'ലോകോത്തര ചലച്ചിത്രകാരന്മാരില്‍ ഒരാളാണ് എന്റെ ആശാനെന്ന്  അഭിമാനത്തോടെ ഓര്‍ക്കും'; കെ ജി ജോർജിനെ അനുസ്മരിച്ച് ലിജോ

'ലോകോത്തര ചലച്ചിത്രകാരന്മാരില്‍ ഒരാളാണ് എന്റെ ആശാനെന്ന് അഭിമാനത്തോടെ ഓര്‍ക്കും'; കെ ജി ജോർജിനെ അനുസ്മരിച്ച് ലിജോ

ആദ്യം കാണുമ്പോള്‍ സ്വപ്നാടകനായ ഒരു ചെറുപ്പക്കാരന്റെ മനസിന്റെ ചുരുളുകള്‍ക്കിടയില്‍ എന്തോ തിരയുകയായിരുന്നു അയാള്‍

കഴിഞ്ഞ ദിവസം അന്തരിച്ച മലയാളത്തിലെ ഇതിഹാസ സംവിധായകന്‍ കെജി ജോര്‍ജിനെ അനുസ്മരിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയുള്ളിടത്തോളം കാലം കെജി ജോര്‍ജിന്റെ ചിരിയിവിടെയുണ്ടാകമെന്ന് അദ്ദേഹം പറഞ്ഞു. അത് കേള്‍ക്കുമ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രകാരന്മാരില്‍ ഒരാള്‍ മലയാളത്തിന്റെ കെ ജി ജോര്‍ജ് ആണെന്നും, അദ്ദേഹമാണ് തന്റെ ആശാനെന്നും അഭിമാനത്തോടെ ഓര്‍ക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

''സിനിമക്കുള്ളിലെ എല്ലാം തകിടം മറിച്ചിട്ട ഒരു കൂട്ടം കഥാപാത്രങ്ങള്‍ ആ കഥ കവിഞ്ഞൊഴുകി. ചിന്തയുടെ നാലാമത്തെ ചുവര് തകര്‍ത്ത് പുറത്തേക്കോടിയ കഥാപാത്രങ്ങളുടെ വിപ്ലവം കണ്ട് മത്തു പിടിച്ച മലയാള നവതരംഗത്തിന്റെ പിതാവ് തന്റെ ഫ്രഞ്ച് ഊശാന്താടിയില്‍ വിരലോടിച്ച ശേഷം ആര്‍ത്തട്ടഹസിച്ചു. ആദ്യം കാണുമ്പോള്‍ സ്വപ്നാടകനായ ഒരു ചെറുപ്പക്കാരന്റെ മനസിന്റെ ചുരുളുകള്‍ക്കിടയില്‍ എന്തോ തിരയുകയായിരുന്നു അയാള്‍.

പിന്നീട് പുതുതായി പണിത ഐരാവതക്കുഴി പഞ്ചായത്തിലെ പാലം തകര്‍ന്നപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍, ഭാവന തീയേറ്റേഴ്‌സില്‍ നിന്നും കാണാതായ തബലിസ്റ്റ് അയ്യപ്പന്റെ കേസന്വേഷിക്കാന്‍ വന്ന പോലീസുകാര്‍ക്കിടയില്‍,

'ലോകോത്തര ചലച്ചിത്രകാരന്മാരില്‍ ഒരാളാണ് എന്റെ ആശാനെന്ന്  അഭിമാനത്തോടെ ഓര്‍ക്കും'; കെ ജി ജോർജിനെ അനുസ്മരിച്ച് ലിജോ
പ്രശസ്ത സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു

ഭാര്യ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയ അപമാനത്തില്‍ ആത്മഹത്യ ചെയ്ത ഒരാളുടെ പ്രേതമടിഞ്ഞ കടല്‍ക്കരയില്‍, സര്‍ക്കസ് കൂടാരത്തിനുള്ളിലെ ആരവങ്ങള്‍ക്കിടയില്‍ തല കുനിച്ചു നിന്ന ഒരു കുള്ളന് പുറകില്‍, കോടമ്പാക്കത്തെ തിരക്കില്‍ അലിഞ്ഞില്ലാതായ ലേഖ എന്ന സിനിമാ നടിയുടെ ഫ്‌ളാഷ് ബാക്കിലെ ഇരുട്ടിടനാഴിയില്‍, കടത്തു കടന്നു ചെല്ലുന്ന ഒരു ഗ്രാമത്തിലെ മനുഷ്യക്കോലങ്ങളിരുന്ന നാടന്‍ കള്ളുഷാപ്പിലെ മദ്യപര്‍ക്കിടയില്‍. റബ്ബര്‍ പാലിന് നിറം ചുവപ്പാണെന്ന് പറഞ്ഞലറി വിളിച്ച ഒരു ചെറുപ്പക്കാരന്റെ കടും നിറമുള്ള കണ്ണില്‍.

അങ്ങിനെ അങ്ങിനെ ഒരുപാടിടങ്ങളില്‍ ആ ചിരിയുണ്ടായിരുന്നു... സിനിമയുള്ളിടത്തോളം കാലമത്രയും ആ ഊശാന്താടിക്കാരന്‍ സംവിധായകന്റെ ചിരിയിവിടെ തന്നെയുണ്ടാകും. അത് കേള്‍ക്കുമ്പോള്‍ ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രകാരന്മാരില്‍ ഒരാള്‍ മലയാളത്തിന്റെ കെജി ജോര്‍ജ് ആണെന്നും, അദ്ദേഹമാണ് എന്റെ ആശാന്‍ എന്നും ഞാന്‍ അഭിമാനത്തോടെ ഓര്‍ക്കും''- ലിജോ അനുസ്മരിച്ചു.

'ലോകോത്തര ചലച്ചിത്രകാരന്മാരില്‍ ഒരാളാണ് എന്റെ ആശാനെന്ന്  അഭിമാനത്തോടെ ഓര്‍ക്കും'; കെ ജി ജോർജിനെ അനുസ്മരിച്ച് ലിജോ
കെ ജി ജോർജ് - എം ബി എസ്; ചരിത്രം സൃഷ്ടിച്ച കൂട്ടുകെട്ട്

കഴിഞ്ഞ ദിവസം കൊച്ചിയിലെ കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍ വെച്ചാണ് കെ ജി ജോര്‍ജ് (77) അന്തരിച്ചത്. ഇതിഹാസ തുല്യമായ ഒരുപിടി ചലച്ചിത്രങ്ങളാല്‍ മലയാളികളുടെ മനസ്സുകളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ് കുളക്കാട്ടില്‍ ഗിവര്‍ഗീസ് ജോര്‍ജ് എന്ന കെജി ജോര്‍ജ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി ഒരു ചിത്രം പോലും സംവിധാനം ചെയ്തിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ സിനിമകള്‍ എന്നും പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നവയാണ്. പഞ്ചവടിപ്പാലം, യവനിക തുടങ്ങിയ സിനിമകള്‍ ഇന്നും കേരളത്തില്‍ സജീവ ചര്‍ച്ചയാകുന്ന സിനിമകളാണ്. നാളെ രാവിലെ 11 മുതല്‍ വൈകിട്ട് 4 വരെ എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും.

logo
The Fourth
www.thefourthnews.in