WORLD

ഹമാസ് ആക്രമണത്തിൽ പങ്കുണ്ടെന്ന ആരോപണം: യുഎന്‍ ഏജന്‍സിക്കുള്ള ധനസഹായം നിർത്തിവെച്ച് ലോകരാജ്യങ്ങള്‍

വെബ് ഡെസ്ക്

പലസ്തീന്‍ അഭയാര്‍ഥികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന യുഎന്‍ ഏജന്‍സിക്ക് (യുഎൻആർഡബ്ല്യുഎ) നല്‍കുന്ന ധനസഹായം താത്കാലികമായി നിർത്തിവെച്ച് ബ്രിട്ടൻ. ഒക്‌ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ യുഎന്‍ ഏജന്‍സിയിലെ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന ആരോപണത്തെ തുടർന്ന് നിരവധി ജീവനക്കാരെ പിരിച്ചുവിടുന്നതായി യുഎൻ ഏജൻസി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധനസഹായം താത്കാലികമായി നിർത്തുന്നുവെന്ന് പ്രഖ്യാപിച്ച് ബ്രിട്ടൻ, ഓസ്‌ട്രേലിയ, ഇറ്റലി, കാനഡ എന്നി രാജ്യങ്ങൾ രംഗത്തെത്തിയത്.

ഹമാസ് ആക്രണത്തിൽ യുഎൻ ഏജൻസിയിലെ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ഇസ്രയേൽ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി യുഎൻആർഡബ്ല്യു ഏജൻസി അറിയിച്ചു. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അന്വേഷണം നടക്കുന്നതായും ആക്രമണത്തിൽ പങ്കുള്ളതായി കണ്ടെത്തുന്നവർക്കെതിരേ നടപടികൾ സ്വീകരിക്കുമെന്നും യുഎൻആർഡബ്ല്യു തലവൻ ഫിലിപ്പ് ലസാരിനി പറഞ്ഞു. സമഗ്രമായ അന്വേഷണത്തിൻ്റെ ഫലത്തെ അടിസ്ഥാനമാക്കിയായിരിക്കും തുടർനടപടികൾ വിലയിരുത്തുകയെന്നും യൂറോപ്യൻ യൂണിയനും അറിയിച്ചു.

'ഞെട്ടിക്കുന്ന വാർത്തയാണിതെന്നാണ്' യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് പ്രതികരിച്ചത്. ബ്രിട്ടൻ സർക്കാർ ആവർത്തിച്ച് അപലപിച്ച ഹീനമായ പ്രവൃർത്തിയായിരുന്നു ഹമാസ് ഇസ്രയേലിൽ നടത്തിയ 'അല്‍ അഖ്സ ഫ്ലഡ്', അത്തരമൊരു പ്രവർത്തിയിൽ യുഎൻ ഏജൻസിയിലെ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന വാർത്ത ഞെട്ടിക്കുന്നതാണെന്നായിരുന്നു ബ്രിട്ടന്റെ പ്രതികരണം. ആവശ്യഘട്ടങ്ങളിൽ ഗാസയിൽ ദുരിതമനുഭവിക്കുന്നവരിലേക്ക് മാനുഷിക സഹായം എത്തിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

യുഎൻ ഏജന്‍സിയുടെ അന്വേഷണത്തിൽ ഓസ്‌ട്രേലിയയുടെ മേൽനോട്ടമുണ്ടാകുമെന്നും അന്താരാഷ്ട്ര പങ്കാളികളുമായി കൂടിയാലോചിച്ച് വരികയാണെന്നും ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോംഗ് പറഞ്ഞു. അധിനിവേശ പലസ്തീൻ പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് പ്രതേകിച്ച് സ്ത്രീകളെയും കുട്ടികളെയും പരിഗണിച്ച് മാനുഷിക ധനസഹായം ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ധനസഹായം താൽക്കാലികമായി നിർത്തുന്നുവെന്ന് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചത്.

