WORLD

അനധികൃതമായി തോക്ക് കൈവശംവച്ചു; ജോ ബൈഡന്റെ മകൻ ഹണ്ടറിനെതിരെ കുറ്റപത്രം

വെബ് ഡെസ്ക്

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടറിനെതിരെ തോക്കുകൾ കൈവശം വച്ചതുമായി ബന്ധപ്പെട്ട് മൂന്ന് ക്രിമിനൽ കുറ്റങ്ങൾ ചുമത്തി. യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസാണ് കുറ്റം ചുമത്തിയത്. 2018 ൽ തോക്ക് വ്യാപാരിയെ കബളിപ്പിച്ച് തോക്ക് വാങ്ങി എന്നതാണ് പ്രധാന ആരോപണം. തോക്ക് വാങ്ങിയപ്പോള്‍ മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് ഹണ്ടര്‍ എഴുതി നല്‍കിയിരുന്നു. എന്നാൽ, മയക്കുമരുന്നിന് അടിമപ്പെട്ടിരുന്ന സമയത്ത് തോക്ക് വാങ്ങിയെന്നാണ് കേസ്.

2018 ഒക്‌ടോബറിൽ ഡെലവെയർ തോക്ക് കടയിൽ നിന്ന് കോൾട്ട് കോബ്ര സ്‌പെഷ്യൽ റിവോൾവർ വാങ്ങിയപ്പോഴാണ് ഹണ്ടർ മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്ന് തെറ്റായ വിവരം നൽകിയത്. അന്നദ്ദേഹം വ്യാപകമായി ക്രാക്ക് കൊക്കെയ്ൻ ഉപയോഗിക്കാറുണ്ടായിരുന്നു. യുഎസ് ഫെഡറൽ നിയമങ്ങൾ പ്രകാരം, മയക്കുമരുന്ന് ഉപയോഗിക്കുമ്പോൾ തോക്ക് കൈവശം വയ്ക്കുന്നത് കുറ്റകരമാണ്. കുറ്റം തെളിഞ്ഞാൽ 25 വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് നീതിന്യായ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. തോക്ക് ലൈസൻസിനായുള്ള അപേക്ഷയിൽ സർക്കാരിനെ തെറ്റിദ്ധരിപ്പിച്ചു, തോക്ക് ലഭിക്കുന്നതിനായി ഫെഡറൽ സർക്കാരുമായി ഒപ്പിട്ട കരാറിൽ തെറ്റായ വിവരങ്ങൾ നൽകി, അനധികൃതമായി ആയുധം കൈവശംവച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഹണ്ടറിനെതിരെ ചുമത്തിയിട്ടുള്ളത്. ഏറ്റവും ഗുരുതരമായ രണ്ട് കേസുകളിൽ പരമാവധി 10 വർഷം തടവും 250,000 ഡോളർ പിഴയും ലഭിക്കും. യഥാർത്ഥ പിഴകൾ പലപ്പോഴും നിയമാനുസൃതമായ പരമാവധിയേക്കാൾ വളരെ കുറവാണ്.

അതേസമയം, റിപ്പബ്ലിക്കന്മാരുടെ അനുചിതവും പക്ഷപാതപരവുമായ ഇടപെടലാണ് ആരോപണങ്ങൾക്ക് പിന്നിലെന്ന് ഹണ്ടറിന്റെ അഭിഭാഷകൻ ആബെ ലോവൽ പറഞ്ഞു. ഹണ്ടർ നിയമം ലംഘിച്ചിട്ടില്ല എന്നും ചുരുങ്ങിയ കാലം കൈവശംവച്ച തോക്ക് ഒരിക്കലും പൊതുജനങ്ങൾക്ക് ഭീഷണിയല്ലെന്നും അദ്ദേഹം പറഞ്ഞു.

തോക്ക് കൈവശം വയ്ക്കലും നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും കുറ്റം സമ്മതിച്ച് ശിക്ഷ കുറയ്ക്കാനുള്ള ഹണ്ടർ ബൈഡന്റെ നീക്കം ഇക്കഴിഞ്ഞ ജൂലൈയിൽ പരാജയപ്പെട്ടിരുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ മത്സരിക്കാനിരിക്കെയാണ് മകന്റെ പേരിലുള്ള കേസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഹണ്ടറിനെതിരെയുള്ള കുറ്റങ്ങൾ ബൈഡനെ പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതുന്നത്.

ചട്ടം ലംഘിച്ച് 7 കോടി വിദേശ സംഭാവന വാങ്ങി, എഎപിക്കെതിരെ അന്വേഷണം വേണമെന്ന് ഇ ഡി; ആഭ്യന്തരമന്ത്രാലയത്തിന് കത്ത്

വന്‍മരങ്ങള്‍ വീണ ഇറാനില്‍ പിന്‍ഗാമികളാര്?

ലോക്‌സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ടത്തിലും പോളിങ്ങില്‍ ഇടിവ്, ബംഗാളിലും ലഡാക്കിലും മികച്ച പ്രതികരണം

ചക്രവാതച്ചുഴി, ന്യൂനമര്‍ദപാത്തി; കേരളത്തില്‍ അഞ്ച് ദിവസം മഴ കനക്കും

നിയമ വിദ്യാർഥിനിയെ കൊന്ന കേസ്: അമീറുല്‍ ഇസ്ലാമിന് തൂക്കുകയര്‍ തന്നെ, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി