ഫുമിയോ കിഷിദോ ,ജോ ബൈഡൻ
ഫുമിയോ കിഷിദോ ,ജോ ബൈഡൻ 
WORLD

ഹിരോഷിമ സ്മാരകം സന്ദർശിച്ച് ബൈഡൻ; ലോകം കണ്ട കൊടുംക്രൂരതയ്ക്ക് ക്ഷമാപണമില്ല

വെബ് ഡെസ്ക്

രണ്ടാം ലോകയുദ്ധകാലത്ത് ഹിരോഷിമയിൽ അമേരിക്ക നടത്തിയ മനുഷ്യത്വരഹിതമായ അണുബോംബാക്രണത്തിന്റെ സ്മാരകം പ്രസിഡന്റ് ജോ ബൈഡൻ സന്ദർശിച്ചപ്പോൾ ഒരു ക്ഷമാപണമായിരുന്നു ലോകം പ്രതീക്ഷിച്ചത്. എന്നാൽ അതുണ്ടായില്ല. മറ്റ് രാജ്യങ്ങളിലെ ജനാധിപത്യത്തിനും മാനുഷികാവകാശങ്ങൾക്കും വേണ്ടി വാദിക്കുന്ന ഡെമോക്രാറ്റിക് നേതാവിനും അത് കഴിയാതെ പോകുന്ന കാഴ്ചയാണ് വെള്ളിയാഴ്ച കണ്ടത്.

ശീതയുദ്ധത്തിന് ശേഷം ആണവ യുദ്ധഭീഷണി വീണ്ടും സജീവമായിരിക്കുന്ന സമയത്ത് കൂടിയാണ് നിലവിൽ ലോക നേതാക്കൾ ഹിരോഷിമയിൽ സ്മാരകം സന്ദർശിച്ചത്

ഹിരോഷിമയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം ജപ്പാനിലെത്തിയത്. അതിന്റെ ഭാഗമായാണ് മറ്റ് ലോകനേതാക്കൾക്കൊപ്പം ബൈഡന്‍ 'പീസ് മെമ്മോറിയൽ മ്യൂസിയം' സന്ദർശിച്ചത്. ഹിരോഷിമയിൽ കൊല്ലപ്പെടുകയോ ആണവവികിരണങ്ങൾ മൂലം ഇന്നും ദുരിതമനുഭവിക്കുകയോ ചെയ്തവരുടെ സ്മരണാർത്ഥം നിർമിച്ച യുദ്ധസ്മാരകമാണ് പീസ് മെമ്മോറിയൽ മ്യൂസിയം. 1,40,000 നിരപരാധികളുടെ മരണത്തിന് കാരണമായ രാജ്യത്തിൻറെ നേതാവ് ഒരു റീത്ത് സമർപ്പിച്ച ശേഷം മടങ്ങുകയായിരുന്നു.

അമേരിക്കയുടെ ക്രൂരത തള്ളിപ്പറയാനോ അതിൽ ക്ഷമാപണം നടത്താനോ ബൈഡൻ മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറവും തയാറായിട്ടില്ലെന്ന എന്നിടത്താണ് ബൈഡന്റെയും അമേരിക്കയും ഇരട്ടത്താപ്പ് വെളിച്ചത്താകുന്നത്. 1945 ഓഗസ്റ്റിൽ അമേരിക്ക നടത്തിയ നരനായാട്ടിന്റെ വേദനകൾ ജപ്പാൻ ജനത തലമുറകൾക്കിപ്പുറവും അനുഭവിക്കുന്നു. ഹിരോഷിമയിലെ യുദ്ധ സ്മാരകം സന്ദർശിക്കുന്ന രണ്ടാമത്തെ അമേരിക്കൻ പ്രസിഡന്റാണ് ബൈഡൻ. ഇതിന് മുൻപ് ബറാക് ഒബാമ മാത്രമാണ് ഇവിടെയെത്തിയത് ഒബാമയും അമേരിക്കൻ ക്രൂരതയ്ക്ക് മാപ്പ് പറഞ്ഞില്ല.

യുക്രെയ്‌നിലെ യുദ്ധം, കാലാവസ്ഥാ വ്യതിയാനം, ചൈനയെ ആശ്രയിക്കുന്ന ആഗോള സമ്പദ്‌വ്യവസ്ഥ എന്നിവയുൾപ്പെടെയുള്ള ആഗോള പ്രശ്‌നങ്ങളാകും ജി 7 ഉച്ചകോടിയിൽ ചർച്ചയാകുക. ശീതയുദ്ധത്തിന് ശേഷം ആണവ യുദ്ധഭീഷണി വീണ്ടും സജീവമായിരിക്കുന്ന സമയത്ത് കൂടിയാണ് നിലവിൽ ലോക നേതാക്കൾ ഹിരോഷിമയിൽ സ്മാരകം സന്ദർശിച്ചത്.

'ലിറ്റിൽ ബോയ്' എന്ന അണുബോംബ് 1945 ഓഗസ്റ്റ് ആറിന് ഹിരോഷിമയിലും ഫാറ്റ് മാൻ എന്ന അൺുബോബ് മൂന്ന് ദിവസത്തിന് ശേഷം നാഗസാക്കിയിലും അമേരിക്ക പ്രയോഗിച്ചു. രണ്ടാം ലോക യുദ്ധത്തിൽ പേൾ ഹാർബർ ആക്രമിച്ചതിന്റെ പ്രതികാര നടപടിയെന്നോണമായിരുന്നു അമേരിക്ക ജപ്പാനിൽ അണുബോംബ് വർഷിച്ചത്.

1964 ല്‍ റിച്ചാര്‍ഡ് നിക്‌സണും 1984 ല്‍ ജിമ്മി കാര്‍ട്ടറും ഹിരോഷിമ സമാധാന സ്മാരകം സന്ദർശിച്ചെങ്കിലും അവര്‍ പ്രസിഡന്‌റ് പദവിയിലുണ്ടായിരുന്നില്ല.

2022 മാർച്ച് വരെയുള്ള ജാപ്പനീസ് സർക്കാരിന്റെ കണക്കനുസരിച്ച്, ഹിരോഷിമ ആണവപ്രയോഗത്തിന്റെ ഇരകളായ 1,19,000 പേർ നിലവില്‍ ജീവിച്ചിരിപ്പുണ്ട്. ഇവരിൽ പലരും ആണവനിരായുധീകരണമെന്ന ആശയം ഉച്ചകോടിയിൽ ഉന്നയിക്കണമെന്ന ആവശ്യവും മുന്നോട്ടുവച്ചിരുന്നു.

ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശിൽ കുമാർ മോദി അന്തരിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാലാം ഘട്ടത്തില്‍ 62 ശതമാനം പോളിങ്, ബംഗാളില്‍ പരക്കെ അക്രമം

വോട്ട് ചെയ്യാനെത്തിയ മുസ്ലിം സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് ബിജെപി സ്ഥാനാർഥി; കേസെടുത്ത് പോലീസ്

IPL 2024| ബെംഗളുരുവിന് പ്ലേ ഓഫിലെത്താം; ചെന്നൈയെ 'കണക്കുകൂട്ടി' തോല്‍പ്പിക്കണം, സാധ്യതകള്‍

ടിക്കറ്റ് റദ്ദാക്കി പ്രജ്വൽ, അതിജീവിതയുടെ മൊഴി മാറ്റം; ലൈംഗികാതിക്രമക്കേസില്‍ വെട്ടിലായി അന്വേഷണസംഘം