WORLD

ആഞ്ഞടിച്ച് മോക്ക, മ്യാന്മറിൽ 32 മരണം; സൈനിക ആക്രമണങ്ങളും രൂക്ഷം

വെബ് ഡെസ്ക്

മ്യാൻമർ തീരത്ത് ഞായറാഴ്ച വീശിയടിച്ച ശക്തമായ മോക്ക ചുഴലിക്കാറ്റിൽ 32 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നൂറു കണക്കിന് വീടുകൾ തകർന്നിട്ടുണ്ട്. റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പുകളിലെ നാശനഷ്ടങ്ങൾ ഔദ്യോഗിക കണക്കുകളിൽ ഉൾപ്പെടുത്താത്തതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. ചില സംസ്ഥാനങ്ങളിൽ കൊടുങ്കാറ്റിന് പിന്നാലെ സാധാരണക്കാർക്ക് നേരെ സൈന്യത്തിന്റെ ഭാഗത്തുനിന്ന് അക്രമങ്ങളുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഈ നൂറ്റാണ്ടിൽ മ്യാന്മർ മേഖലയിൽ ഉണ്ടായതിൽ ഏറ്റവും ശക്തമായ കൊടുങ്കാറ്റായാണ് മോക്ക കരുതപ്പെടുന്നത്. ഏകദേശം 209km/h (130mph) വേഗതയിലാണ് കാറ്റ് വീശുന്നത്. മരിച്ചവരിൽ അധികവും റാഖൈൻ സംസ്ഥാനത്തും താഴ്ന്ന തീരപ്രദേശങ്ങളിലും മധ്യ മ്യാൻമറിലെ മാഗ്‌വേ ഡിവിഷനിലും താമസിക്കുന്ന ആളുകളാണ്.

റാഖൈൻ സംസ്ഥാനത്തെ തലസ്ഥാന നഗരമായ സിറ്റ്‌വെയിൽ മരങ്ങളും വൈദ്യുത തൂണുകളും വീണ് ഗതാഗതം തടസപ്പെട്ടു. ചുഴലിക്കാറ്റിന്റെ മറവിൽ സൈന്യം ഗ്രാമങ്ങളിലേക്ക് പ്രവേശിച്ചതിന് പിന്നാലെ വടക്ക്-പടിഞ്ഞാറൻ സഗേയിംഗ് മേഖലയിൽ നിന്ന് ആയിരക്കണക്കിന് ആളുകൾ വീടുപേക്ഷിച്ച് പലായനം ചെയ്തിട്ടുണ്ട്.

"മെയ് 12 മുതൽ ശക്തമായ മഴ പെയ്യുന്നുണ്ട്. അരുവികൾ നിറഞ്ഞൊഴുകുന്നു. ഒപ്പം സൈനികരും ഗ്രാമത്തിലേക്ക് വന്നു. കൊടുങ്കാറ്റിന്റെ അപകടങ്ങളെക്കാൾ സൈനികരുടെ സാന്നിധ്യമാണ് ഭയപ്പെടുത്തുന്നത്" ഗ്രാമവാസിയെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്തു. കനി, ഖിൻ ഓ ടൗൺഷിപ്പുകളിൽ നിന്നുള്ള ഏകദേശം 15000 ത്തോളം ആളുകൾ സൈനികരുടെ അക്രമത്തിന് ഇരയായിട്ടുണ്ട്. ഇൻപ ഗ്രാമത്തിൽ നാല് വയസ്സുള്ള ആൺകുട്ടി വെടിയേറ്റ് ചികിത്സയിലാണെന്നും ഗ്രാമവാസികൾ പറഞ്ഞു.

എന്നാൽ ബംഗ്ലാദേശിലെ നാശ നഷ്ടങ്ങളെക്കുറിച്ച് ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. ലോകത്തെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പ് സ്ഥിതി ചെയ്യുന്ന കോക്സ് ബസാറിൽ നിരവധി കേന്ദ്രങ്ങൾ തകർന്നിട്ടുണ്ട്. മ്യാൻമറിൽ നിന്നുള്ള ഒരു ദശലക്ഷം റോഹിങ്ക്യൻ അഭയാർത്ഥികളാണ് ഇവിടെ താമസിക്കുന്നത്. മോക്ക കരയിലെത്തുന്നതിന് മുന്നോടിയായി ഏകദേശം 7,50,000 ആളുകൾ രാജ്യത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് പലായനം ചെയ്തിരുന്നു.

ഞായറാഴ്ച ഉച്ചയോടെ കാറ്റിന്റെ ദിശയിൽ ഗതിമാറ്റം സംഭവിച്ചതിനാൽ ബംഗ്ലാദേശിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെന്ന് നേരത്തെ രാജ്യത്തെ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിരുന്നു. ബംഗ്ലാദേശിലെ സെന്റ് മാര്‍ട്ടിന്‍സ് ദ്വീപ് താല്‍ക്കാലികമായി വെള്ളത്തിനടിയിലാകുമെന്നാണ് മുന്നറിയിപ്പ്. ആള്‍ത്താമസമില്ലാത്തതിനാല്‍ ദ്വീപില്‍ ഏത് ഭാഗത്ത് കാറ്റ് അടിച്ചാലും ആശങ്കയുടെ സാഹചര്യമില്ലെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു.

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം