എന്നും അണ്‍പ്രെഡിക്ടബിള്‍, പക്ഷേ 'പണി പാളാറില്ല'; നീരജ് മാധവന്‍ അഭിമുഖം

എന്നും അണ്‍പ്രെഡിക്ടബിള്‍, പക്ഷേ 'പണി പാളാറില്ല'; നീരജ് മാധവന്‍ അഭിമുഖം

നടന്‍, ഡാന്‍സര്‍, കൊറിയോഗ്രാഫര്‍, തിരകഥാകൃത്ത്, റാപ്പര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ തിളങ്ങുന്ന നീരജ് മാധവന്‍ ദ ഫോര്‍ത്തിനോട് സംസാരിക്കുന്നു

റിലീസ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ ട്രെന്റിങ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ് നീരജ് മാധവന്റെ 'ഡ്രാക്കുള' എന്ന പുതിയ റാപ്പ് ഗാനം. കലാകാരന്‍ എന്ന നിലയില്‍ തന്റെ ഇതുവരെയുള്ള ജീവിതം കെട്ടിപ്പടുത്തതിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന 'പടക്കുതിര' എന്ന റാപ്പ് ആല്‍ബത്തില്‍ നിന്നുള്ള ഗാനമാണ് ഡ്രാക്കുള. ആര്‍ ഡി എക്സ് എന്ന സിനിമയുടെ വിജയത്തിന് പിന്നാലെയാണ് പുതിയ ആല്‍ബവുമായി നീരജ് എത്തിയത്.

എന്‍ജെ എന്ന ബ്രാന്‍ഡില്‍ ഗാനങ്ങളൊരുക്കിയിരുന്ന നീരജ് റാപ്പറാവുന്നതിന് മുമ്പുള്ള കാര്യമാണ് ഡ്രാക്കുളയില്‍ അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ എന്‍ജെ എന്ന ബ്രാന്‍ഡിന് പകരം നീരജ് എന്ന ലേബലിലാണ് ഈ ഗാനം പുറത്തിറക്കിയിരിക്കുന്നത്. റാപ്പ് ആല്‍ബത്തെയും സിനിമാജീവിതത്തെയും കുറിച്ച് നീരജ് മാധവ് ദ ഫോര്‍ത്തുമായി സംസാരിക്കുന്നു.

അന്ന് വടയക്ഷി ഇന്ന് ഡ്രാക്കുള

'പണി പാളി' കഴിഞ്ഞപ്പോള്‍ കൂടുതല്‍ റാപ്പ് ഗാനങ്ങള്‍ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ സിനിമയുടെ തിരക്കുകളില്‍ പെട്ടപ്പോള്‍അതിന് ചെറിയൊരു ഇടവേള വന്നു. ആറോളം ഗാനങ്ങള്‍ ചെയ്തിരുന്നു.

'പണി പാളി'ക്ക് ശേഷമാണ് NJ എന്ന ബ്രാന്‍ഡില്‍ ഞാന്‍ ഗാനങ്ങള്‍ ചെയ്തു തുടങ്ങിയത്. പക്ഷേ ഇപ്പോള്‍ വന്ന ഡ്രാക്കുള എന്ന ട്രാക്ക് പുതുതായി ചെയ്യുന്ന പടക്കുതിര എന്ന 10 ഗാനങ്ങളുള്ള റാപ്പ് ആല്‍ബം ആണ്. ഒരു കലാകാരന്‍ എന്ന രീതിയില്‍ നീരജ് മാധവന്‍ NJ ആയി മാറുന്ന കാലഘട്ടം വരെയുള്ള കഥയാണ് വിവിധ ട്രാക്കുകളിലായി പറയുന്നത്. അതുകൊണ്ടുതന്നെ ഡ്രാക്കുള നീരജ് മാധവന്‍ എന്ന ഐഡന്റിറ്റിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

എന്നും അണ്‍പ്രെഡിക്ടബിള്‍, പക്ഷേ 'പണി പാളാറില്ല'; നീരജ് മാധവന്‍ അഭിമുഖം
വേഷപ്പകർന്നാട്ടത്തിലൂടെ വിസ്മയിപ്പിക്കാനൊരുങ്ങി പൃഥ്വിരാജ്; ആടുജീവിതം ട്രെയ്‌ലർ പുറത്ത്

പണിപാളി ഒരു ലൈറ്റ് ഹാര്‍ട്ടഡ് ആയിട്ടുള്ള ഗാനമായിരുന്നെങ്കില്‍ 'പടക്കുതിര' സീരിയസ് ആയ രാഷ്ട്രീയം സംസാരിക്കുന്ന ഗാനങ്ങളാണ്. സിസ്റ്റത്തിനെ ചോദ്യം ചെയ്യുന്ന ഗാനങ്ങളാണ് ശരിക്കും റാപ്പ്. അത്തരത്തിലുള്ള ഒന്നായിരിക്കും പടക്കുതിര.