കഴിഞ്ഞ ആഴ്ചയോടെ പലസ്തീന്‍ അഭയാര്‍ഥികളുടെ ക്ഷേമത്തിനായി യുഎന്‍ ഏജന്‍സിക്ക് നല്‍കുന്ന ഫണ്ട് പകുതിയിലേറെ കുറയ്ക്കാന്‍ തീരുമാനിച്ചതായി അമേരിക്ക അറിയിച്ചിരുന്നു. യുഎൻ ഉദ്യോഗസ്ഥർക്ക് ആക്രമണത്തിൽ പങ്കുണ്ടെന്ന വാർത്ത അങ്ങേയറ്റം വിഷമിപ്പിച്ചതായും അമേരിക്ക വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ പലസ്തീന്‍ അഭയാര്‍ഥികള്‍ക്കു സഹായ ഹസ്തവുമായി ബെല്‍ജിയം രംഗത്തെത്തിയിരുന്നു. പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യുഎൻ ഏജൻസിക്ക് 2.3 കോടി ഡോളര്‍ നല്‍കാമെന്ന് ബെല്‍ജിയം ഉപപ്രധാനമന്ത്രി അലക്‌സാണ്ടര്‍ ഡിക്രൂ ബ്രസല്‍സില്‍ നടത്തിയ പ്രസ്താവനയില്‍ വാഗ്ദാനം ചെയ്തിരുന്നു.

യുഎന്‍ ഏജന്‍സിക്ക് നല്‍കിവരുന്ന 125 കോടി ഡോളറില്‍ നിന്ന് 65 കോടി ഡോളര്‍ തടഞ്ഞുവയ്ക്കാന്‍ തീരുമാനിച്ചതായാണ് അമേരിക്കൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. ലബനാന്‍, ജോര്‍ദാന്‍, സിറിയ എന്നിവിടങ്ങളിലെ 50 ലക്ഷത്തിലേറെ വരുന്ന പലസ്തീനിയന്‍ അഭയാര്‍ഥികള്‍ക്ക് കഴിഞ്ഞ 70 വര്‍ഷത്തോളമായി അമേരിക്ക നല്‍കി വരുന്നതാണ് ഈ തുക.

ഗാസയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളിലേക്ക് അടിയന്തര സഹായമെത്തിക്കുന്ന യുഎൻ ഏജൻസിക്കുള്ള പിന്തുണ താൽക്കാലികമായി നിർത്താനുള്ള ചില രാജ്യങ്ങളുടെ തീരുമാനം മാനുഷികവും രാഷ്ട്രീയവുമായ വലിയ അപകടസാധ്യതകൾ ഉണ്ടാക്കുമെന്ന് പലസ്തീൻ സിവിലിയന്‍ അഫേഴ്സ് മന്ത്രി ഹുസൈൻ അൽ-ഷൈഖ് പറഞ്ഞു.

മൂന്ന് മാസത്തോളമായി ഗാസയിൽ തുടർന്ന് കൊണ്ടിരിക്കുന്ന സംഘർഷത്തിൽ 26,000 അധികം പലസ്തീനികളാണ് ഇതിനോടകം കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവിനെ ഉദ്ധരിച്ച് ബിബിസിയാണ് ഹമാസ് ആക്രമണത്തിൽ യുഎൻ ഉദോഗസ്ഥര്ക്ക് പങ്കുണ്ടെന്ന വാർത്ത പുറത്തുവിടുന്നത്. യുഎൻ ഏജൻസിക്ക് ഏറ്റവും കൂടുതൽ ധനസഹായം നൽകി വരുന്ന രാജ്യങ്ങളാണ് അമേരിക്കയും ജർമ്മനിയും.

പത്തോവറും രണ്ട് പന്തും ബാക്കിനില്‍ക്കെ, പത്തു വിക്കറ്റ് ജയം; പത്തരമാറ്റോടെ സണ്‍റൈസേഴ്‌സ്‌

'മോദിജി താങ്കൾ ചെറുതായി പേടിച്ചിട്ടുണ്ടല്ലോ'; അദാനി- അംബാനി വിഷയത്തിൽ പ്രധാനമന്ത്രിക്ക് മറുപടിയുമായി രാഹുൽ ഗാന്ധി

'ക്രിക്കറ്റ് ടീമില്‍ ന്യൂനപക്ഷങ്ങള്‍ക്ക് കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍കും'; വീണ്ടും വിദ്വേഷ പരാമർശവുമായി മോദി

ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപകൻ കെ പി യോഹന്നാൻ അന്തരിച്ചു

വംശീയ പരാമര്‍ശം തിരിച്ചടിയായി; കോണ്‍ഗ്രസ് ഓവര്‍സീസ് അധ്യക്ഷ സ്ഥാനമൊഴിഞ്ഞ് സാം പിട്രോഡ