കാക്ക കുളിച്ചാല്‍ കൊക്കാകുമോയെന്നായിരുന്നു ചോദിച്ചത്, പക്ഷെ പടം 100 ദിവസം ഓടി;  റിവ്യു വിവാദത്തില്‍ ജഗദീഷ്

കാക്ക കുളിച്ചാല്‍ കൊക്കാകുമോയെന്നായിരുന്നു ചോദിച്ചത്, പക്ഷെ പടം 100 ദിവസം ഓടി; റിവ്യു വിവാദത്തില്‍ ജഗദീഷ്

മോഹന്‍ലാലിനെ പോലൊരു നായകന്‍ ചെയ്യേണ്ടിയിരുന്ന വേഷം എന്ത് അടിസ്ഥാനത്തിലാണ് ജഗദീഷ് ചെയ്തത് എന്നായിരുന്നു ആ റിവ്യു എന്നും ജഗദീഷ് പറഞ്ഞു

സിനിമ റിവ്യുകള്‍ സിനിമയെ തകര്‍ക്കുന്നുവെന്ന വാദത്തിനിടയ്ക്ക് തന്റെ അനുഭവം പറഞ്ഞ് നടന്‍ ജഗദീഷ്. ഇപ്പോഴുള്ള റിവ്യുകളെക്കാള്‍ ഭീകരമായിരുന്നു പണ്ടത്തെ റിവ്യുകളെന്നും തന്റെ സൂപ്പര്‍ഹിറ്റ് ചിത്രത്തിനെക്കുറിച്ചും തന്നെക്കുറിച്ചും എഴുതിയത് അതിഭീകരമായിരുന്നെന്നും ജഗദീഷ് പറഞ്ഞു. 'ഫാലിമി' എന്ന ചിത്രത്തിന്റെ പ്രെമോഷനുമായി ബന്ധപ്പെട്ട് മീഡിയവണിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജഗദീഷിന്റെ അഭിപ്രായപ്രകടനം.

റിവ്യു എന്നത് അവകാശമാണെന്നും അതിനെ ഉള്‍ക്കൊള്ളാന്‍ അഭിനേതാക്കള്‍ തയ്യാറായിരിക്കണമെന്നും ജഗദീഷ് പറഞ്ഞു. 'വര്‍ഷങ്ങള്‍ക്ക് മുമ്പ കലാകൗമുദി വാരികയില്‍ എസ് ജയചന്ദ്രന്‍ നായര്‍ സാര്‍ സിനിമാ റിവ്യു എഴുതുമായിരുന്നു. അന്ന് 'വെല്‍ക്കം ടു കൊടൈക്കനാല്‍' എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ റിവ്യു എഴുതിയിരുന്നു. 'വെല്‍ക്കം ടു കൊടൈക്കനാല്‍' എന്നെഴുതിയിട്ട് താഴെ എഴുതിയയത് 'കാക്ക കുളിച്ചാല്‍ കൊക്കാകുമോ' എന്നായിരുന്നു, മോഹന്‍ലാലിനെ പോലൊരു നായകന്‍ ചെയ്യേണ്ടിയിരുന്ന വേഷം എന്ത് അടിസ്ഥാനത്തിലാണ് ജഗദീഷ് ചെയ്തത് എന്നായിരുന്നു ആ റിവ്യു എന്നും ജഗദീഷ് പറഞ്ഞു.

കാക്ക കുളിച്ചാല്‍ കൊക്കാകുമോയെന്നായിരുന്നു ചോദിച്ചത്, പക്ഷെ പടം 100 ദിവസം ഓടി;  റിവ്യു വിവാദത്തില്‍ ജഗദീഷ്
'പ്രചരിക്കുന്ന വാർത്തകള്‍ തെറ്റ്;' ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിലെ 'നായക' ചര്‍ച്ചയില്‍ ദേവദത്ത് ഷാജി

അതില്‍ താന്‍ തളര്‍ന്നില്ലെന്നും ജയചന്ദ്രന്‍ നായര്‍ സാറിന് തന്നോട് യാതൊരു വ്യക്തി വിദ്വേഷവുമില്ലെന്നും ജഗദീഷ് പറഞ്ഞു. പിന്നീട് തന്റെ നാടകത്തിലെ അഭിനയത്തിനെക്കുറിച്ചും ജയചന്ദ്രന്‍ നായര്‍ എഴുതിയിരുന്നെന്നും ജഗദീഷ് പറഞ്ഞു.