സമൂഹത്തില്‍ എല്ലാവരും പിന്തുടരുന്ന പാതയില്‍നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുമ്പോള്‍ അത് സംശയത്തോടെ കാണുന്ന ആളുകളാണ് നമ്മുടെ സമൂഹത്തില്‍ കൂടുതലായിട്ടുള്ളത്. ബഹുഭൂരിപക്ഷവും വ്യവസ്ഥാപിതമായ രീതിയില്‍ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ അംഗീകരിക്കാന്‍ മടിക്കുന്നവരാണ്. അത്തരത്തില്‍ 'പൊതു' താല്‍പ്പര്യത്തിന് അനുസരിച്ച് സഞ്ചരിക്കാത്തവരെ അംഗീകരിക്കാന്‍ മടിക്കുകയും തകര്‍ക്കാന്‍ ശ്രമിക്കുകയുമാണ് പലരും ചെയ്യുക. അതൊരിക്കലും നിര്‍ത്തില്ല. ഇത്തരത്തില്‍ കലാജീവിതം ആരംഭിച്ച് NJ എന്ന രീതിയില്‍ റാപ്പ് ആല്‍ബം ചെയ്യുന്നത് വരെ നമ്മള്‍ നേരിട്ട അവഗണനകളും അധിക്ഷേപങ്ങളും അതില്‍ നിന്ന് ആത്മവിശ്വാസം നേടി തിരിച്ചുവന്നതുമെല്ലാം പടക്കുതിരയില്‍ വരുന്നുണ്ട്. നിലവില്‍ ഡ്രാക്കുളയാണ് ഇറങ്ങിയത്. ഒന്ന് രണ്ട് ട്രാക്കുകള്‍ കൂടി വരും ദിവസങ്ങളില്‍ എത്തും. മാര്‍ച്ച് 26 ന് എന്റെ ജന്മദിനത്തിലായിരിക്കും മുഴുവന്‍ ട്രാക്കും പുറത്തിറങ്ങുക.

നീരജ് മാധവന്റെ അണ്‍ പ്രെഡിക്റ്റബിലിറ്റി

സിനിമയില്‍ വേഷങ്ങള്‍ ചെയ്ത് പതിയ ട്രാക്ക് മാറ്റി നായകവേഷങ്ങളും ഒരു തിരക്കഥയുമൊക്കെ എഴുതി നില്‍ക്കുമ്പോഴാണ് 2017 ല്‍ ഫാമിലി മാന്‍ എന്ന സീരിസ് ചെയ്യാന്‍ തീരുമാനിച്ചത്. അന്ന് സീരിസ് അത്ര പരിചിതം ആയിരുന്നില്ല. 'അയ്യേ സിനിമയില്‍ നിന്ന് സീരിയല്‍ ചെയ്യാന്‍ പോവുകയാണോ' എന്ന കമന്റ് ഞാന്‍ കേട്ടിട്ടുണ്ട്.

മുമ്പ് ലവ കുശ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഞാന്‍ ആദ്യമായി ഒരു റാപ്പ് ഗാനം ചെയ്യുന്നത്. ആര്‍ സി എന്ന എന്റെ സുഹൃത്തായിരുന്നു അന്ന് അതിന് സഹായിച്ചത്. പിന്നീട് 2020 ലാണ് പണി പാളി എന്ന റാപ്പ് ഗാനം ചെയ്യുന്നത്. മുമ്പ് ഡാന്‍സര്‍ ആയിരുന്നപ്പോഴും പിന്നീട് അവിടെ നിന്ന് നടനും കൊറിയോഗ്രാഫറും റാപ്പറും ഒക്കെ ആയപ്പോഴും ഒരു ഡ്രൈവിങ് മെന്റാലിറ്റി എനിക്കുണ്ടായിരുന്നു. പലപ്പോഴും വിജയിച്ച ഏതെങ്കിലും ഒരു കാര്യം അല്ലെങ്കില്‍ വിജയിക്കാന്‍ സാധ്യതയുള്ള ഒരു കാര്യം ചെയ്യാനാണ് ചുറ്റുമുളളവര്‍ നമ്മളെ പ്രേരിപ്പിക്കുക. എല്ലാവര്‍ക്കും മള്‍ട്ടിടാലന്റഡ് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. പക്ഷേ അധികമാരും ഒന്നിലധികം കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കില്ല.

