WORLD

ചെങ്കടലിലെ സംഘർഷം: ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിച്ചേക്കാമെന്ന് വിദഗ്ധർ

വെബ് ഡെസ്ക്

ചെങ്കടലിലും മിഡില്‍ ഈസ്റ്റിലും തുടരുന്ന സംഘർഷങ്ങള്‍ ആഗോളസമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്‌ധർ. ഇതിനുപുറമെ പണപ്പെരുപ്പം വർധിക്കാനും ഊർജവിതരണത്തിന് തടസം നേരിടാനും സാധ്യതകളുണ്ടെന്നും വിലയിരുത്തലുണ്ട്. യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്കയും യുകെയും നടത്തുന്ന തുടരാക്രമണങ്ങള്‍ രൂക്ഷമായതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. ഉയർന്ന പലിശനിരക്ക്, വളർച്ചാനിരക്കിലെ ഇടിവ്, സ്ഥിരമായ പണപ്പെരുപ്പം, അഗോള അനിശ്ചിതാവസ്ഥ എന്നിവയിലേക്ക് പ്രതിസന്ധി നയിച്ചേക്കുമെന്നാണ് ലോക ബാങ്കിലെ സാമ്പത്തിക വിദഗ്ദർ അഭിപ്രായപ്പെട്ടിരിക്കുന്നത്.

ആഗോള സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ടില്‍ മിഡില്‍ ഈസ്റ്റിലെ പ്രതിസന്ധിയും, യുക്രെയ്‌ന്‍-റഷ്യ യുദ്ധവും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് പറയുന്നത്. ചൈനയില്‍ പ്രതീക്ഷിച്ചതിലും താഴ്ന്ന വളർച്ച, വ്യാപരത്തിലുണ്ടാകുന്ന ഇടിവ്, കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങള്‍ എന്നിവയെല്ലാം ആഗോളസാമ്പത്തിക വ്യവസ്ഥയെ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ചെങ്കടലിലൂടെ കടത്തിവിടുന്ന വാണിജ്യ കപ്പലുകള്‍ക്ക് നേരെ സമീപകാലത്തുണ്ടായ ആക്രമണം ഇതിനോടകം തന്നെ കപ്പല്‍ ഗതാഗതം തടസപ്പെടുത്തുന്നതിനും വിതരണശ്യംഖലകളിലെ പ്രതിസന്ധിയും പണപ്പെരുപ്പത്തിന്റെ സാധ്യതകളും വർധിപ്പിച്ചിട്ടുണ്ട്. വർധിച്ചുവരുന്ന സംഘർഷങ്ങള്‍ ഊർജവിതരണത്തെ ബാധിക്കുമ്പോള്‍ സ്വഭാവികമായും ഊർജത്തിന്റെ വിലയും ഉയരും. ഇത് മറ്റ് മേഖലകളെ ബാധിക്കുക മാത്രമല്ല സാമ്പത്തികമായ അനിശ്ചിതത്വവും സൃഷ്ടിക്കും. കൂടാതെ നിക്ഷേപം കുറയുകയും വളർച്ച ദുർബലപ്പെടുകയും ചെയ്യുമെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

സംഘർഷങ്ങള്‍ ഗുരുതര പ്രശ്നമായി സാമ്പത്തിക മേഖലയെ ബാധിച്ചിരിക്കുകയാണെന്നാണ് ഓർഗനൈസേഷന്‍ ഫോർ എക്കണോമിക്ക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്പ്മെന്റിലെ (ഒഇസിഡി) സാമ്പത്തിക വിദഗ്ദനായിരുന്നു ജോണ്‍ ലെവെല്ലിന്‍ പറയുന്നത്. ലോകവ്യാപാരത്തില്‍ തടസങ്ങളുണ്ടാകാനുള്ള സാധ്യത 30 ശതമാനമായി ഉയർന്നതായി ജോണ്‍ ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ വാരം ഇത് 10 ശതമാനം മാത്രമായിരുന്നു. ചെങ്കടലിലെ സ്ഥിതിഗതികള്‍ ഹോർമൂസ് കടലിടുക്കിലേക്കും മിഡില്‍ ഈസ്റ്റിലേക്കും വ്യാപിക്കുന്നതില്‍ ഭയാനകമായ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നതെന്നും അദ്ദേഹം വിലയിരുത്തി.

യെമെനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്കയും ബ്രിട്ടണും വ്യാഴാഴ്ച മുതലാണ് ആക്രമണം കടുപ്പിച്ചത്. ചെങ്കടലിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് നേരയുള്ള ആക്രമണത്തിന് മറുപടിയായാണ് സംയുക്ത നീക്കം നടക്കുന്നത്. ഇത് ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കപ്പല്‍ പാതയെ സ്തംഭിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് ശേഷം തങ്ങള്‍ ആത്മവിശ്വാസത്തിലാണെന്നും തയാറാണെന്നുമായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ പ്രസ്താവന. കൂടുതല്‍ വിവരങ്ങളിലേക്ക് കടക്കാന്‍ ബൈഡന്‍ തയാറായില്ല

ഗാസയിലുള്ള പലസ്തീനികള്‍ക്ക് പിന്തുണയായി ഇസ്രയേലിന്റെ കപ്പലുകള്‍ മാത്രമാണ് ലക്ഷ്യം വെയ്ക്കുന്നതെന്നാണ് ഹൂതികളുടെ വിശദീകരണം. ആക്രമണങ്ങള്‍ ചെങ്കടലിലൂടെയും അറബിക്കടലിലൂടെയും കപ്പലുകള്‍ കടന്നുപോകുന്നത് തടയാനുള്ള ഹൂതികളുടെ നീക്കങ്ങള്‍ക്ക് വെല്ലുവിളി ഉയർത്തുന്നതല്ലെന്ന് ഹൂതികളുടെ വക്താവ് മുഹമ്മദ് അബ്ദുള്‍സലാം വ്യക്തമാക്കി.

ബ്രിട്ടീഷ് ചേമ്പർ ഓഫ് കൊമേഴ്സിന്റെ വ്യാപാര വിദഗ്ദനായ വില്യം ബെയിന്‍ സുപ്രധാനമായ ഒരു കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. "നവംബറില്‍ സൂയസ് കനാലുവഴി അഞ്ച് ലക്ഷം കണ്ടെയ്‌‌നറുകളായിരുന്നു കടന്നുപോയിരുന്നത്. ഇതില്‍ 60 ശതമാനം ഇടിവാണ് ഡിസംബറില്‍ സംഭവിച്ചിരിക്കുന്നത്. കനാലുവഴി കടന്നുപോകുന്ന കണ്ടെയ്നറുകളുടെ എണ്ണം രണ്ട് ലക്ഷമായി ചുരുങ്ങി," വില്യം പറഞ്ഞു.

സംഘർഷങ്ങള്‍ മൂലം കപ്പലുകള്‍ വ്യത്യസ്തമായ പാത തിരഞ്ഞെടുക്കുന്നുണ്ടെങ്കിലും ചിലവ് വർധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നവംബറില്‍ ഒരു കണ്ടെയ്‌നറിന് 1,500 അമേരിക്കന്‍ ഡോളറായിരുന്നത് ഡിസംബറില്‍ 4,000 ഡോളറായി ഉയർന്നു. പ്രതിസന്ധിയും സംഘർഷവും ഇനിയും തുടരുകയാണെങ്കില്‍ വിനാശകരമായ പ്രത്യാഘാതങ്ങളിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും വില്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