WORLD

ചെങ്കടലില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം; 25 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട കപ്പലിനെ ആക്രമിച്ചു

വെബ് ഡെസ്ക്

ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം തുടര്‍ക്കഥയാകുന്നു. 25 ഇന്ത്യന്‍ ക്രൂ അംഗങ്ങളുമായി സഞ്ചരിച്ച ക്രൂഡ് ഓയില്‍ ടാങ്കറിനു നേരെ ഡ്രോണ്‍ ആക്രമണമുണ്ടായി. ഹൂതി സായുധ ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്ന് അമേരിക്ക അറിയിച്ചു. ഗാബോണ്‍ ഉടമസ്ഥതയിലുള്ള എംവി സായിബാബ ടാങ്കറിനെതിരെയാണ് ആക്രമണം നടന്നത്. കപ്പലിലെ 25 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് നാവികസേന അറിയിച്ചു.

യെമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിന്ന് ദക്ഷിണ ചെങ്കടലിലെ അന്താരാഷ്ട്ര കപ്പല്‍പാതകളിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതായി അമേരിക്ക പറഞ്ഞിരുന്നു.

സായിബാബയെ കൂടാതെ നോര്‍വീജിയന്‍ പതാകയുള്ള കെമിക്കല്‍ ഓയില്‍ ടാങ്കറായ എം/വി ബ്ലാമനെനു (M/V BLAAMANEN) നേരേയും ഡ്രോണ്‍ ആക്രമണമുണ്ടായി. ഒക്ടോബര്‍ 17ന് ശേഷം ഹൂതി വിമതര്‍ നടത്തുന്ന 15ാമത്തെ ആക്രമണമാണിത്. കഴിഞ്ഞദിവസം അറബിക്കടലില്‍ ഇന്ത്യന്‍ തീരത്തിന് സമീപം കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായിരുന്നു.

ഈ ആക്രമണത്തിന് പിന്നില്‍ ഇറാന്‍ ആണെന്ന് അമേരിക്ക നേരത്തെ ആരോപിച്ചിരുന്നു. 'ലൈബീരിയന്‍ പതാക സ്ഥാപിച്ച ജപ്പാന്റെ ഉടമസ്ഥതയിലുള്ള നെതലന്‍ഡ്സ് ഓപ്പറേറ്റ് ചെയ്യുന്ന ചെം പ്ലൂട്ടോയെന്ന കെമിക്കല്‍ ടാങ്കര്‍ പ്രാദേശിക സമയം പത്തുമണിക്ക് ആക്രമിക്കപ്പെട്ടു. ഇന്ത്യന്‍ തീരത്തിന് 200 നോട്ടിക്കല്‍ മൈല്‍ വെച്ചാണ് ആക്രമണം നടന്നത്. ഇറാനില്‍ നിന്നുള്ള ഏകപക്ഷീയമായ ഡ്രോണ്‍ ആക്രമണമാണ് നടന്നത്' എന്നാണ് പെന്റഗണ്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. എന്നാല്‍ അമേരിക്കയുടെ ആരോപണം തള്ളി ഇറാനും രംഗത്തെത്തി. ഹൂതികള്‍ സ്വന്തം നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അലി ബഘേരി പറഞ്ഞു.

ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചെങ്കടലിലെ ആക്രമണങ്ങള്‍ വര്‍ധിക്കുന്നത്. ഇസ്രയേലുമായി ബന്ധമുള്ള ചരക്കു കപ്പലുകളെ തങ്ങള്‍ ആക്രമിക്കുമെന്ന് ഇറാന്‍ പിന്തുണയുള്ള ഹൂതി സായുധ സംഘങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി കപ്പലുകള്‍ റൂട്ട് മാറ്റി ആഫ്രിക്കന്‍ തീരങ്ങള്‍ വഴിയാണ് നിലവില്‍ സഞ്ചരിക്കുന്നത്. 35 രാജ്യങ്ങളിലെ പത്ത് ചരക്ക് കപ്പലുകള്‍ക്ക് നേരെ ഹൂതി സായുധ സംഘം ഇതുവരെ 100 ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായി അമേരിക്ക ആരോപിക്കുന്നു.

മോദിക്കെതിരായ സ്ഥാനാർഥിത്വം; വാരാണസിയിൽ ഹാസ്യതാരം ശ്യാം രംഗീലയുടെ പത്രിക തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

മൂന്നായി പിരിഞ്ഞ് 'മുന്നണി' പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം പ്രതിസന്ധിയില്‍

തീവ്രവാദത്തിനെതിരെയുള്ള പ്രവർത്തനങ്ങളിൽ സഹകരിക്കാത്ത രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ക്യൂബയെ നീക്കി അമേരിക്ക

ഒഴിവ് ഒന്ന്, മത്സരം രണ്ട് ടീമുകള്‍ തമ്മില്‍; പ്ലേ ഓഫിലേക്ക് ആര്, തലയോ കിങ്ങോ?

ഡെങ്കിപ്പനി സാധ്യത കൂട്ടുന്ന കാലാവസ്ഥാവ്യതിയാനം; രോഗം വന്നവര്‍ക്കും വരാത്തവര്‍ക്കും വേണം ശ്രദ്ധ, പനി അവഗണിക്കരുത്