WORLD

ചെങ്കടൽ ആക്രമണങ്ങൾക്ക് മറുപടി; യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ വീണ്ടും യുഎസ്- യുകെ സഖ്യത്തിന്റെ ആക്രമണം, ആശങ്കയിൽ പശ്ചിമേഷ്യ

വെബ് ഡെസ്ക്

യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ അമേരിക്ക ബ്രിട്ടന്‍ സൈന്യങ്ങളുടെ നേതൃത്വത്തില്‍ വിണ്ടും കനത്ത ആക്രമണം. 13 ഇടങ്ങളിലായി 36 ഹൂതി കേന്ദ്രങ്ങളിലാണ് ശനിയാഴ്ച ആക്രമണം ഉണ്ടായത്. ചെങ്കടലില്‍ ഹൂതി വിമതര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള മറുപടി എന്നാണ് യെമനിലെ ആക്രമണങ്ങള്‍ക്ക് യുഎസ് - യുകെ സംയുക്ത സേന നല്‍കുന്ന വിശദീകരണം. ഹൂതികള്‍ക്കുള്ള ശക്തമായ സന്ദേശമാണ് ആക്രമണത്തിലൂടെ നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്നും അമേരിക്ക വ്യക്തമാക്കുന്നു.

ചെങ്കടൽ ആക്രമണങ്ങൾക്കായി ഉപയോഗിക്കുന്ന ആയുധങ്ങൾ സംഭരിച്ചിരുന്ന കേന്ദ്രങ്ങൾ, മിസൈൽ സംവിധാനങ്ങൾ, ലോഞ്ചറുകൾ എന്നിവയ്ക്ക് നേരെയായിരുന്നു അമേരിക്ക- ബ്രിട്ടൻ സഖ്യത്തിന്റെ ആക്രമണം. "അന്താരാഷ്ട്ര ഷിപ്പിങ്, നാവിക കപ്പലുകൾ എന്നിവയ്‌ക്കെതിരെ നിയമവിരുദ്ധമായ ആക്രമണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ കൂടുതൽ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ സന്ദേശം നൽകുന്നതാണ് ഈ കൂട്ടായ പ്രവർത്തനം" യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.

ഇറാന്‍ പിന്തുണയുള്ള ഇറാഖിലെയും സിറിയയിലെയും തീവ്രസംഘങ്ങളുടെയും ഇറാനിയന്‍ റെവല്യൂഷനറി ഗാര്‍ഡിന്റെയും എണ്‍പതിലധികം കേന്ദ്രങ്ങളിലും അമേരിക്ക വെള്ളിയാഴ്ച നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് യെമനിലെ നടപടി. ആ ആക്രമണത്തില്‍ 40 പേരായിരുന്നു കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച ജോര്‍ദാനില്‍ തങ്ങളുടെ മൂന്ന് സൈനികരെ കൊലപ്പെടുത്തിയ ഡ്രോണ്‍ ആക്രമണത്തിനുള്ള തിരിച്ചടി എന്ന നിലയിലായിരുന്നു വെള്ളിയാഴ്ച രാത്രി അമേരിക്കന്‍ സൈന്യം ഇറാഖിലും സിറിയയിലും ആക്രമണം നടത്തിയത്. 'ടവര്‍ 22 ആക്രമണ'ത്തിനുള്ള (ജോര്‍ദാനില്‍ യു എസ് സൈന്യത്തിന് നേരെ നടന്നത്) പ്രതികരണം തുടരുമെന്നും പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കിയിരുന്നു. എന്നാല്‍ 'തന്ത്രപരമായ തെറ്റ്' എന്നാണ് സൈനിക നടപടിയെ ഇറാന്‍ വിശേഷിപ്പിച്ചത്.

ഓസ്‌ട്രേലിയ, ബഹ്‌റൈന്‍, കാനഡ, ഡെൻമാർക്ക്, നെതർലാൻഡ്‌സ്, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളുടെ പിന്തുണയോടെയാണ് ഞായറാഴ്ചത്തെ ആക്രമണം നടത്തിയത്. എന്നാല്‍ നിലവില്‍ പ്രക്ഷുബ്ദമായിരിക്കുന്ന പശ്ചിമേഷ്യന്‍ മേഖലയെ കൂടുതല്‍ കലുഷിതമാക്കാനേ അമേരിക്കയുടെ നടപടി സഹായിക്കു എന്ന വിലയിരുത്തലുകളുമുണ്ട്.

അതേസമയം, ആക്രമണങ്ങളുടെ പശ്ചാത്തലത്തിലും ചെങ്കടലിലെ സൈനിക നടപടിയില്‍ നിന്നും പിന്നോട്ട് പോകില്ലെന്നാണ് ഹൂതികളുടെ നിലപാട്. ഗാസയിലെ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കുന്നത് വരെ ചെങ്കടല്‍ ആക്രമണം തുടരുമെന്ന് ഹൂതി നേതാവ് അല്‍-ബുഖൈതി പ്രതികരിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