WORLD

'മെറ്റയുടെ നിർണായക പങ്കും ഉത്തരവാദിത്തവും തിരിച്ചറിയുക, ഭീകരതയുടെ ഭാഗമാകരുത്': മെറ്റക്ക് കത്ത് നൽകി 73 സിവിൽ സൊസൈറ്റികൾ

വെബ് ഡെസ്ക്

സയണിസത്തിനെതിരെയുള്ള വിമർശങ്ങൾ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് സെൻസർ ചെയ്യുന്നത് നിർത്തണമെന്ന് സാമൂഹ്യ മാധ്യമ ഭീമൻ മെറ്റക്ക് കത്ത് നൽകി സിവിൽ സൊസൈറ്റികളുടെ കൂട്ടായ്മ. 73 സിവിൽ സൊസൈറ്റികളുടെ കൂട്ടായ്മയാണ് ഈ കാര്യം ആവശ്യപ്പെട്ട് കത്ത് നൽകിയത്. സമകാലിക ലോക സംഭവങ്ങൾ മനസിലാക്കാൻ ലോകസമൂഹം സോഷ്യൽ മീഡിയകളെ ആശ്രയിക്കുന്നുവെന്നും അതിനാൽ മെറ്റയുടെ ഉത്തരവാദിത്വം വളരെ വലുതാണെന്നും കത്തിൽ പറയുന്നു. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ പറഞ്ഞിട്ടുള്ളത് പോലെ ഉപയോക്താക്കളുടെ ഓഫ്‌ലൈൻ ആയി ഉള്ള അവകാശങ്ങൾ എല്ലാം തന്നെ ഓൺലൈൻ ആയും സംരക്ഷിക്കപ്പെടണം എന്നും കത്തിൽ വ്യക്തമാക്കുന്നു.

ഇസ്രയേലിനെതിരായ ദക്ഷിണാഫ്രിക്ക മുന്നോട്ട് വെച്ച കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പ്രാഥമിക വിധിയിൽ പ്രതിപാദിക്കുന്നത് പോലെ മെറ്റയുടെ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെടുന്ന യാതൊരു ഉള്ളടക്കങ്ങളും പലസ്തീനിലും ഇസ്രയേലിലും നടക്കുന്ന അക്രമത്തിന്റെയും ഭീകരതയുടെയും ഭാഗമാകുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ഒപ്പം അത്തരം ഉള്ളടക്കങ്ങൾക്ക് നേരെ കടുത്ത നടപടി കൈക്കൊള്ളണമെന്നും കത്തിൽ അഭ്യർത്ഥിക്കുന്നു.

സയണിസ്റ്റ് എന്ന പദവുമായി ബന്ധപ്പെട്ട് മെറ്റാ നിലവിൽ അതിൻ്റെ വിദ്വേഷ പ്രസംഗനയം പുനഃപരിശോധിക്കാൻ ഒരുങ്ങുന്നതിനിടെയാണ് സിവിൽ സൊസൈറ്റിയുടെ നീക്കം. ജൂതന്മാർ തങ്ങളുടെ വാഗ്ദത്തഭൂമിയായി കരുതുന്ന പലസ്‌തീനിൽ സ്വതന്ത്ര ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്ന രാഷ്ട്രീയ മുന്നേറ്റമാണ് ''സയണിസം''. ഇസ്രയേലിന് പകരം രാജ്യത്തെ വിമർശിക്കാൻ സയണിസ്റ്റ് എന്ന പദം ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു മെറ്റയുടെ പുതിയ നീക്കങ്ങൾ.

കത്തിലെ പ്രസക്ത ഭാഗങ്ങൾ :

സുരക്ഷിതവും നീതിയുക്തവും സ്വതന്ത്രവുമായ ഡിജിറ്റൽ സ്പേസുകൾ എല്ലാവർക്കും ഉണ്ടാവുക എന്ന ആശയത്തെ പിന്തുണച്ച് കൊണ്ടാണ് ഈ കത്ത് എഴുതുന്നത്.

'സയണിസ്റ്റ്' എന്ന പദവുമായി ബന്ധപ്പെട്ട മെറ്റയുടെ വിദ്വേഷ പ്രസംഗ നയങ്ങൾ പുനഃപരിശോധിക്കുന്നതിൽ ഞങ്ങൾക്ക് വലിയ ആശങ്കയുണ്ട്. ഇസ്രയേൽ അല്ലെങ്കിൽ ജൂതൻ എന്ന പാദങ്ങൾക്ക് സമാനമായി "സയണിസ്റ്റ്" എന്ന പദം പരിഗണിക്കാനുള്ള നീക്കം നിയമാനുസൃതമായ പല സംവാദങ്ങൾക്കും പ്രഭാഷണങ്ങൾക്കും കടുത്ത വെല്ലുവിളി ഉയർത്തും. സയണിസം എന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിൽ നിന്ന് "സയണിസ്റ്റ്" എന്ന പദം വേർതിരിക്കാനാവില്ല.

എന്നാൽ ഈ രണ്ട് പദങ്ങളും ജൂതൻ അല്ലെങ്കിൽ ഇസ്രായേലി എന്നീ ഐഡന്റികളിൽ നിന്ന് വേർതിരിക്കപ്പെട്ടതും വ്യത്യസ്തവുമാണ്. മെറ്റയുടെ പുതിയ നയം സയണിസ്റ്റുകളെക്കുറിച്ചുള്ള ചർച്ചകളെ വളരെ പെട്ടെന്ന് യഹൂദ വിരുദ്ധമായി ചിത്രീകരിക്കും.ഇത് ഉപയോക്താക്കളെ ദോഷകരമായി ബാധിക്കുകയും യഥാർത്ഥ യഹൂദവിരുദ്ധതയെയും തീവ്രവാദവും അടിച്ചമർത്തലും ഉൾപ്പടെ എല്ലാത്തരം വംശീയതയെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ തുരങ്കം വെക്കുകയും ചെയ്യുന്നു.

