'പത്തൊമ്പതാം നൂറ്റാണ്ട് ചവറ് സിനിമയെന്ന് പറഞ്ഞു'; രഞ്ജിത്തിനെതിരായ നേമം പുഷ്പരാജിന്റെ ശബ്ദരേഖ പുറത്ത്

'പത്തൊമ്പതാം നൂറ്റാണ്ട് ചവറ് സിനിമയെന്ന് പറഞ്ഞു'; രഞ്ജിത്തിനെതിരായ നേമം പുഷ്പരാജിന്റെ ശബ്ദരേഖ പുറത്ത്

വിനയന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയ്ക്കൊപ്പം സമര്‍പ്പിച്ച ശബ്ദരേഖയാണ് പുറത്തുവന്നത്

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ ഇടപെടൽ തുറന്നുപറയുന്ന ജൂറി അംഗം നേമം പുഷ്പരാജിന്റെ ശബ്ദരേഖ പുറത്ത്. സംവിധായകൻ വിനയനുമായി നേമം പുഷ്പരാജ് സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. വിനയൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിക്കൊപ്പം സമർപ്പിച്ചതാണ് ഈ ശബ്ദരേഖ. രഞ്ജിത്ത് അനാവശ്യ ഇടപെടൽ നടത്തിയെന്ന ഗുരുതര ആരോപണങ്ങളാണ് നേമം ഉന്നയിക്കുന്നത്.

പത്തൊമ്പതാം നൂറ്റാണ്ടുപോലുള്ള ചവറ് സിനിമകളൊക്കെ തിരഞ്ഞെടുത്ത് ഫൈനല്‍ ജൂറിക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് രഞ്ജിത്ത് പറഞ്ഞതായി നേമം പുഷ്പരാജ് വിനയനോട് പറയുന്നു. ആർ‌ട്ട് ഡയറക്ഷൻ, മേക്കപ്പ്, കോസ്റ്റ്യൂം, കൊറിയോ​ഗ്രാഫി എന്നിങ്ങനെ നിരവധികാര്യങ്ങൾ പരിഗണിക്കാവുന്നതാണെന്ന് താൻ മറുപടി പറഞ്ഞിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. മറ്റ് ജൂറി അംഗങ്ങൾ അടുത്തുള്ളപ്പോഴാണ് അക്കാര്യം പറഞ്ഞതെന്നും വിനയനോട് വിശദീകരിക്കുന്നു.

'' സംഗീത സംവിധാനത്തിനും മികച്ച ഗായികയ്ക്കും ഡബ്ബിങ്ങിനുമുള്ള മൂന്ന് അവാര്‍ഡ് പത്തൊന്‍പതാം നൂറ്റാണ്ടിന് ലഭിച്ചു എന്ന് മനസിലായപ്പോള്‍, തീരുമാനമെടുത്ത് റൂമിലേക്ക് മടങ്ങിയ ജൂറി അംഗങ്ങളെ രഞ്ജിത്ത് തിരികെ വിളിച്ച് അവര്‍ഡ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. അപ്പോഴാണ് രഞ്ജിത്തിന്റെ രോഗം പിടികിട്ടുന്നതും, ഇത് രഞ്ജിത്തിന്റെ കളിയാണന്ന് മനസിലാകുന്നതും'' - നേമം പറയുന്നു. അവിടെവച്ച് തന്നെ നമ്മള്‍ എടുത്ത തീരുമാനം ശരിയാണെന്നും അതിൽ ഉറച്ചുനിൽക്കാമെന്നും മറ്റ് ജൂറി അംഗങ്ങളോട് പറഞ്ഞതായും നേമം പുഷ്പരാജ് വ്യക്തമാക്കുന്നുണ്ട്.

'പത്തൊമ്പതാം നൂറ്റാണ്ട് ചവറ് സിനിമയെന്ന് പറഞ്ഞു'; രഞ്ജിത്തിനെതിരായ നേമം പുഷ്പരാജിന്റെ ശബ്ദരേഖ പുറത്ത്
പുരസ്കാര വിവാദം: രഞ്ജിത്ത് ഇടപെട്ടോയെന്ന് പരിശോധിക്കാൻ സർക്കാർ; മുഖ്യമന്ത്രിയുടെ നിർദേശം വിനയന്റെ പരാതിയിൽ

