WORLD

അവസാനിക്കാതെ ദുരൂഹതകൾ; ചൈനീസ് മുൻ വിദേശകാര്യ മന്ത്രിയുടെ വിവരങ്ങൾ വീണ്ടും വെബ്‌സൈറ്റിൽ

വെബ് ഡെസ്ക്

ചൈനീസ് മുൻ വിദേശകാര്യ മന്ത്രി ക്വിൻ ഗാങ്ങിന്റെ തിരോധാനവും അനുബന്ധമായി നടന്ന സംഭവങ്ങളുടെയും പിന്നിലെ ദുരൂഹതകൾ വർധിക്കുന്നു. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽനിന്ന് നീക്കിയ ക്വിൻ ഗാങ്ങിനെപ്പറ്റിയുള്ള പരാമർശങ്ങൾ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കിയതിന് പിന്നാലെ ക്വിൻ ഗാങ്ങിനെക്കുറിച്ചുള്ള ലേഖനങ്ങൾ ഉൾപ്പെടെയുള്ളവ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്തിരുന്നു. ഒരുമാസക്കാലമായി കാണാമറയത്താണ് ക്വിൻ ഗാങ്.

വിയറ്റ്നാമീസ് വിദേശകാര്യമന്ത്രിയുമായുള്ള ജൂൺ 25ലെ കൂടികാഴ്ചയ്ക്ക് ശേഷമാണ് ക്വിൻ ഗാങ്ങിനെ കാണാതായത്. അദ്ദേഹത്തിനെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടികൾ എടുത്തിട്ടുണ്ടോ എന്ന സംശയം പല കോണുകളിൽ നിന്നും ഉയർന്നിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് വിട്ടുനിൽക്കുന്നതെന്നായിരുന്നു ഔദ്യോഗിക പ്രതികരണം. ക്വിൻ ഗാങ്ങിന് പകരം വാങ് യിയെ പുതിയ വിദേശകാര്യ മന്ത്രിയായി ചൊവ്വാഴ്ച നിയമിക്കുകയും ചെയ്തിരുന്നു.

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ക്വിൻ ഗാങ് നടത്തിയ ചർച്ചയുടെ വിശദാംശം ഉൾപ്പെടെയുള്ള വിവരങ്ങളാണ് വെബ്‌സൈറ്റിൽ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ മുൻ വിദേശകാര്യ മന്ത്രിയെ കുറിച്ചുള്ള വിവരങ്ങൾ ആദ്യം നീക്കുകയും വീണ്ടും തിരികെകൊണ്ടുവരികയും ചെയ്തതിന്റെ ഉദ്ദേശ്യം എന്താണെന്ന് വ്യക്തമല്ല.

ജൂൺ 25ന് ശേഷം നടന്നിട്ടുള്ള പ്രധാന യോഗങ്ങളിലൊന്നും ക്വിൻ ഗാങ് പങ്കെടുത്തിരുന്നില്ല. യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് ജോസെപ് ബോറലുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ഉൾപ്പെടെ മാറ്റിവച്ചിരുന്നു. പ്രധാന അന്തരാഷ്ട്ര ഉച്ചകോടിയിലും അദ്ദേഹത്തിന് പകരം മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരാണ് പങ്കെടുത്തിരുന്നത്. ബുധനാഴ്ച ബീജിങ്ങിൽ നടന്ന വാർത്താസമ്മേളനത്തിൽ, വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ്ങിനോട് തിരോധനത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. ക്വിന്നിനെക്കുറിച്ചുള്ള വിവരങ്ങൾ 'യഥാസമയം' ചൈന പുറത്തുവിടുന്നുണ്ടെന്നായിരുന്നു വക്താവിന്റെ പ്രതികരണം. എന്നാൽ ക്വിന്നിന്റെ തിരോധാനത്തെക്കുറിച്ചോ പെട്ടെന്നുള്ള തരംതാഴ്ത്തലിനെക്കുറിച്ചോ ചൈനീസ് സർക്കാർ ഇതുവരെ വിശദീകരണം നൽകിയിട്ടില്ല. ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ഒരു ഹ്രസ്വ പരാമർശം മാത്രമാണ് ഇതുവരെ നടത്തിയത്. അതേസമയം, മന്ത്രിമാരുടെ കാര്യങ്ങളിൽ പോലും ചൈനീസ് അധികൃതർ തുടരുന്ന രഹസ്യാത്മകതയ്‌ക്കെതിരെ വലിയ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.

ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; റഫായിൽനിന്ന് ഒഴിഞ്ഞത് ഒരുലക്ഷം അഭയാർഥികള്‍, മാനുഷിക പ്രവർത്തനം പ്രതിസന്ധിയിലെന്ന് യുഎന്‍

'കോടതിയില്‍ തെളിയുന്നതുവരെ മിണ്ടില്ല'; പന്നു വധശ്രമക്കേസില്‍ പ്രതികരിക്കാനില്ലെന്ന് അമേരിക്ക

ഇറാൻ പിടിച്ചെടുത്ത കപ്പലിൽനിന്ന് അഞ്ച് ഇന്ത്യക്കാർക്ക് കൂടി മോചനം; സ്ഥിരീകരിച്ച് എംബസി

രാഹുല്‍ അദാനിയേയും അംബാനിയേയും വെറുതേവിട്ടിട്ടില്ല; മോദിയുടെ ആരോപണത്തിന് മറുപടി ഈ പ്രസംഗങ്ങള്‍

കെജ്‌രിവാളിന് നിര്‍ണായകം; ഇടക്കാല ജാമ്യ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്ന്