നമ്മുടെ ചിന്തകളും അഭിപ്രായങ്ങളും അനുഭവങ്ങളും പങ്കുവെക്കുന്നതിൽ നിന്ന് തടയപ്പെട്ടാൽ നമുക്ക് യഹൂദവിരുദ്ധത തകർക്കാൻ കഴിയില്ല. നമ്മളെല്ലാവരും സുരക്ഷിതത്വവും സ്വാതന്ത്ര്യവും അന്തസ്സും അർഹിക്കുന്നവരാണെന്ന വിശ്വാസം പങ്കിടുന്നിടത്തോളം കാലം നമുക്ക് ചർച്ച ചെയ്യാനും സംവാദം നടത്താനും വിയോജിക്കാനും കഴിയും. അതിനാൽ ഇത്തരം ചർച്ചകളിൽ ഉപയോക്താക്കൾ ഏർപ്പെടുന്നതിന് തുരങ്കം വെക്കരുതെന്ന് ഞങ്ങൾ മെറ്റയോട് ആവശ്യപ്പെടുന്നു.

യഥാർത്ഥവും പ്രധാനപ്പെട്ടതുമായ ഒരു പ്രശ്നത്തിനുള്ള തെറ്റായ പരിഹാരമാണിത്. "സയണിസ്റ്റ്" എന്ന വാക്ക് ഉപയോഗിച്ചോ അല്ലാതെയോ ഓൺലൈനിൽ യഹൂദവിരുദ്ധത വളർത്തുന്നവർ അത് തുടരും. എന്നാൽ ഈ നീക്കം പ്രധാനമായും പലസ്തീനികളെ അവരുടെ ദൈനംദിന അനുഭവങ്ങളും ചരിത്രങ്ങളും ലോകവുമായി പങ്കിടുന്നതിൽ നിന്ന് വിലക്കും. 1948 ൽ നടന്ന ആക്രമണങ്ങളുടെ ചരിത്രമായാലും ഇന്ന് ഇസ്രയേൽ ഗാസയിൽ നടത്തുന്ന വംശ ഹത്യയായാലും. യഹൂദ ഉപയോക്താക്കളെ സയണിസ്റ്റ് രാഷ്ട്രീയ പ്രത്യയശാസ്ത്രവുമായുള്ള തങ്ങളുടെ ബന്ധത്തെ ക്കുറിച്ച് സംസാരിക്കുന്നതിൽ നിന്നും ഇത് വിലക്കും.

ഈ നിർദിഷ്ട നയ മാറ്റം നമ്മളിൽ ആരെയും സുരക്ഷിതരാക്കില്ല, മാത്രമല്ല അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നില്ല. കൂടാതെ, ഗാസയ്‌ക്കെതിരായ അധിനിവേശം ആരംഭിച്ചതുമുതൽ, വിദ്വേഷ പ്രസംഗങ്ങളും പലസ്തീനികൾക്കെതിരെ ഓൺലൈൻ അതിക്രമങ്ങളും എക്കാലത്തെയും ഉയർന്ന നിലയിലാണ്. യഹൂദവിരുദ്ധതയെ ചെറുക്കുന്നതിൽ ഈ നിർദ്ദേശം ഫലപ്രദമല്ലെന്ന് മാത്രമല്ല, പലസ്തീനികൾക്കെതിരായ ഡിജിറ്റൽ അതിക്രമങ്ങൾ പൂർണ്ണമായും അവഗണിക്കുകയും ചെയ്യുന്നു. അതിനാൽ മെറ്റയോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. മെറ്റയുടെ നിർണായക പങ്കും ഉത്തരവാദിത്തവും തിരിച്ചറിയാനും ബിസിനസ്, മനുഷ്യാവകാശ തത്വങ്ങളും അന്തർദേശീയ മനുഷ്യാവകാശ നിയമങ്ങളും അനുസരിക്കാനും അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാനും നിങ്ങളോട് ആവശ്യപ്പെടുന്നു. വിദ്വേഷ പ്രസംഗനയം പുനഃപരിശോധിക്കരുത്. എല്ലാവർക്കും സുരക്ഷിതമായ ഡിജിറ്റൽ ഇടം സൃഷ്ടിക്കുന്ന നയ മാറ്റങ്ങൾ നടപ്പിലാക്കുക.

ജെജെപിയെയും പിളർത്തിയോ ബിജെപി? ഹരിയാനയിൽ പിന്തുണ പിൻവലിച്ച പഴയ സഖ്യകക്ഷി എംഎൽഎമാർ തിരിച്ചുപോയതായി സൂചന

വിദ്വേഷ പ്രസംഗം: മോദിക്കും അനുരാഗ് താക്കൂറിനും ബിജെപിക്കുമെതിരേ നടപടി ആവശ്യപ്പെട്ട് ഹര്‍ജി

കോഹ്ലിക്ക് സെഞ്ചുറി നഷ്ടം; പഞ്ചാബിനെതിരേ റണ്‍മഴയുമായി റോയല്‍ ചലഞ്ചേഴ്‌സ്

'പരസ്പരം ആരോപണങ്ങള്‍ മാത്രം, മറുപടികളില്ല'; മോദിയെയും രാഹുലിനെയും സംവാദത്തിന് ക്ഷണിച്ച് മുന്‍ ജഡ്ജിമാര്‍

പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കും; എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രതിസന്ധിക്ക് പരിഹാരം