'' ഗൗതം ഘോഷ് തിരിച്ച് വന്ന് സംഗീതത്തിന് പുരസ്‌കാരം നല്‍കിയത് ഒന്നുകൂടെ പുനഃപരിശോധിക്കണമെന്ന അഭിപ്രായം വന്നിട്ടുണ്ട് എന്ന് പറഞ്ഞു. സമയമെടുത്ത് വിലയിരുത്തിയില്ല എന്നൊരു അഭിപ്രായമുണ്ടെന്നും പറഞ്ഞു. ഇവരുടെ കളി ശരിയല്ലെന്ന് മനസിലായതുകൊണ്ട് ഞാന്‍ അതില്‍ ഇടപെട്ടു. നമ്മള്‍ എല്ലാവരുംകൂടെ എടുത്ത തീരുമാനമാണല്ലോ, നിങ്ങള്‍ക്ക് അതില്‍ പ്രശ്‌നമെന്താ എന്ന് ചോദിച്ചു. ഒന്നുകൂടി ഒന്ന് ആലോചിച്ച് കുറച്ചുകൂടെ നല്ലതുണ്ടെങ്കില്‍ അത് തിരഞ്ഞെടുക്കാമല്ലോ എന്ന് വിചാരിച്ചാണ് പറഞ്ഞതെന്ന് ഹരി മറുപടി പറഞ്ഞു. മാറി ചിന്തിക്കേണ്ട കാര്യമെന്താണെന്ന് ചോദിച്ചതോടു കൂടി ഗൗതംഘോഷ് അത് തന്നെയങ്ങ് തീരുമാനിക്കാം എന്ന് പറഞ്ഞു. അങ്ങനെയാണ് ആ അവാര്‍ഡുകള്‍ ലഭിച്ചത്. അല്ലെങ്കില്‍ അതും നഷ്ടമായേനെ'' - അദ്ദേഹം ഓഡിയോയിൽ പറയുന്നു.

'പത്തൊമ്പതാം നൂറ്റാണ്ട് ചവറ് സിനിമയെന്ന് പറഞ്ഞു'; രഞ്ജിത്തിനെതിരായ നേമം പുഷ്പരാജിന്റെ ശബ്ദരേഖ പുറത്ത്
'ആരോപണങ്ങളോട് പ്രതികരിക്കാൻ ഉദ്ദേശിക്കുന്നില്ല, കൊള്ളാവുന്ന പണികൾ ചെയ്യാനുണ്ട്; ചലച്ചിത്രപുരസ്കാര വിവാദത്തിൽ രഞ്ജിത്ത്

''ഇയാളെപ്പോലെ ഒരാള്‍ ഒരു സ്ഥാനത്ത് ഇരുന്നുകഴിഞ്ഞാല്‍ അയാൾക്ക് വ്യക്തി വിരോധമുള്ള ആളുകള്‍ക്ക് നീതി കിട്ടില്ല. ഇവനൊക്കെ ഈ കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ കീഴിലാണല്ലോ ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്നാതിലാണ് ആശങ്ക തോന്നിപ്പോകുന്നത്. രഞ്ജിത്തിന്റെ ആദ്യ ഇടപെടൽതന്നെ മന്ത്രിയുടെ ഓഫീസില്‍ വിളിച്ച് പറഞ്ഞു. അതിന് ശേഷം രഞ്ജിത്ത് അവിടെ വന്നില്ല'' - നേമം പറയുന്നു.

വിനയന്റെ പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്‌കാരിക വകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. വിനയന്‍ നല്‍കിയ തെളിവിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്, ജൂറി അംഗം നേമം പുഷ്പരാജിനോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമാണ് പരാതി അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതെന്നാണ് സൂചന.

'പത്തൊമ്പതാം നൂറ്റാണ്ട് ചവറ് സിനിമയെന്ന് പറഞ്ഞു'; രഞ്ജിത്തിനെതിരായ നേമം പുഷ്പരാജിന്റെ ശബ്ദരേഖ പുറത്ത്
20 വർഷമായി സിനിമ കാണാറില്ല, പുതിയ സിനികൾക്ക് അർത്ഥമോ സന്ദേശമോ ഇല്ല: സിനിമ-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ

ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടെന്നും ജൂറി അംഗങ്ങളെ സമ്മര്‍ദ്ദത്തിലാക്കി പല പുരസ്‌കാരങ്ങളും മാറ്റിയെന്നുമാണ് ആരോപണം. ചട്ടം ലംഘിച്ച് പുരസ്‌കാര നിര്‍ണയത്തില്‍ ഇടപെട്ട രഞ്ജിത്തിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് വിനയന്‍ മുഖ്യമന്ത്രിക്കും സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയത്.

logo
The Fourth
www.thefourthnews.in