മുമ്പ് അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ അത് മാത്രം ചെയ്യൂ എന്നും അവിടെ നിന്ന് തിരക്കഥ എഴുതാനും നായകനാവാനും സീരിസ് ചെയ്യാനുമൊക്കെ നോക്കിയപ്പോഴും എന്തിനാണ് ഇങ്ങനെയൊക്കെ ശ്രമിക്കുന്നത്, കോമഡി റോളുകള്‍ മാത്രം ചെയ്ത് വിജയിക്കൂ എന്നുമൊക്കെ ഉപദേശിച്ചവരുണ്ട്. പലപ്പോഴും ഈ ഒരു ചട്ടക്കൂടിന് പുറത്തേക്ക് വരാന്‍ ശ്രമിക്കുമ്പോള്‍ നാട്ടുകാര്‍ എന്ത് വിചാരിക്കും, നാട്ടുകാരെ എങ്ങനെ ബോധ്യപ്പെടുത്തും എന്നാണ് ആളുകള്‍ ചിന്തിക്കാറുള്ളത്.

ചെടിക്ക് എവിടെ നിന്നാണോ വെളിച്ചം വരുന്നത് അവിടേക്ക് ചെടി വളരും. സിനിമ മാത്രമല്ല നമ്മുടെ മാര്‍ഗം എന്ന് തിരിച്ചറിഞ്ഞപ്പോള്‍ മുതലാണ് ഞാന്‍ മറ്റുള്ള കാര്യങ്ങളും ചെയ്ത് തുടങ്ങിയത്. നമ്മളെ പൂട്ടിയിടാന്‍ ആര്‍ക്കും സാധിക്കില്ല. എതിര്‍പ്പുകള്‍ ഉയരുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ കൂടുതല്‍ ഭംഗിയില്‍ ചെയ്യാനാണ് ശ്രമിക്കാറുള്ളത്.

എന്നും അണ്‍പ്രെഡിക്ടബിള്‍, പക്ഷേ 'പണി പാളാറില്ല'; നീരജ് മാധവന്‍ അഭിമുഖം
'ഹിപ്‌ഹോപ് ഗാനങ്ങള്‍ ചെയ്യുന്നത് എന്റെ സന്തോഷത്തിനുവേണ്ടി'; ഓഫ്‌റോ അഭിമുഖം

ആര്‍ഡിഎക്‌സ് നിര്‍ണായക സിനിമ

നമ്മള്‍ റാപ്പ് ഇറക്കി, വെബ്‌സീരിസ് ചെയ്തു എന്നൊക്കെ പറഞ്ഞാലും ഒരു സോഷ്യല്‍ പ്രഷറുണ്ട്. അവനെ സിനിമയില്‍ കാണുന്നില്ലല്ലോ, ഫീല്‍ഡ് നിന്ന് പുറത്തായോ എന്നൊക്കെ ചോദിച്ചുകൊണ്ട്. അപ്പോഴാണ് ആര്‍ഡിഎക്‌സ് വരുന്നത്. സീനുകള്‍ കുറവാണെങ്കിലും ആര്‍ഡിഎക്‌സിലേത് മികച്ച ഇംപാക്ട് ഉണ്ടാക്കുന്ന കഥാപാത്രമാണെന്ന് കഥ പറയുമ്പോള്‍ നഹാസ് പറയുന്നുണ്ടായിരുന്നു.

സീനുകളുടെ എണ്ണത്തിനെക്കാള്‍ ഞാന്‍ വിശ്വസിക്കുന്നത് നമുക്ക് എന്തെങ്കിലും ചെയ്യാനുള്ള കാര്യങ്ങള്‍ ആ ചിത്രത്തില്‍ ഉണ്ടോ എന്നതാണ്. അത്തരത്തില്‍ മികച്ച ഒരു സിനിമയായിരുന്നു അത്. എത്ര സീരിസ് ചെയ്താലും അത് അറിയാത്ത സീരിസിന്റെ പ്രേക്ഷകരല്ലാത്ത ഒരു വലിയ കൂട്ടം നമുക്ക് ചുറ്റുമുണ്ട്. അതുകൊണ്ടുതന്നെ ആ ചിത്രം എനിക്ക് നിര്‍ണായകമായിരുന്നു.

