TECHNOLOGY

'ആർക്കും സംഭവിക്കാൻ പാടില്ലാത്തത്, മാപ്പുപറയുന്നു'; സോഷ്യൽ മീഡിയ വഴി ചൂഷണത്തിനിരയായ കുട്ടികളുടെ രക്ഷിതാക്കളോട് സക്കർബർഗ്

വെബ് ഡെസ്ക്

സാമൂഹ്യമാധ്യമങ്ങൾ ദോഷകരമായി സ്വാധീനിച്ച കുട്ടികളുടെ മാതാപിതാക്കളോട് മാപ്പുപറഞ്ഞ് മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്. സാമൂഹ്യ മാധ്യമ പ്ലാറ്റുഫോമുകളിൽനിന്ന് കുട്ടികൾക്ക് നേരിട്ട ലൈംഗിക അതിക്രമങ്ങളും വ്യത്യസ്ത തരത്തിലുള്ള ഭീഷണികളും ചെറുക്കുന്നതിൽ പരാജയം വന്നുകൊണ്ട് അമേരിക്കൻ സെനറ്റിലെ ഹിയറിങ്ങിലായിരുന്നു ക്ഷമ പറച്ചില്‍. മെറ്റ മേധാവിക്ക് പുറമെ ടിക് ടോക്ക്, സ്‌നാപ്പ്, എക്‌സ്, ഡിസ്‌കോർഡ് എന്നിവയുടെ സിഇഒമാരും ബുധനാഴ്ച നടന്ന നാലുമണിക്കൂർ നീണ്ട ഹിയറിങ്ങില്‍ നേരിട്ട് പങ്കെടുത്തിരുന്നു.

കുട്ടികൾക്കെതിരെയുള്ള ആക്രമണങ്ങളെ തടയാൻ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോം മേധാവികൾ എന്തുചെയ്യുന്നുവെന്നതിനെ മുൻ നിർത്തിയായിരുന്നു ചർച്ച

തൻ്റെ പിന്നിൽ ഇരിക്കുന്ന കുടുംബങ്ങളോട് ക്ഷമ ചോദിക്കാൻ റിപ്പബ്ലിക്കൻ സെനറ്റർ ഹോഷ് ഹോലി സുക്കർബർഗിനെ ക്ഷണിച്ചതിനെ തുടർന്നാണ് സെനറ്റിൽ സന്നിഹിതരായ സാമൂഹ്യമാധ്യമങ്ങൾ വഴി ഉപദ്രവിക്കപ്പെട്ട കുട്ടികളുടെ മാതാപിതാക്കളോട് സുക്കർബർഗ് മാപ്പ് പറഞ്ഞത്. ഇങ്ങനെയൊരു അനുഭവത്തിലൂടെ ആരും കടന്നുപോകരുതെന്നും ഇൻസ്റ്റഗ്രാം- ഫേസ്ബുക് മേധാവി പറഞ്ഞു. എക്സ് സിഇഒ ലിൻഡ യാക്കാരിനോ, സ്നാപ്പ് സിഇഒ ഇവാൻ സ്പീഗൽ, ടിക് ടോക്ക് സിഇഒ ഷൗ സി ച്യൂ, ഡിസ്കോർഡ് സിഇഒ ജേസൺ സിട്രോൺ എന്നിവരും സെനറ്റിലെ രൂക്ഷമായ ചോദ്യങ്ങള്‍ക്ക് വിധേയമായിരുന്നു.

കുട്ടികൾക്കെതിരെയുള്ള ആക്രമണങ്ങളെ തടയാൻ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോം മേധാവികൾ എന്തുചെയ്യുന്നുവെന്നതിനെ മുൻ നിർത്തിയായിരുന്നു ഹിയറിങ്. കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനേക്കാൾ ലാഭമുണ്ടാക്കാനാണ് സാമൂഹ്യമാധ്യമങ്ങൾ ശ്രമിക്കുന്നതെന്നാണ് പ്രധാന ആരോപണം. ഈ പ്രശ്നം പരിഹരിക്കപ്പെടണമെന്ന ശക്തമായ ആവശ്യം മാതാപിതാക്കളും മാനസികാരോഗ്യ വിദഗ്ധരും ഉയർത്തുന്നുണ്ട്. ഇതിലേക്കുള്ള പ്രവർത്തനങ്ങളുടെ ഏറ്റവും പുതിയ ഇടപെടലായിരുന്നു കഴിഞ്ഞ ദിവസം സെനറ്റ് നടത്തിയത്.

സാമൂഹ്യമാധ്യമ മേധാവികളുടെയും സ്ഥാപനങ്ങളുടെയും കൈകളിൽ രക്തം പുരണ്ടിട്ടുണ്ടെന്ന് ചർച്ചയ്ക്കിടെ റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്‌സി ഗ്രഹാമും പറഞ്ഞു. ആളുകളെ കൊല്ലാനുള്ള ഉത്പന്നമാണ് കയ്യിലുള്ളതെന്നും സുക്കർബർഗിനെ അഭിസംബോധന ചെയ്ത് ലിൻഡ്‌സി ആരോപിച്ചു. സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി എഞ്ചിനീയർമാരെ നിയമിക്കണമെന്ന മെറ്റയുടെ ഉന്നത പോളിസി എക്‌സിക്യൂട്ടീവിൻ്റെ അഭ്യർത്ഥന സുക്കർബർഗ് നിരസിച്ചതായി തെളിയിക്കുന്ന ആന്തരിക ഇ മെയിലുകളുടെ പകർപ്പുകളും കമ്മിറ്റി പ്രദർശിപ്പിച്ചിരുന്നു.

പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റുചെയ്യുന്ന ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാൻ വേണ്ടി സ്ഥാപനങ്ങൾ അവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ല എന്നതിൽ സെനറ്റ് വളരെയധികം നിരാശ പ്രകടിപ്പിച്ചു. ഹിയറിങ്ങിന് ശേഷം, മുറിയിലുണ്ടായിരുന്ന ചില രക്ഷിതാക്കൾ പുറത്തിറങ്ങി റാലിയും സംഘടിപ്പിച്ചിരുന്നു. അടിയന്തരമായി നിയമനിർമാണം നടത്തണമെന്ന ആവശ്യമുന്നയിച്ചായിരുന്നു റാലി.

വോട്ട് ചെയ്യാനെത്തിയ മുസ്ലിം സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് ബിജെപി സ്ഥാനാർഥി; കേസെടുത്ത് പോലീസ്

IPL 2024| ബെംഗളുരുവിന് പ്ലേ ഓഫിലെത്താം; ചെന്നൈയെ 'കണക്കുകൂട്ടി' തോല്‍പ്പിക്കണം, സാധ്യതകള്‍

ടിക്കറ്റ് റദ്ദാക്കി പ്രജ്വൽ, അതിജീവിതയുടെ മൊഴി മാറ്റം; ലൈംഗികാതിക്രമക്കേസില്‍ വെട്ടിലായി അന്വേഷണസംഘം

250 അടി വലുപ്പമുള്ള ഛിന്നഗ്രഹം ഇന്ന് രാത്രി ഭൂമിക്കരികിലേക്ക്; വേഗത മണിക്കൂറില്‍ 63,683 കിലോമീറ്റര്‍

കെ എൻ രാജ്: ദീർഘദർശിയായ ആസൂത്രകൻ, കണക്കുപിഴയ്ക്കാത്ത സാമ്പത്തിക ശാസ്ത്രജ്ഞൻ