HEALTH

കുട്ടിക്കാലം ദുരിതപൂർണമോ? വിഷാദം കൂടെ വന്നേക്കാം; മുൻകോപവും വെറുതെയല്ല

വെബ് ഡെസ്ക്

വിഷാദരോഗത്തിന് കുട്ടിക്കാലവുമായി ബന്ധമുണ്ടോ? കുട്ടിയായിരിക്കുമ്പോള്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ സ്വഭാവ രൂപീകരണം പോലെ തന്നെ മാനസികാരോഗ്യത്തെയും സ്വാധീനിക്കും. വിഷാദവും ഉത്കണ്ഠയും അനുഭവിക്കുന്ന ആളുകള്‍ കുട്ടിക്കാലത്ത് മാനസികമായ ആഘാതങ്ങള്‍ നേരിട്ടിട്ടുളളവരാണെങ്കില്‍ മുൻകോപികളായി മാറാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ആഘാതം എത്രയും വലുതായിരുന്നുവോ അത്രയും പ്രകോപിതരാകാന്‍ സാധ്യതയുണ്ടെന്നും പഠനത്തില്‍ പറയുന്നു.

ഇത് വിഷാദം, ഉത്കണ്ഠ എന്നിവയുടെ ചികിത്സയെ സങ്കീര്‍ണമാക്കുന്നതിനോടൊപ്പം വ്യക്തികളുടെ സാമൂഹിക ഇടപെടലുകളെയും മാനസികാരോരോഗ്യത്തെയും സാരമായി ബാധിക്കുകയും ചെയ്യുന്നു. പാരീസില്‍ നടന്ന യൂറോപ്യന്‍ കോണ്‍ഗ്രസ് ഓഫ് സൈക്കാട്രിയില്‍ അവതരിപ്പിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിഷാദവും ഉത്കണ്ഠയും അനുഭവിക്കുന്ന 40 ശതമാനം രോഗികളും ഗവേഷണമനുസരിച്ച് ദേഷ്യക്കാരാണെന്നാണ് വ്യക്തമാകുന്നത്. വിഷാദരോഗത്തക്കുറിച്ചും ഉത്കണ്ഠമൂലമുള്ള പ്രശ്‌നങ്ങളെക്കുറിച്ചും പഠിക്കുന്നതിനായി രൂപീകരിച്ച നെതര്‍ലാന്റ്‌സ് സ്റ്റഡി ഓഫ് ഡിപ്രഷന്‍ ആന്‍ഡ് ആങ്‌സൈറ്റിയാണ് ഗവേഷണത്തിനുള്ള വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്.

വിഷാദം, ഉത്കണ്ഠ എന്നിവയുടെ ചികിത്സയെ സങ്കീര്‍ണമാക്കുന്നതിനോടൊപ്പം വ്യക്തികളുടെ സാമൂഹിക ഇടപെടലുകളെയും മാനസികാരോരോഗ്യത്തെയും സാരമായി ബാധിക്കുകയും ചെയ്യുന്നു

2004 മുതല്‍ 18നും 65നുമിടയില്‍ പ്രായമുള്ളവരെ പഠനത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു. 2276 പേരാണ് ഇതുവരെ പങ്കെടുത്തിട്ടുള്ളത്. വര്‍ഷങ്ങള്‍ നീണ്ട നിരീക്ഷണത്തില്‍ മാതാപിതാക്കളുടെ വിവാഹമോചനം, മരണം എന്നിവ പോലുള്ള ആഘാതങ്ങള്‍ എത്രത്തോളം ബാധിക്കുന്നുണ്ടെന്ന് വിലയിരുത്തി. എന്തെങ്കിലും തരത്തിലുള്ള അവഗണനകള്‍, മാനസികമായോ ശാരീരികമായോ ലൈംഗികമായോയുള്ള ചൂഷണങ്ങള്‍ എന്നിവ എത്രത്തോളം മാനസികാരോഗ്യത്തെ തകർക്കുന്നുണ്ടെന്നും പഠനത്തില്‍ പരിശോധിച്ചു. ഉത്കണ്ഠയും വിഷാദവുമായി ബന്ധപ്പെട്ട പലതരത്തിലുള്ള മനോരോഗ ലക്ഷണങ്ങളും ഇവരില്‍ വിലയിരുത്തി. ദേഷ്യപെടാനുള്ള അവരുടെ പ്രവണതയും ഇത് എങ്ങനെ പ്രകടമാക്കുന്നു എന്നതും നിരീക്ഷിച്ചു.

കുട്ടിക്കാലത്ത് വൈകാരികമായ അവഗണനകളും, ശാരീരികവും മാനസികവുമായ പീഢനങ്ങളും അനുഭവിക്കേണ്ടിവന്ന വിഷാദ രോഗികളില്‍, ദേഷ്യംമൂലമുളള പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത 1.3 മുതല്‍ 2 മടങ്ങ് വരെ കൂടുതലാണെന്ന് ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

വൈകാരികമായ അവഗണന കുട്ടിക്കാലത്ത് നേരിട്ടവര്‍, മുതിർന്നാല്‍ എളുപ്പത്തില്‍ ദേഷ്യപ്പെടുന്നവരായേക്കാം. അതേസമയം ശാരീരികമായി പീഢിപ്പിക്കപ്പെട്ടവര്‍ അക്രമികളോ സാമൂഹികവിരുദ്ധമായ സ്വഭാവങ്ങളുള്ള വ്യക്തികളോ ആയി മാറാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ലൈംഗിക ചൂഷണത്തിനിരയായവര്‍ ദേഷ്യം കടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് പഠനം സൂചിപ്പിക്കുന്നു. കൂടാതെ, എളുപ്പത്തില്‍ ദേഷ്യപ്പെടുന്നവര്‍ക്ക് ചികിത്സ ഇഷ്ടപ്പെട്ടെന്ന് വരില്ല. ചികിത്സ അവസാനിപ്പിക്കാനുള്ള പ്രവണതകള്‍ അവര്‍ കാണിക്കുന്നതും കൂടുതലാണ്. അതുകൊണ്ട്, ഇത്തരക്കാര്‍ക്ക് മെച്ചപ്പെട്ട ജീവിതത്തിനുള്ള സാധ്യത കുറയുന്നുവെന്നും പഠനം സൂചിപ്പിക്കുന്നു.

'യുഎപിഎ ചുമത്തിയുള്ള അറസ്റ്റ് നിയമവിരുദ്ധം'; ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയെ വിട്ടയക്കണമെന്ന് സുപ്രീം കോടതി

'ഹിന്ദു മതം ഇന്ത്യയുടെ അടിസ്ഥാനം'; മോദിയുടെ പരാമർശങ്ങളെ ന്യായീകരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് ബിജെപിയുടെ മറുപടി

ഇന്ത്യന്‍ ടീം കോച്ച്: ദ്രാവിഡിന്റെ പിന്‍ഗാമി സ്റ്റീഫന്‍ ഫ്‌ളെമിങ്?, ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ പ്രഥമ പരിഗണനയില്‍

രാജി സ്വീകരിച്ചില്ല; അരവിന്ദ് കെജ്‍രിവാളിന് വീണ്ടും കത്തയച്ച് ഡൽഹി മുൻ മന്ത്രി

നിശബ്ദ കൊലയാളിയായ രക്തസമ്മര്‍ദം; ശ്രദ്ധിക്കാം ഈ ഏഴ് ലക്ഷണങ്ങള്‍