലെ ഇംപാക്ട്; പത്തരമാറ്റ് പതിരന

പേസർമാർ ബാറ്റർമാരുടെ പ്രധാന വേട്ടമൃഗമായി മാറുന്ന കാഴ്ചയാണ് ഇതുവരെ ഉണ്ടായത്. ലോകത്തിലെ ഇടം കയ്യന്‍ ബൗളർമാരുടെ പട്ടികയെടുത്ത ഏറ്റവും അപകടകാരിയായത് ആരെന്ന് ചോദിച്ചാല്‍ ഒഴിവാക്കാനാകാത്ത ഉത്തരമാണ് മിച്ചല്‍ സ്റ്റാർക്ക്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമെന്ന തലക്കെട്ടോടെ എത്തിയ മിച്ചല്‍ സ്റ്റാർക്കിന്റെ എക്കോണമി 10.11 ആണ്. മുഹമ്മദ് സിറാജ്, ജെറാള്‍ കോറ്റ്സി, ഭുവനേശ്വർ കുമാർ, റീസ് ടോപ്ലി, ഹാർദിക്ക് പാണ്ഡ്യ, ആന്‍ററിച്ച് നോർക്ക്യെ, മാർക്കൊ യാന്‍സണ്‍, മിച്ചല്‍ മാർഷ് എന്നീ ലോകോത്തര പേസർമാരുടെ അവസ്ഥ സ്റ്റാർക്കിനേക്കാള്‍ പരിതാപകരമാണ്.

ടീമിലെ സഹ ബൗളർമാർ നിരന്തരം ബൗണ്ടറി കടക്കുമ്പോള്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിച്ച് അസാമാന്യ കൃത്യതയോടെ പന്തെറിയുന്നവരുമുണ്ട്. ജസ്പ്രിത് ബുംറ, ട്രെന്‍ ബോള്‍ട്ട്, പാറ്റ് കമ്മിന്‍സ്, കഗിസൊ റബാഡ തുടങ്ങിയവർ അക്കൂട്ടത്തില്‍പ്പെട്ടവരാണ്. മറ്റ് ബോളർ പന്തെറിയുന്നത് വ്യത്യസ്തമായ വിക്കറ്റിലാണൊ എന്ന് പോലും സംശയിച്ചു പോകുന്ന പ്രകടനമാണ് ഇവർ പുറത്തെടുക്കുന്നത്. പക്ഷെ, എല്ലാവർക്കും ബുംറയോ ബോള്‍ട്ടോ കമ്മിന്‍സോ ആകാനാകില്ലല്ലോ!

ഐപിഎല്ലില്‍ മാത്രം കണ്ടുവരുന്ന ഒരു പ്രതിഭാസമല്ല ഇത്. ലോകത്തിലെ എല്ലാ ട്വന്റി 20 ലീഗുകളും ബാറ്റർമാർക്ക് അനുകൂലമായി മാറിക്കൊണ്ടിരിക്കുകയാണ്. പാകിസ്താന്‍ സൂപ്പർ ലീഗിലും ബിഗ് ബാഷിലുമെല്ലാം പോയ സീസണുകളില്‍ കണ്ടതും ഈ ട്രെന്‍ഡ് തന്നെയാണ്. ടി10 പോലുള്ള പുതിയ തലത്തിലേക്ക് ക്രിക്കറ്റ് ചുരുങ്ങുന്നതോടെ ഇനിയും ഈ ട്രെന്‍ഡ് കൂടുതല്‍ ഭീകരമായ തുടർന്നേക്കാം. ട്വന്റി 20യില്‍ 300 എന്ന മാന്ത്രിക സംഖ്യയിലേക്ക് ടീമുകളും എത്തും.

ബൗളർമാർക്ക് നരകം, ബാറ്റർമാർക്ക് പറുദീസ! 'ബാലന്‍സ്' തെറ്റിയ ഐപിഎല്‍
ക്രിക്കറ്റും ഭൗതിക ശാസ്ത്രവും

ക്രിക്കറ്റിന്റെ അതിജീവനവും വിപണി താല്‍പ്പര്യങ്ങളും ഇവിടെ ഘടകമാകുന്നുണ്ടെന്ന് പറയാം. ഏകദിനത്തിലേക്കും ടെസ്റ്റിലേക്കും പുതുതലമുറയുടെ താല്‍പ്പര്യം കുറയുന്നുവെന്ന വിലയിരുത്തല്‍ ആഗോളതലത്തില്‍ തന്നെയുണ്ട്. കാണികളെ ആകർഷിക്കാന്‍ എന്റർടെയിന്‍മെന്റ് എന്ന ഫാക്ടർ ഉപയോഗപ്പെടുത്തേണ്ടതായി വരുന്നു. ഈ സാഹചര്യത്തില്‍ ആനൂകുല്യം ബാറ്റർമാർക്ക് മാത്രമാകുന്നു എന്നതാണ് വിമർശനവിധേയമാകുന്നത്. ഇന്നോവേറ്റിവ് ഷോട്ടുകളുമായി അനായാസം ബാറ്റർമാർ സ്കോർ ചെയ്യുമ്പോള്‍ ബൗളർമാർ നിബന്ധനകളാല്‍ ബന്ധിതരാണ്. ഷോർട്ട് ബോളുകളുടെ എണ്ണത്തില്‍ തുടങ്ങി ഫീല്‍ഡ് റെസ്ട്രിക്ഷന്‍സ് വരെ നീളുന്നു ആ പട്ടിക. ക്രിക്കറ്റ് ഒരു ബാലന്‍സിങ് ഗെയിമായല്ലെ നിലനില്‍ക്കേണ്ടത് എന്ന ചോദ്യമാണ് ഇവിടെ അവശേഷിക്കുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in