Dipayan Bose
Dipayan Bose
FOOTBALL

പരുക്കില്‍ തട്ടി വീഴാതിരിക്കാന്‍ ബ്ലാസ്റ്റേഴ്സ്; ഇന്ന് ഒഡീഷയ്ക്കെതിരെ

വെബ് ഡെസ്ക്

ഗംഭീരമായിരുന്നു ഇന്ത്യന്‍ സൂപ്പർ ലീഗിലെ (ഐഎസ്എല്‍) കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പകുതി. എട്ട് ജയങ്ങളും രണ്ട് വീതം ജയവും തോല്‍വിയുമായി പോയിന്റ് പട്ടികയുടെ തലപ്പത്തായിരുന്നു സ്ഥാനം ഉറപ്പിച്ചിരുന്നത്. ഗോവയുടെ ജയത്തോടെ ആ സ്ഥാനത്തിന് ഇളക്കം സംഭവിച്ചെങ്കിലും അത് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യമായിരിക്കുന്നു ഇന്ന് മഞ്ഞപ്പടയ്ക്കുണ്ടാകുക. കലിംഗ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒഡീഷ എഫ്‌സിയാണ് എതിരാളികള്‍.

സൂപ്പർ കപ്പില്‍ ഗ്രൂപ്പ് സ്റ്റേജ് താണ്ടാനായില്ല എന്ന നിരാശയുമായാണ് ഐഎസ്എല്‍ രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. ഐഎസ്എല്ലില്‍ കഴിഞ്ഞ നാല് മത്സരങ്ങളിലും സുപ്രധാന താരങ്ങളുടെ അഭാവം മറികടന്ന് മികച്ച പ്രകടനവും അനുകൂല ഫലവും നേടാന്‍ ഇവാന്‍ വുകുമനോവിച്ചെന്ന പരിശീലകന് സാധിച്ചിരുന്നു. എന്നാല്‍ ഇനി തന്ത്രങ്ങള്‍ മെനയുക എന്നത് അല്‍പ്പം കഠിനമായിരിക്കും. അഡ്രിയാന്‍ ലൂണ, ദയ്‌സുകെ സകായ്, ജീക്സണ്‍ സിങ് എന്നിവരുടെ മാത്രമല്ല പെപ്രയുടെ സേവനവും വുകുമനോവിച്ചിന് ഇല്ല.

അതുകൊണ്ട് തന്നെ പുതുതായി ക്ലബ്ബ് സ്വന്തമാക്കിയ ലിത്വാനിയന്‍ താരം ഫെഡോർ സിർണിച്ചിന് നിർണായക വേഷമായിരിക്കും ഇന്ന് കളത്തില്‍. താരത്തിന്റെ പ്രകടനം എത്തരത്തിലായിരിക്കുമെന്ന ആകാംഷയും ആരാധകർക്കുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ ശൈലിയുമായി വേഗത്തില്‍ ഒത്തിണങ്ങുക എന്ന വെല്ലുവിളിയാണ് ലിത്വാനിയന്‍ ദേശീയ ടീമിന്റെ നായകനുള്ളത്. ഗോകുലം കേരളയിലേക്ക് ലോണില്‍ പോയ ഇമ്മാനുവല്‍ ജസ്റ്റിനേയും തിരികെയത്തിച്ചിട്ടുണ്ട്.

മറുവശത്ത് കേരള ബ്ലാസ്റ്റേഴ്സിന്റെ തൊട്ടു പിന്നിലാണ് പോയിന്റ് പട്ടികയില്‍ ഒഡീഷ. 12 കളികളില്‍ നിന്ന് ഏഴ് ജയവും മൂന്ന് സമനിലയും രണ്ട് തോല്‍വിയുമാണ് സമ്പാദ്യം. പരുക്കിന്റെ തലവേദനയില്ലാതെയാണ് ഒഡീഷ ഇറങ്ങുന്നത്. മുന്നേറ്റ നിരയുടെ കരുത്തിലാണ് ഒഡീഷയുടെ കുതിപ്പ്. 12 മത്സരങ്ങളില്‍ നിന്ന് ഇതിനോടകംതന്നെ പന്ത് 22 തവണ ഗോള്‍വര കടത്താന്‍ അവർക്കായി. ഡിഗോ മൗറീഷ്യോ, റോയ് കൃഷ്ണ ദ്വയമാണ് മുന്നേറ്റ നിരയിലെ പ്രധാന അസ്ത്രങ്ങള്‍.

ഐഎസ്എല്ലിന്റെ ആകെ ചരിത്രം പരിശോധിച്ചാല്‍ ഒഡിഷയ്ക്കെതിരെ ആധിപത്യം സ്ഥാപിക്കാന്‍ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടുണ്ട്. 19 തവണയാണ് ഇരുവരും ഇതുവരെ ഏറ്റുമുട്ടിയിട്ടുള്ളത്. ബ്ലാസ്റ്റേഴ്സിനൊപ്പമായിരുന്നു ആറ് കളികളിലും ജയം, ഒഡീഷ മൂന്ന് വിജയവും സ്വന്തമാക്കി. 10 കളി സമനിലയിലും കലാശിച്ചിട്ടുണ്ട്.

'കോണ്‍ഗ്രസ് നീക്കം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രത്യേക ബജറ്റിന്'; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി മോദി

IPL 2024| പോരാളിയായി പരാഗ് മാത്രം; പഞ്ചാബിനെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്കോർ

സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നേരെ വെടിവെപ്പ്; ഒരാള്‍ കസ്റ്റഡിയില്‍

'അതൊരു സാധാരണ വിധിയല്ല, കെജ്‌രിവാളിന് പ്രത്യേക പരിഗണന ലഭിച്ചതായി ജനങ്ങള്‍ കരുതുന്നു'; സുപ്രീംകോടതിക്ക് എതിരെ അമിത് ഷാ

റുവാണ്ട വംശഹത്യ: 29 വർഷങ്ങൾക്ക് ശേഷം അന്വേഷണം അവസാനിപ്പിച്ച് യുദ്ധക്കുറ്റങ്ങൾക്കുള്ള ട്രൈബ്യൂണൽ