WORLD

കീവിൽ വ്യോമാക്രമണം കടുപ്പിച്ച് റഷ്യ; മേഖലയിൽ ബോംബർ വിമാനങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി യുക്രെയ്ന്‍ വ്യോമസേന

വെബ് ഡെസ്ക്

യുക്രെയ്ന്‍ അതിര്‍ത്തിക്ക് സമീപം ബെല്‍ഗോറോഡിൽ ആക്രമണം നടത്തിയ യുക്രെയ്നെതിരെ വ്യോമാക്രമണം കടുപ്പിച്ച് റഷ്യ. യുക്രെയ്ന്‍ തലസ്ഥാനമായ കീവിൽ രൂക്ഷമായ വ്യോമാക്രമണമാണ് റഷ്യ നടത്തിയത്. നഗരപ്രദേശങ്ങളിൽ ബോംബർ വിമാനങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി യുക്രെയ്ന്‍ വ്യോമസേന അറിയിച്ചു. യുക്രെയ്ന്‍ നഗരങ്ങളില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെയായിരുന്നു റഷ്യയില്‍ യുക്രെയ്ന്‍ മിസൈല്‍ ആക്രമണം നടത്തിയത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷാന്തരീക്ഷം രൂക്ഷമായ സാഹചര്യത്തിൽ, റഷ്യയുടെ മിസൈൽ ആക്രമണത്തിന്റെ ആസന്നമായ ഭീഷണിയെക്കുറിച്ച് യുക്രെയ്ന്‍ ജനതയ്ക്ക് നേരത്തെ തന്നെ സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ റഷ്യ യുക്രെയ്നിൽ 35 ചാവേർ ഡ്രോണുകളയച്ച് ആക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു യുക്രെയ്ന്‍ വ്യോമസേന മുന്നറിയിപ്പ് പ്രസ്താവനകൾ പുറത്തിറക്കിയത്.

ബോംബർ വിമാനങ്ങളായ 'ടിയു-95എംഎസിൽ' നിന്ന് ക്രൂയിസ് മിസൈലുകൾ വിക്ഷേപിക്കുമെന്ന് ഭീഷണിയുള്ളതായും, ആകെ 16 ടിയു-95എംഎസ് സ്ട്രാറ്റജിക് ബോംബറുകളുടെ സാന്നിധ്യം അന്തരീക്ഷത്തിൽ കണ്ടെത്തിയതായും സമൂഹമാധ്യമമായ ടെലഗ്രാം വഴി യുക്രെയ്ന്‍ വ്യോമസേന പുറത്തിറക്കിയ മുന്നറിയിപ്പ് പ്രസ്താവനയിൽ പറയുന്നു. ക്രൂയിസ് മിസൈലുകളുടെ സാന്നിധ്യമുള്ളതിനാൽ മേഖലയിൽ സംഘർഷാവസ്ഥ രൂക്ഷമാകാനുള്ള സാധ്യത കൂടുതലാണ്.

റഷ്യ യുക്രെയ്നിലേക്കയച്ച 35 ഡ്രോണുകളിൽ മുഴുവനും വ്യോമസേന വിജയകരമായി നശിപ്പിച്ചതായാണ് പുറത്തുവരുന്ന വിവരം. യുക്രെയ്നിലെ ഹർകീവ്, കീവ്, മൈകോലൈവ്, സപോറീസിയ എന്നീ മേഖലകളെ ലക്ഷ്യമിട്ടായിരുന്നു റഷ്യയുടെ ഡ്രോൺ ആക്രമണം. യുക്രെയ്ന്റെ ഭാഗത്തുനിന്നും ശക്തമായ തിരിച്ചാക്രമണം നടക്കുന്നതിനാൽ തുടർന്നും റഷ്യൻ മിസൈൽ ആക്രമണങ്ങളുടെ തോത് വർധിക്കാൻ സാധ്യത ഏറെയാണെന്നാണ് റിപ്പോർട്ട്.ഇതേത്തുടർന്ന് അതീവ ജാഗ്രതയിലാണ് യുക്രെയ്ന്‍ നഗരം.

എന്താണ് ടിയു-95എംഎസ് ബോംബർ വിമാനങ്ങൾ?

ശീതയുദ്ധകാലം മുതൽ റഷ്യൻ വ്യോമസേനയുടെ പ്രധാന ഭാഗമായിരുന്ന തന്ത്രപ്രധാനമായ ബോംബർ വിമാനങ്ങളാണ്, നാറ്റോ റിപ്പോർട്ടിംഗ് നാമത്തിൽ 'ബിയർ-എച്ച്'(Bear-H) എന്നറിയപ്പെടുന്ന ടിയു-95എംഎസ്. സോവിയറ്റ് യൂണിയൻ വികസിപ്പിച്ചെടുത്ത ഈ ബോംബർ വിമാനങ്ങൾ ദീർഘദൂര വീക്ഷണമുള്ള, ടർബോപ്രോപ്പ്-പവർ ബോംബറാണ്.

ടിയു-95 എംഎസ്ന് അണുബോംബുകൾ ഉൾപ്പെടെ വിവിധ പേലോഡുകൾ വഹിക്കാൻ സാധിക്കുന്നവയാണ്. കാലക്രമേണ, ക്രൂയിസ് മിസൈലുകൾ വഹിക്കാനും ഈ വിമാനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കനത്ത പ്രതിരോധമുള്ള വ്യോമാതിർത്തിയിൽ പ്രവേശിക്കാതെ തന്നെ ലക്ഷ്യം തകർക്കാവുന്ന രീതിയിലാണ് ഇവ നവീകരിച്ചിട്ടുള്ളത്.

ഡിസംബർ 29ന് യുക്രെയ്നിലെ പ്രധാന നഗരങ്ങളില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ മുപ്പതോളം പേരാണ് കൊല്ലപ്പെട്ടത് 160പേര്‍ക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. കീവ്, ഒഡേസ, ഖാര്‍കീവ്, ലിവിവ് നഗരങ്ങളിലാണ് റഷ്യ ഒരേസമയം ആക്രമണം നടത്തിയത്. ഹൈപ്പര്‍സോണിക്, ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളാണ് റഷ്യ പ്രയോഗിച്ചതെന്നും 114 മിസൈലുകള്‍ വെടിവച്ചിട്ടെന്നും യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം ആക്രമണത്തിന് പിന്നാലെ അറിയിച്ചിരുന്നു.

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരെയുള്ള പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി

വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി തിരികെയെത്തി; ചോദ്യങ്ങളോട് പ്രതികരിച്ചില്ല, മന്ത്രി റിയാസ് നാളെയെത്തും

ഇടതുപക്ഷത്തിന് ചെക്ക് വയ്ക്കുമോ? മമതയുടെ പിന്തുണ നീക്കത്തിന് പിന്നിലെ സ്വപ്‌നങ്ങള്‍