WORLD

കനേഡിയൻ തിരഞ്ഞെടുപ്പുകളിൽ ഇന്ത്യ ഇടപെട്ടുവെന്ന് ആരോപണം; നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം

വെബ് ഡെസ്ക്

കാനഡയിലെ 2019, 2021 തിരഞ്ഞെടുപ്പുകളിൽ ഇടപെടാൻ ഇന്ത്യയും പാകിസ്താനും ശ്രമിച്ചുവെന്ന് കനേഡിയൻ രഹസ്യാന്വേഷണ ഏജൻസി. 2019-ലെയും 2021-ലെയും തിരഞ്ഞെടുപ്പുകളിൽ ചൈന, ഇന്ത്യ, റഷ്യ എന്നിവരുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്നന്വേഷിച്ച ഫെഡറൽ അന്വേഷണ കമ്മിഷന് മുൻപാകെ കനേഡിയൻ സെക്യൂരിറ്റി ഇൻ്റലിജൻസ് സർവിസ് (സിഎസ്ഐഎസ്) സമർപ്പിച്ച റിപ്പോർട്ടിലാണ് ആരോപണമുള്ളത്. വ്യാഴാഴ്ചയാണ് റിപ്പോർട്ട് പുറത്തുവന്നത്. എന്നാൽ ആരോപണങ്ങളെ ഇന്ത്യ ശക്തമായി എതിർത്തു.

ഇന്ത്യ, കനേഡിയൻ തിരഞ്ഞെടുപ്പുകളിൽ ഇടപെട്ടുവെന്ന ആരോപണത്തെ അടിസ്ഥാനരഹിതമെന്നാണ് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാറുള്ളത് കാനഡയാണെന്നും വിദേശ കാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരിച്ചു.

ക്യുബെക്ക് അപ്പീൽ കോടതിയിലെ ജസ്റ്റിസ് മേരി-ജോസി ഹോഗിൻ്റെ മേൽനോട്ടത്തിലാണ് വിദേശ ശക്തികളുടെ ഇടപെടലിനെക്കുറിച്ച് പരിശോധനകൾ നടന്നത്. ഇക്കഴിഞ്ഞ മാർച്ചിലാണ് ഇതുമായി ബന്ധപ്പെട്ട റിപോർട്ടുകൾ തേടാൻ ആരംഭിച്ചത്.

"പ്രോക്സി ഏജന്റുമാരെ ഉപയോഗിച്ച് കനേഡിയൻ സമൂഹങ്ങളെയും രാഷ്ട്രീയക്കാരെയും സ്വാധീനിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർ ശ്രമങ്ങൾ നടത്തി. പല പ്രധാന വിഷയങ്ങളിലും ഇന്ത്യക്ക് അനുകൂലമായ നിലപാടുകൾ എടുക്കാൻ കാനഡയെ പ്രേരിപ്പിക്കാനായിരുന്നു ഈ നീക്കം, പ്രത്യേകിച്ചും ഖലിസ്ഥാൻ വിഷയങ്ങളിൽ," സിഎസ്ഐഎസ് റിപ്പോർട്ടിൽ ആരോപിക്കുന്നു.

കാനഡയിലെ ഇൻഡോ- കനേഡിയൻ വിഭാഗങ്ങൾക്കിടയിൽ 'ഇന്ത്യ വിരുദ്ധവികാരം' വളർന്നുവരുന്നുവെന്ന തോന്നലാണ് ഇന്ത്യയുടെ ഇടപെടലിന് കാരണം. ഇന്ത്യൻ ഉദ്യോഗസ്ഥർ പ്രോക്സി ഏജന്റുമാർ വഴി ജയിക്കുന്ന സ്ഥാനാർഥികളിൽ സ്വാധീനം ചെലുത്താൻ അനധികൃതമായി പണം നൽകിയിട്ടുണ്ടാകാമെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. തിരഞ്ഞെടുപ്പിൽ ചില കേന്ദ്രങ്ങൾ മാത്രം ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ ഇടപെടലെന്നും സിഎസ്ഐഎസ് പറയുന്നു. ഇന്ത്യക്കുപുറമെ സൗദി അറേബ്യ, ഇറാൻ എന്നിവരും ഫെഡറൽ തിരഞ്ഞെടുപ്പിൽ ഇടപെടൽ നടത്തിയതായി റിപ്പോർട്ടുകൾ ആരോപിക്കുന്നുണ്ട്.

അതേസമയം, 2021 ഡിസംബറിലും സമാനമായ ആരോപണങ്ങൾ ഉയർന്നിരുന്നു. അന്ന് പ്രസിദ്ധീകരിച്ച തിരഞ്ഞെടുപ്പ് ടാസ്‌ക് ഫോഴ്‌സിൻ്റെ (SITE-TF) സെക്യൂരിറ്റി ആൻഡ് ഇൻ്റലിജൻസ് ഭീഷണികളിൽ നിന്നുള്ള “ആഫ്റ്റർ ആക്ഷൻ റിപ്പോർട്ട്” ഇന്ത്യയുടെ ഇടപെടൽ ഉണ്ടായെന്ന് ആരോപിച്ചിരുന്നു.

കാനഡയുടെ താത്പര്യങ്ങൾക്ക് തുരങ്കം വയ്ക്കുകയായിരുന്നില്ല ഇന്ത്യയുടെ ലക്ഷ്യം. മറിച്ച് തങ്ങൾക്ക് അനുകൂലമായതും എതിരായ ഭീഷണികളെ ചെറുക്കാൻ സഹായിക്കുന്നതുമായ നയങ്ങൾ കാനഡയെക്കൊണ്ട് സ്വീകരിപ്പിക്കാനായിരുന്നു.

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