എന്നെ ഇപ്പോഴും 'നാരായണന്‍കുട്ടിയായും, സോപ്പ് പെട്ടിയില്‍ ക്യാമറവെക്കുന്ന പയ്യനായും ജോര്‍ജു കുട്ടിയുടെ സഹായിയായും' മാത്രം അറിയുന്ന ആളുകള്‍ ഉണ്ടായിരുന്നു അവര്‍ക്ക് മുന്നില്‍ ശരിക്കും ഒരു റീഇന്‍വെന്റ് ആയിരുന്നു ആര്‍ഡിഎക്‌സിലെ കഥാപാത്രം. എനിക്ക് അതില്‍ ഒരുപാട് ചെയ്യാനുണ്ടെന്ന് അറിയായിരുന്നു. ബാബു ആന്റണി ചേട്ടന്റെ മകനായിട്ടാണ് ഞാന്‍ അഭിനയിച്ചത്. നഞ്ചക്കിന്റെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന പറയാവുന്ന ആളാണ് ബാബു ചേട്ടന്‍. ആ ആളുടെ മകനായി ചെയ്യുമ്പോള്‍ നമ്മളും അതിന് പൂര്‍ണമായി തയ്യാറാവണം. അങ്ങനെയാണ് നഞ്ചക്ക് പഠിക്കുന്നത്. പിന്നെ പെപ്പെയുടെ ഒക്കെ നല്ല കിണ്ണം കാച്ചിയ ഇടി ഇടിക്കുന്ന ശരീരപ്രകൃതി ഉള്ള ആളാണ്. അപ്പോള്‍ അതിന് മുന്നില്‍ നമ്മുടെ ഫിസികും വിശ്വസനീയമാക്കി വെക്കണമായിരുന്നു.

പുതിയ പദ്ധതികള്‍

എന്റെ കരിയറില്‍ ഏറ്റവും ആസ്വദിക്കുന്നത് ലൈവ് പെര്‍ഫോം ചെയ്യുമ്പോഴാണ്. അത് ഞാന്‍ നന്നായി ആസ്വദിക്കാറുണ്ട്. ഈ വര്‍ഷം ചില ലൈവ് പെര്‍ഫോമന്‍സ് ചെയ്യണം. കൂടെ ഒരു ആല്‍ബം ടൂര്‍ വിവിധ രാജ്യങ്ങളിലൂടെ പ്ലാന്‍ ചെയ്യുന്നുണ്ട്. അത് ഈ വര്‍ഷം ഉണ്ടാവും. പേരെടുത്ത് പറയുന്നില്ല. മറ്റു ചില റാപ്പര്‍മാരും പടക്കുതിരയിലും ഈ ആല്‍ബത്തിലുമായി ഞാന്‍ ഫീച്ചര്‍ ചെയ്യുന്നുണ്ട്.

ഹിന്ദിയില്‍ ഷോ ടൈം എന്ന പേരില്‍ കരണ്‍ജോഹര്‍ അവതരിപ്പിക്കുന്ന ഒരു സീരിസ് ചെയ്യുന്നുണ്ട്. മലയാളത്തില്‍ വാശി എന്ന സിനിമയുടെ സംവിധായകന്‍ വിഷ്ണു ചെയ്യുന്ന ഒരു റോം-കോം സീരിസുമുണ്ട്. ഇത് രണ്ടും ഹോട്ട്സ്റ്റാറിന് വേണ്ടിയാണ്. മലയാളത്തിലെ എന്റെ ആദ്യത്തെ സീരിസാണ് ഇത്.

പിന്നെ വിനീത് ഏട്ടന്‍ (വിനീത് ശ്രീനിവാസന്‍) ചെയ്യുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തില്‍ ഒരു കാമിയോ റോളില്‍ ഞാന്‍ എത്തുന്നുണ്ട്. ഇതൊക്കെയാണ് ഭാവി പദ്ധതികള്‍.

logo
The Fourth
www.thefourthnews.in