ജി ശങ്കരപ്പിള്ളയുടെ സംവിധാനത്തില്‍ സാകേതം എന്ന നാടകത്തില്‍ ലക്ഷമണനായിട്ടായിരുന്നു അഭിനയിച്ചത്. താന്‍ നന്നായി അഭിനയിച്ചെന്നായിരുന്നു വിശ്വസിച്ചിരുന്നതെന്നും എന്നാല്‍ ജ്യേഷ്ഠനെ കാട്ടിലേക്ക് അയച്ചതില്‍ കുപിതനായി വരുന്ന ജഗദീഷ് കുമാറിന്റെ ലക്ഷ്മണന്‍ മടലുമായി വരുന്ന തമിഴ് സിനിമയിലെ സ്റ്റണ്ട് നായകന്മാരെ അനുസ്മരിപ്പിച്ചു എന്നായിരുന്നു റിവ്യുവെന്നും ജഗദീഷ് പറയുന്നു. അന്ന് ജി ശങ്കരപ്പിള്ള സാര്‍ നല്‍കിയ ഉപദേശമുണ്ട്. റിവ്യൂസ് അങ്ങനെയൊക്കെ വരും, ജഗദീഷിന്റെ അഭിനയത്തിന് എല്ലാവരും ഓക്കെ അടിച്ചിട്ടില്ലെന്ന്. അപ്പോള്‍ മെച്ചപ്പെടാന്‍ ശ്രമിക്കണം എന്നായിരുന്നുവതെന്നും താനത് ഉള്‍ക്കൊണ്ടെന്നും ജഗദീഷ് പറയുന്നു.

കാക്ക കുളിച്ചാല്‍ കൊക്കാകുമോയെന്നായിരുന്നു ചോദിച്ചത്, പക്ഷെ പടം 100 ദിവസം ഓടി;  റിവ്യു വിവാദത്തില്‍ ജഗദീഷ്
ട്രെന്‍ഡിനൊപ്പം ലിസ്റ്റിനും; 'ഗരുഡന്‍' സംവിധായകന്‍ അരുണ്‍ വർമയ്ക്ക് കിയാ സെൽട്ടോസ് സമ്മാനം

റിവ്യുകളില്‍ നമ്മള്‍ തളരാന്‍ പാടില്ല. ഒരാള്‍ പറയും എക്സലന്റ് ജോബ് എന്ന്. വേറൊരാള്‍ പറയും എന്തോന്ന് ആക്ടിംഗ്, പരമ ബോര്‍ എന്ന്. അത് രണ്ടും ഒരുപോലെ സ്വീകരിക്കാന്‍ പറ്റണം. റിവ്യു അവകാശമാണ്. മോശം പറഞ്ഞാല്‍ എന്റെ ഭാഗത്തു നിന്നും എന്തോ തെറ്റ് സംഭവിച്ചിട്ടുണ്ട് അതുകൊണ്ടാകുമെന്ന് ഞാന്‍ ആലോചിക്കുമെന്നും ജഗദീഷ് പറഞ്ഞു.

'വെല്‍ക്കം ടു കൊടൈക്കനാല്‍' നൂറ് ദിവസം ഓടിയ സൂപ്പര്‍ ഹിറ്റ് സിനിമയാണ്. അതിനും അങ്ങനെയുള്ള റിവ്യു വന്നിട്ടുണ്ട്. ഞാനതില്‍ തളര്‍ന്നിട്ടില്ല. അദ്ദേഹത്തിന് അത് പറയാന്‍ പറ്റും. അദ്ദേഹം നല്ല വിമര്‍ശകനാണ്. നല്ല സിനിമയ്ക്കായി നിലനില്‍ക്കുന്ന ആളാണ്. അദ്ദേഹത്തിന് തോന്നി, എഴുതി. സാഹിത്യത്തിലും റിവ്യു ഉണ്ടായിരുന്നെും ജഗദീഷ് ചൂണ്ടിക്കാട്ടി.

സാഹിത്യവാരഫലം എന്ന പക്തിയില്‍ ഒരു ചെറുകഥയുടെ റിവ്യുവില്‍ എം കൃഷ്ണന്‍ നായര്‍ എഴുതിയത് ''ഇത് എഴുതിയ ആള്‍ക്ക് വല്ല വാഴകൃഷിക്കും പോയിക്കൂടെ'' എന്നായിരുന്നെന്നും ജഗദീഷ് പറഞ്ഞു. വിമര്‍ശനം എല്ലാ കാലത്തുമുണ്ടെന്നും അതില്‍ അസഹിഷ്ണുത പാടില്ലെന്നും ജഗദീഷ് പറഞ്ഞു.

നിര്‍മ്മാതാക്കള്‍ പറയുന്നത് അവരുടെ കൊമേഷ്യല്‍ ആംഗിളില്‍ ചിന്തിക്കുമ്പോള്‍ ശരിയായിരിക്കും. പക്ഷെ വിമര്‍ശനത്തെ നേരിടാന്‍ നമ്മള്‍ തയ്യാറായിരിക്കണം. കലാ രൂപത്തെ വിമര്‍ശിക്കാം. വ്യക്തിപരമായ ആക്രമത്തിലേക്ക് കടക്കാതെ കലാപരമായി വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം ഒരു വിമര്‍ശകനുണ്ട്. റിവ്യുവേഴ്സും ഈ വ്യവസായത്തിന്റെ ഭാഗമാണെന്നും ജഗദീഷ് അഭിമുഖത്തില്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in